'തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി'; നടൻ കൃഷ്ണ കുമാറിനും കുടുംബത്തിനുമെതിരെ കേസ്

തിരുവനന്തപുരം: ബിജെപി നേതാവും നടനുമായ കൃഷ്ണ കുമാറിനും കുടുംബത്തിനുമെതിരെ തട്ടിക്കൊണ്ടുപോകലിന് കേസെടുത്ത് പൊലീസ്. കൃഷ്ണകുമാറിന്റെ മകൾ ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികളുടെ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. തട്ടിക്കൊണ്ടുപോയെന്നും ബലം പ്രയോഗിച്ച് പണം കൈക്കലാക്കിയെന്നുമാണ് പരാതിയിലുള്ളത്.
കവടിയാറിലെ ഒ ബൈ ഓസി എന്ന ദിയയുടെ സ്ഥാപനത്തിൽ ക്യൂആർ കോഡിൽ തിരിമറി നടത്തി ജീവനക്കാർ 69 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കൃഷ്ണകുമാർ നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. ജീവനക്കാർക്കെതിരെ കേസെടുക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് പുതിയ സംഭവം. തട്ടിക്കൊണ്ടുപോകൽ സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടെയുള്ളവ ചുമത്തിയാണ് ജി കൃഷ്ണകുമാറിനെതിരെ കേസെടുത്തിരിക്കുന്നത്.
പരാതി വ്യാജമാണെന്ന് കൃഷ്ണകുമാർ പറഞ്ഞു. ക്യുആർ കോഡ് മാറ്റി പൈസ എടുക്കുന്നതിന്റെ വീഡിയോ തെളിവ് സഹിതം തങ്ങൾ നൽകുമ്പോൾ മകൾക്കെതിരേ ഒരു തെളിവ് പോലും ജീവനക്കാർക്ക് നൽകാനായിട്ടില്ലെന്നും പണംതട്ടിച്ച സംഭവത്തിൽ മൂന്നു ജീവനക്കാരികൾ കുറ്റം സമ്മതിച്ച് എട്ടു ലക്ഷം രൂപ തിരിച്ചു നൽകിയെന്നും കൃഷ്ണകുമാർ പറഞ്ഞു.
'ദിയയുടെ കല്യാണം മുതലുള്ള എല്ലാ ചടങ്ങിലും കൂടെ നിന്നവരാണ് അവർ. അനിയത്തിമാരെ പോലെയാണ്, എന്റെ പിള്ളേരാണ് എന്നായിരുന്നു ദിയ പറഞ്ഞത്. ഒരിക്കൽ പോലും അവരെ സംശയിച്ചിരുന്നില്ല. അവർ നൽകിയത് കൗണ്ടർ കേസാണ്. പരാതിക്കാരുടെ പുറകിൽ ആരോ ഉണ്ട്. അവധി ദിവസങ്ങൾ നോക്കി കരുതിക്കൂട്ടിയാണ് ജാമ്യമില്ലാ വാറന്റ് പുറത്തിറക്കിയത്. പരാതിയെ ഗൗരവത്തിൽ കണ്ടതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ സമീപിച്ച് പരാതി നൽകിയത്. ഇന്ന് ഏറ്റവും കൂടുതൽ വിശ്വാസവും മുഖ്യമന്ത്രിയുടെ ഓഫീസിനെ തന്നെയാണ്. ന്യായമായ നടപടി അവിടെനിന്നുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നത്'- കൃഷ്ണകുമാർ പറഞ്ഞു.









0 comments