Deshabhimani

സംസ്ഥാനത്ത്‌ 6,500 
പുതിയ പോളിങ്‌ ബൂത്ത്‌

polling booth
വെബ് ഡെസ്ക്

Published on Jun 14, 2025, 01:42 AM | 1 min read


തിരുവനന്തപുരം

നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത്‌ 6,500 ഓളം പുതിയ പോളിങ്‌ ബൂത്തുകളുണ്ടാകും. ഓരോ ബൂത്തിലും പരമാവധി വോട്ടർമാരുടെ എണ്ണം 1500ൽ നിന്ന്‌ 1200 ആയി കുറയ്‌ക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷന്റെ നിർദേശത്തിന്റെ ഭാഗമായാണിതെന്ന്‌ മുഖ്യതെരഞ്ഞെടുപ്പ്‌ ഓഫീസർ ഡോ. രത്തൻ യു ഖേൽക്കർ പറഞ്ഞു. നിലവിൽ 25,468 ബൂത്താണുള്ളത്‌. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലും ഒരു ബൂത്തിലെ വോട്ടർമാരുടെ എണ്ണം 1,200 ആണ്‌. ഇതനുസരിച്ച്‌ 59 ബൂത്ത്‌ അധികമായി സജ്ജമാക്കുമെന്നും ഖേൽക്കർ പറഞ്ഞു. മാധ്യമങ്ങളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.


23 തെരഞ്ഞെടുപ്പ്‌ പരിഷ്‌കരണ നടപടി കമീഷൻ നിർദേശിച്ചിട്ടുണ്ട്‌. പോളിങ്‌ സ്‌റ്റേഷനിൽ എത്തുന്നവർക്ക്‌ മൊബൈൽ ഫോൺ സൂക്ഷിക്കാൻ പ്രത്യേക സൗകര്യം ഒരുക്കുമെന്ന്‌ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷൻ ഡെപ്യൂട്ടി ഡയറക്‌ടർ (മീഡിയ) പി പവൻ പറഞ്ഞു. നിലമ്പൂരും ഈ സംവിധാനം ഉണ്ടാകും. പോളിങ്‌ സ്‌റ്റേഷന്‌ പുറത്ത്‌ പെട്ടിയോ ബാഗോ സ്ഥാപിക്കും. വോട്ടർ സ്ലിപ്പ്‌ കൂടുതൽ സമ്മതിദായക സൗഹൃദമാക്കും. ഇലട്രോണിക്‌ വോട്ടിങ്‌ യന്ത്രം (ഇവിഎം) സംബന്ധിച്ച്‌ പൊതുജനങ്ങൾക്കിടയിലെ സംശയം മാറ്റാൻ ബോധവൽക്കരണം സംഘടിപ്പിക്കും. വോട്ടർ കാർഡ്‌ നമ്പർ ഇരട്ടിപ്പ്‌ പ്രശ്‌നം പരിഹരിച്ചു. ഓരോരുത്തർക്കും പ്രത്യേക നമ്പർ ഉള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്‌ നൽകാനുള്ള നടപടി ആരംഭിച്ചു. ബൂത്ത്‌തല ഏജന്റുമാർക്ക്‌ പരിശീലനം നൽകുമെന്നും പവൻ പറഞ്ഞു. ചടങ്ങിൽ അഡീഷണൽ ചീഫ്‌ ഇലക്‌ട്രൽ ഓഫീസർ സി ഷർമിളയും പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home