പൊലീസുകാരന്‍ മരിച്ചത് നെഞ്ചിനേറ്റ പരിക്ക് മൂലം


സ്വന്തം ലേഖകൻ
Published on Feb 03, 2025, 05:50 PM | 1 min read
കോട്ടയം: കാരിത്താസ് ജങ്ഷനില്‍ പെട്ടിക്കടയ്ക്കു സമീപമുണ്ടായ സംഘര്‍ഷം തടയാന്‍ ശ്രമിച്ച പൊലീസുകാരന്‍ മരിച്ചത് നെഞ്ചിനേറ്റ പരിക്ക് മൂലം. നെഞ്ചിനേറ്റ ക്ഷതവും ഉള്ളിലെ രക്തസ്രാവവുമാണ് മരണകാരണം.
കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ സിപിഒ മാഞ്ഞൂര്‍ ചിറയില്‍ സി കെ ശ്യാംപ്രസാദാണ് (44) മരിച്ചത്. സംഭവത്തില്‍, നിരവധി ക്രിമിനല്‍ കേസിലെ പ്രതിയായ പെരുമ്പായിക്കാട് മാമൂട് ആനിക്കല്‍ ജിബിന്‍ ജോര്‍ജിനെ (28) പൊലീസ് അറസ്റ്റ് ചെയ്തു.
ഞായര്‍ രാത്രി 12ഓടെയായിരുന്നു സംഭവം. വെസ്റ്റ് സ്റ്റേഷനിലെ ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് പോകുകയായിരുന്നു ശ്യാംപ്രസാദ്. കാരിത്താസ് ജങ്ഷന് സമീപം സാലി ശശിധരന്‍ നടത്തുന്ന കടയില്‍ ശ്യാംപ്രസാദ് വണ്ടി നിര്‍ത്തി. ഈ സമയം ജിബിന്‍ സാലിയുമായി വഴക്കിടുകയായിരുന്നു.
ശ്യാംപ്രസാദ് പൊലീസാണെന്നും പ്രശ്നമുണ്ടാക്കിയാല്‍ പൊലീസിനെ വിളിച്ചുവരുത്തുമെന്നും സാലി പറഞ്ഞു. പ്രകോപിതനായ ജിബിന്‍ സാലിയെയും സഹോദനെയും മര്‍ദിച്ചു. പിടിച്ചുമാറ്റാന്‍ വന്ന ശ്യാംപ്രസാദിനെ മര്‍ദ്ദിച്ച് താഴെയിട്ട് നെഞ്ചില്‍ ചവിട്ടുകയായിരുന്നു.
മര്‍ദ്ദനമേറ്റിട്ടും എഴുന്നേറ്റ ശ്യാംപ്രസാദ് റോഡിലേക്കിറങ്ങി. പ്രദേശത്ത് കുമരകം എസ്എച്ച്ഒ കെ സിബിയുടെ നേതൃത്വത്തിലുള്ള സംഘം പട്രോളിങ് നടത്തുന്നുണ്ടായിരുന്നു. ഇവരുടെ ജീപ്പ് ശ്യാംപ്രസാദ് കൈകാണിച്ച് നിര്‍ത്തി. തുടര്‍ന്ന് പൊലീസ് പ്രതിയെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇതിനിടെ ശ്യാംപ്രസാദ് ജീപ്പില്‍ കുഴഞ്ഞുവീണു. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. വൈകിട്ട് സംസ്‌കാരം നടത്തി.
ഭാര്യ: അമ്പിളി. മക്കള്‍: ശ്രീലക്ഷ്മി (കോതനല്ലൂര്‍ ഇമ്മാനുവല്‍ എച്ച്എസ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി), ശ്രീഹരി (കോതനല്ലൂര്‍ ഇമ്മാനുവല്‍ എച്ച്എസ് ആറാം ക്ലാസ് വിദ്യാര്‍ഥി), സേതുലക്ഷ്മി (മാഞ്ഞൂര്‍ എല്‍പിഎസ് നാലാം ക്ലാസ് വിദ്യാര്‍ഥി).









0 comments