41 പേർക്ക്‌ മുഴുവൻ മാർക്ക്‌ 60 സ്‌കൂളിൽ 100 ശതമാനം വിജയം

പ്ലസ്‌ടു 77.81 ശതമാനം വിജയം ; വിജയശതമാനം കൂടുതൽ എറണാകുളം കുറവ്‌ കാസർകോട്‌

result

ഹയർ സെക്കൻഡറി പരീക്ഷയിൽ മുഴുവൻ മാർക്കും (1200) നേടിയ എറണാകുളം സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്കൂളിലെ ദേവിക ശ്രീജിത്ത് സഹപാഠികൾക്കും അധ്യാപകർക്കുമൊപ്പം ഫോട്ടോ: സുനോജ് നൈനാൻ മാത്യു

വെബ് ഡെസ്ക്

Published on May 23, 2025, 02:37 AM | 2 min read


തിരുവനന്തപുരം

സംസ്ഥാനത്ത്‌ പ്ലസ്‌ ടു പരീക്ഷയിൽ 77.81 ശതമാനം വിജയം. കഴിഞ്ഞവർഷം 78.69 ആയിരുന്നു . പരീക്ഷയെഴുതിയ 3,70,642 വിദ്യാർഥികളിൽ 2,88,394 പേർ ഉപരിപഠന യോഗ്യത നേടി. ഇതിൽ ആൺകുട്ടികൾ 1,23,160, പെൺകുട്ടികൾ 1,65,234. 30,145 വിദ്യാർഥികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ്‌ നേടി. 60 സ്‌കൂളുകളിൽ നൂറു ശതമാനം വിജയം. 41 വിദ്യാർഥികൾ മുഴുവൻ (1200) മാർക്കും നേടി. സേവ് എ ഇയർ (സേ), ഇംപ്രൂവ്‌മെന്റ്‌ പരീക്ഷ 23 മുതൽ 27 വരെ. പുനർമൂല്യനിർണയത്തിന്‌ 27 വരെ അപേക്ഷിക്കാം. മന്ത്രി വി ശിവൻകുട്ടിയാണ്‌ ഫലം പ്രഖ്യാപിച്ചത്‌.


എറണാകുളത്താണ്‌ ഏറ്റവും കൂടുതൽ വിജയം, 83.09 ശതമാനം. കുറവ്‌ കാസർകോട്‌, 71.09. മലപ്പുറത്താണ്‌ കൂടുതൽ വിദ്യാർഥികൾ എല്ലാ വിഷയത്തിനും എ പ്ലസ്‌ നേടിയത്‌, 4,735. സയൻസ്‌ വിഷയത്തിൽ 1,57,561 (83.25 ശതമാനം) പേരും കൊമേഴ്‌സിൽ 79,255 (74.21 ശതമാനം) പേരും ഹ്യുമാനിറ്റീസിൽ 51,578 (69.16 ശതമാനം) പേരും ഉപരിപഠന യോഗ്യത നേടി.


ആറ്‌ സർക്കാർ സ്‌കൂളും 19 എയ്‌ഡഡ്‌ സ്‌കൂളും 22 അൺഎയ്‌ഡഡ്‌ സ്‌കൂളും 10 സ്‌പെഷ്യൽ സ്‌കൂളും നൂറു ശതമാനം വിജയം നേടി. സർക്കാർ സ്‌കൂളിൽ 1,20,027 (73.23 ശതമാനം) പേരും എയ്‌ഡഡ് സ്‌കൂളിൽ 1,49,863 (82.16 ശതമാനം) പേരും അൺ എയ്‌ഡഡ് സ്‌കൂളിൽ 18,218 (75.91 ശതമാനം) പേരും ഉപരിപഠന യോഗ്യത നേടി. എസ്‌സി വിഭാഗത്തിൽ 34,051 പരീക്ഷ എഴുതിയതിൽ 19,719 പേരും എസ്‌ടി വിഭാഗത്തിൽ 5,055 പേർ പരീക്ഷ എഴുതിയതിൽ 3,047 പേരും ഉപരിപഠന യോഗ്യത നേടി.


വിഎച്ച്‌എസ്‌ഇയിൽ 70.06ഉം ടെക്‌നിക്കൽ ഹയർസെക്കൻഡറിയിൽ 70.76 ശതമാനവുമാണ്‌ വിജയം. കേരള കലാമണ്ഡലം ആർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ പരീക്ഷ എഴുതിയ 56 പേരിൽ 45 പേർ വിജയിച്ചു.


പ്ലസ്‌ടു: നൂറുമേനി തിളക്കത്തില്‍ 
60 സ്‌കൂളുകള്‍

പ്ലസ്ടു പരീക്ഷയിൽ 100 മേനി വിജയം നേടി 60 സ്‌കൂളുകൾ. ഇതിൽ ആറെണ്ണം സർക്കാർ സ്‌കൂളുകളാണ്. എയ്ഡഡ് വിഭാഗത്തിൽ 19 സ്‌കൂളുകളിലും അൺ എയ്ഡഡ് വിഭാഗത്തിൽ 22 സ്‌കൂളുകളിലും സ്‌പെഷ്യൽ സ്‌കൂളുകളിൽ 10 എണ്ണത്തിലും മുഴുവൻ പേരും വിജയിച്ചു. ഗൾഫ്‌ മേഖലയിലെ രണ്ടു സ്‌കൂളുകളിലും മാഹിയിലെ ഒരു സ്‌കൂളിലും മുഴുവൻ കുട്ടികളും വിജയിച്ചു.


എ പ്ലസിൽ ഇത്തവണയും മലപ്പുറം ജില്ലയാണ്‌ മുന്നിൽ. ആകെ 30,145പേർ എ പ്ലസ് നേടിയപ്പോൾ 4,735 പേർ മലപ്പുറത്ത് നിന്നാണ്. ഏറ്റവും കൂടുതൽ പേരെ പരീക്ഷയ്‌ക്ക് സജ്ജരാക്കിയ സർക്കാർ സ്‌കൂളും മലപ്പുറം ജില്ലയിലെ കോട്ടയ്ക്കൽ രാജാസ് ജിഎച്ച്എസ്എസ്‌ ആണ്‌. ഇവിടെ 86.10 ശതമാനമാണ് വിജയം. ഏറ്റവും കൂടുതൽ പേർ പരീക്ഷയെഴുതിയ ജില്ല മലപ്പുറം ആണ്. 64,426പേർ. കുറവ് വയനാട്ടിലും. 9,440 പേർ.


പെൺപുലികൾ

പ്ലസ്‌ ടു പരീക്ഷയിൽ എ പ്ലസിലും വിജയ ശതമാനത്തിലും മികവ്‌ കാട്ടി പെൺകുട്ടികൾ. പരീക്ഷയെഴുതിയ 1,90,690 പേരിൽ 1,65,234 പേർ വിജയികളായി. 86.65 ശതമാനമാണ് നേട്ടം. ആൺകുട്ടികളുടെ വിജയം 68.44 ശതമാനവും. പരീക്ഷയെഴുതിയ 1,79,952 പേരിൽ 1,23,160 പേരാണ് വിജയിച്ചത്. എല്ലാ വിഷയത്തിനും എ പ്ലസ്‌ ലഭിച്ചവരിലും പെൺകുട്ടികളാണ് കൂടുതൽ. 22,663 പേർ. മുഴുവൻ മാർക്ക്‌ നേടിയവരിലും പെൺകുട്ടികൾ കരുത്തുകാട്ടി–- 41 ൽ 34 പേർ.


പ്ലസ്‌ വൺ ട്രയൽ അലോട്ട്‌മെന്റ്‌ നാളെ

പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ്‌ ശനിയാഴ്‌ച നടക്കും. ഹയർസെക്കൻഡറി പ്രവേശന വെബ്‌സൈറ്റായ https;//hscap.kerala.gov.in ൽ വൈകിട്ട്‌ നാലിന്‌ ട്രയൽ അലോട്ട്‌മെന്റ്‌ ലിസ്റ്റ്‌ പ്രസിദ്ധീകരിക്കും. 4,62,721 അപേക്ഷകളാണുള്ളത്‌. 4,24,583 പേരാണ്‌ എസ്‌എസ്‌എൽസി പരീക്ഷ വിജയിച്ചത്‌. ഒരേ വിദ്യാർഥി ഒന്നിലധികം ജില്ലകളിൽ അപേക്ഷിച്ചതും സിബിഎസ്‌ഇ, ഐസിഎസ്‌ഇ വിദ്യാർഥികൾ അപേക്ഷിച്ചതും എണ്ണം വർധിപ്പിച്ചു. പ്ലസ്‌വൺ പഠനത്തിന് ആകെ 4,74,917 സീറ്റുണ്ട്‌. ജൂൺ രണ്ടിനാണ്‌ ആദ്യ അലോട്ട്‌മെന്റ്. 10ന്‌ രണ്ടാം അലോട്ട്‌മെന്റും 16ന്‌ മൂന്നാം അലോട്ട്‌മെന്റും നടക്കും. ജൂൺ 18ന് ക്ലാസുകൾ ആരംഭിക്കും.






deshabhimani section

Related News

View More
0 comments
Sort by

Home