പോട്ട ബാങ്ക് കവർച്ച: അന്വേഷണം ഊർജിതമാക്കി പൊലീസ്

bank robbery
വെബ് ഡെസ്ക്

Published on Feb 16, 2025, 10:04 AM | 2 min read

ചാലക്കുടി: പൊട്ട ബാങ്ക് കവർച്ചാ കേസിൽ മോഷ്ടാവിനെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കി പൊലീസ്. മോഷ്ടാവ് ബാങ്കിലെത്തിയ സ്കൂട്ടർ തിരിച്ചറിയാൻ ശ്രമം നടക്കുന്നുണ്ട്. ടിവിഎസ് എൻഡോർ​ഗ് സ്കൂട്ടറാണ് മോഷ്ടാവ് ഉപയോ​ഗിച്ചത് എന്നാണ് വിവരം. തൃശൂരിൽ ഈ സ്കൂട്ടർ ഉള്ളവരുടെ പേരു വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്.


തൃശൂരിൽ പട്ടാപ്പകലാണ് ബാങ്ക് കൊള്ള നടന്നത്. ഫെഡറൽ ബാങ്കിന്റെ പോട്ട ശാഖയിലായിരുന്നു മോഷണം നടന്നത്. ജീവനക്കാരെ ബന്ദിയാക്കിയ ശേഷമാണ് ബാങ്ക് കൊള്ളയടിച്ചത്. വെള്ളി പകൽ രണ്ടോടെയായിരുന്നു സംഭവം. കത്തിക്കാട്ടി ഭീഷണിപ്പെടുത്തി ജീവനക്കാരെ മുറിയിലിട്ട്‌ പൂട്ടിയാണ്‌ ക്യാഷ്‌ കൗണ്ടറിലെ പണം കവർന്നത്‌.


കൗണ്ടറിന്റെ ചില്ല് തകർത്താണ് പണം തട്ടിയത്. ചാലക്കുടി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. നഷ്ടപ്പെട്ട പണത്തിന്റെ കണക്ക് എടുത്തുകൊണ്ടിരിക്കുകയാണ്. മോഷ്ടാവിനെ പിടികൂടാൻ തൃശൂർ, എറണാകുളം ജില്ലകളിൽ വ്യാപക പരിശോധന നടക്കുകയാണ്.


പോട്ട ചെറുപുഷ്പ പള്ളിക്ക് എതിർ വശത്തുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ബാങ്കിലാണ് കവർച്ച നടന്നത്. ബൈക്കിൽ ഹെൽമെറ്റും ബാഗും ധരിച്ച് ബൈക്കിലാണ് മോഷ്ടാവ്‌ എത്തിയതെന്ന്‌ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്. കവർച്ച നടന്ന സമയത്ത്‌ ബാങ്കിനുള്ളിൽ രണ്ട്‌ ജീവനക്കാർ മാത്രമാണ്‌ ഉണ്ടായിരുന്നത്‌. മറ്റുള്ളവർ ഭക്ഷണം കഴിക്കാൻ പുറത്ത്‌ പോയിരിക്കുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാർ ഉണ്ടായിരുന്നില്ല.


ജീവനക്കാരെ മുറിയിൽ പൂട്ടിയിട്ട ശേഷം ക്യാഷ്‌ കൗണ്ടറിനുള്ളിൽ നിന്ന്‌ പണം എടുത്ത്‌ ബാഗിൽ നിറയ്‌ക്കുന്ന രംഗം ദൃശ്യങ്ങളിലുണ്ട്‌. തുടർന്ന്‌ പുറത്ത്‌ വന്ന്‌ സ്‌കൂട്ടറിൽ കയറി പോകുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്‌. 15 ലക്ഷം കവർന്നതായാണ്‌ വിവരം. ഉച്ചഭക്ഷണത്തിൻ്റെ സമയം നോക്കി ബാങ്കിൽ ആരുമില്ലെന്ന് ഉറപ്പ് വരുത്തി ആസൂത്രിതമായാണ് കവർച്ച നടത്തിയിട്ടുള്ളത്. മോഷ്ടാവിനായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. അന്വേഷണം നാട്ടുകാരെ കേന്ദ്രീകരിച്ചും നടത്തും എന്ന് അധികൃതർ അറിയിച്ചു.


പ്രതിക്കായി എറണാകുളം റൂറൽ - സിറ്റി പൊലീസ്‌ തിരച്ചിൽ ശക്തമാക്കി. ആലുവ, അങ്കമാലി റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന നടത്തി. റോഡിൽ പൊലീസിനെ പരിശോധനയ്‌ക്ക് നിയോഗിച്ചിട്ടുണ്ട്. ആലുവ, അങ്കമാലി കെഎസ്‌ആർടിസി സ്‌റ്റാൻഡിലും പരിശോധന നടന്നു. എറണാകുളം നോർത്ത്‌, സൗത്ത്‌ റെയിൽവേ സ്‌റ്റേഷനുകളിലും കെഎസ്‌ആർടിസി ബസ്‌സ്‌റ്റാൻഡിലും പൊലീസ്‌ പരിശോധന ശക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Home