പ്ലസ് ടു ഫലം; സേ പരീക്ഷയ്‌ക്ക് 27 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: കേരളത്തിലെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഫലങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നു. ഹയർ സെക്കൻഡറി വിഭാഗത്തിൽ പരീക്ഷയെഴുതിയ 77.81 ശതമാനം വിദ്യാർഥികൾ ഉപരി പഠനത്തിന് യോഗ്യത നേടിയപ്പോൾ, വിഎച്ച്‌എസ്‌സിയിൽ 70.06 വിദ്യാർഥികളും വിജയിച്ചു. ഫലം പ്രഖ്യാപിക്കുന്നതിനോടൊപ്പം സേ പരീക്ഷകളുടെ തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്.
സേ, ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് അപേക്ഷിക്കുന്നതിനായുള്ള അവസാന തീയതി മെയ് 27 ആണ്. ഫൈനോടുകൂടി മെയ് 29 വരെയും പരീക്ഷയ്‌ക്ക് അപേക്ഷ നൽകാം. ജൂണ്‍ 23 മുതല്‍ 27 വരെ തീയതികളിലായാണ് പരീക്ഷ നടത്തുക. പുനര്‍മൂല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതിയും മെയ് 27 ആണ്.
പ്ലസ് ടുവിൽ ഈ വർഷം എല്ലാ വിഭാഗങ്ങളിലുമായി ആകെ 4,34,547 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 2,20,224 പേർ ആണ്‍കുട്ടികളും 2,14,323 പേർ പെണ്‍കുട്ടികളുമാണ്. ഹയർ സെക്കൻഡറിയിൽ എറണാകുളം ജില്ലയാണ് ഏറ്റവും കൂടുതൽ വിജയ ശതമാനം കൈവരിച്ചത് (83.09). ഏറ്റവും കുറവ് വിജയ ശതമാനം കാസർകോടും രേഖപ്പെടുത്തി (71.09). എല്ലാ വിഷയങ്ങള്‍ക്കും 30,145 വിദ്യാർഥികളാണ് ഹയർ സെക്കൻഡറി വിഭാഗത്തിൽ എ പ്ലസ് നേടിയത്.







0 comments