‘വിഷമിക്കേണ്ട, എന്തുണ്ടെങ്കിലും പരിഹരിക്കാം’; ജീവനൊടുക്കാനെത്തിയ യുവാവിന് രക്ഷകരായി പൊലീസ്

ആറ്റിങ്ങൽ: പ്രണയനൈരാശ്യം മൂലം ആത്മഹത്യയ്ക്ക് തുനിഞ്ഞ യുവാവിനെ ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റി കേരള പൊലീസ്. ബുധൻ രാത്രി ഒൻപതിന് ആറ്റിങ്ങൽ അയിലം പാലത്തിലാണ് സംഭവം. പോത്തൻകോട് സ്വദേശിയായ 23 കാരനാണ് ആത്മഹത്യാശ്രമം നടത്തിയത്.
അയിലം സ്വദേശിനിയുമായുള്ള പ്രണയ നൈരാശ്യം മൂലമാണ് യുവാവ് പാലത്തിൽനിന്ന് വാമനപുരം നദിയിലേക്ക് ചാടാൻ ശ്രമിച്ചത്. പ്രദേശവാസികൾ ആറ്റിങ്ങൽ പൊലീസ് കൺട്രോൾ റൂമിൽ വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ എസ്‌ഐ ജിഷ്ണു, എഎസ്ഐ മുരളീധരൻ പിള്ള എന്നിവർ യുവാവിനെ അനുനയിപ്പിച്ച് തിരികെ വിളിച്ചു.
ആദ്യമൊന്നും സഹകരിക്കാതിരുന്ന യുവാവിനെ അനുനയത്തോടെ സമീപിച്ചാണ് പൊലീസ് രക്ഷിച്ചത്. കയറിവരാനും, എന്ത് പ്രശ്നമുണ്ടെങ്കിലും പരിഹരിക്കാമെന്നും പൊലീസ് ഉദ്യോഗസ്ഥർ വാക്ക് നൽകി. തുടർന്ന് പാലത്തിൽനിന്നിറങ്ങിയ യുവാവ് പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം റോഡരികിൽ ഇരുന്നു. യുവാവിന് പറയാനുള്ളത് ക്ഷമയോട് കേട്ടും സമാധാനിപ്പിച്ചുമാണ് പൊലീസ് മടങ്ങിയത്. യുവാവിനെ രക്ഷിക്കുന്ന വീഡിയോ കേരള പൊലീസ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചു.








0 comments