കരിമരുന്നുപ്രയോഗം നേരത്തേ ഉപേക്ഷിച്ചു
ഇനി കരിയുമില്ല ; ഗുരുവചനമേറ്റെടുത്ത് പൂത്തോട്ട ശ്രീനാരായണ വല്ലഭ ക്ഷേത്രോത്സവം

കെ ആർ ബൈജു
Published on Feb 26, 2025, 01:14 AM | 1 min read
തൃപ്പൂണിത്തുറ : പൂത്തോട്ട ശ്രീനാരായണ വല്ലഭ ക്ഷേത്രത്തിലെ ഉത്സവ എഴുന്നള്ളിപ്പിന് ഇനിമുതൽ ആനയില്ല. പകരം ശിൽപ്പഭംഗിയോടെ തേക്കുതടിയിൽ നിർമിച്ച മൂന്നു രഥങ്ങൾ മേളത്തിനും ആഘോഷങ്ങൾക്കും മുന്നിൽ പ്രൗഢിയോടെ ഉത്സവത്തിടമ്പുകൾ എഴുന്നള്ളിക്കും. ആനയിടച്ചിലും അനിഷ്‌ടസംഭവങ്ങളും പതിവായ സാഹചര്യത്തിലാണ്, കരിയും (ആന) കരിമരുന്നും വേണ്ടെന്ന ഗുരുവചനം സാക്ഷാൽക്കരിക്കാൻ പൂത്തോട്ട 1103 നമ്പർ എസ്എൻഡിപി ശാഖ തീരുമാനിച്ചത്.
കരിമരുന്നുപ്രയോഗം നേരത്തേതന്നെ ഉപേക്ഷിച്ചിരുന്നു. ശ്രീനാരായണ ഗുരു 1893ൽ പ്രതിഷ്‌ഠ നടത്തിയ ക്ഷേത്രമാണിത്. കഴിഞ്ഞവർഷംവരെ മൂന്ന് ആനകളെ എഴുന്നള്ളിച്ചിരുന്നു. സമീപകാലത്ത് ആന ഇടയുന്നത് വർധിച്ചതോടെയാണ് ഇക്കാര്യത്തിൽ പുനരാലോചനയ്‌ക്ക് മുതിർന്നത്. അങ്ങനെ ആനയ്‌ക്കുപകരം രഥങ്ങൾ മതിയെന്ന തീരുമാനത്തിലെത്തി. മാർച്ച് രണ്ടുമുതൽ 15 വരെയാണ് ഉത്സവം.
രഥങ്ങളുടെ നിർമാണം അവസാനഘട്ടത്തിലാണ്. പ്രശസ്ത ശിൽപ്പി ഡാവിഞ്ചി സുരേഷിന്റെ സഹോദരൻ ഡാവിഞ്ചി ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിലാണ് നിർമാണം. കൊടുങ്ങല്ലൂരിലെ പണിശാലയിലായിരുന്നു ആദ്യഘട്ട ജോലികൾ. തുടർന്ന് പൂത്തോട്ടയിൽ എത്തിച്ച രഥങ്ങളുടെ അവസാന മിനുക്കുപണികൾ രണ്ടുദിവസത്തിനകം പൂർത്തിയാകും. പ്രധാന രഥത്തിന് 17 അടി ഉയരമുണ്ട്. മൂന്നു രഥങ്ങൾക്കുംകൂടി 59 ലക്ഷമാണ് നിർമാണച്ചെലവ്. കേടുപാടുകളില്ലാതെ നൂറുവർഷമെങ്കിലും ഉപയോഗിക്കാനാകുംവിധം മികവോടെയാണ് നിർമാണം. ഈ ക്ഷേത്രത്തിലെ ആവശ്യത്തിനുമാത്രമാണ് ഉപയോഗിക്കുക.
ഉത്സവത്തിന് കരിമരുന്നുപ്രയോഗം ഉൾപ്പെടെ ആഘോഷങ്ങൾ ഉപേക്ഷിച്ച്, ആ പണം ചെലവഴിച്ച് 14 നിർധനകുടുംബങ്ങൾക്ക് വീട് നിർമിച്ചുനൽകിയിരുന്നു. ലൈഫ് പദ്ധതിയിൽ ഗുണഭോക്താക്കളാകുന്ന ശാഖാംഗങ്ങൾക്ക് രണ്ടുലക്ഷം രൂപവീതം വീടുനിർമാണത്തിന് നൽകിവരുന്നതായും എസ്‌എൻഡിപി ശാഖാ പ്രസിഡന്റ് എ ഡി ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി കെ കെ അരുൺകാന്ത് എന്നിവർ പറഞ്ഞു.









0 comments