പ്ലസ് വൺ വിദ്യാർഥിയുടെ ആത്മഹത്യ: സംസ്കാരം ഇന്ന്

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിലെ സ്കൂളിൽ ആത്മഹത്യ ചെയ്ത പ്ലസ് വൺ വിദ്യാർഥി ബെൻസൺ ഏബ്രഹാമിന്റെ സംസ്കാരം ഇന്ന്. വൈകിട്ട് നാലിന് നെടുമങ്ങാടാണ് സംസ്കാര ചടങ്ങുകൾ നടക്കുക. ഇന്നലെ രാവിലെയാണ് ബെൻസണിനെ കുറ്റിച്ചൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് അന്വേഷണ റിപ്പോർട്ട് ഇന്ന് കൈമാറും.
കുറ്റിച്ചൽ എരുമകുഴി സ്വദേശിയാണ് ബെൻസൺ. വ്യാഴം വൈകുന്നേരം മുതൽ വിദ്യാർഥിയെ കാണാനില്ലായിരുന്നു. തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിനിടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സ്കൂളിലെ ക്ലർക്ക് ജെ സനലുമായി തർക്കമുണ്ടായെന്നും ഇതിനെ തുടർന്നാണ് ബെൻസൺ ആത്മഹത്യ ചെയ്തതെന്നും കുടുംബം ആരോപിച്ചിരുന്നു.
പ്രൊജക്റ്റ് റിപ്പോർട്ടിൽ സീൽ വെക്കാൻ ക്ലർക്ക് സമ്മതിച്ചില്ലെന്നും ക്ലർക്ക് കുട്ടിയോട് മോശമായി പെരുമാറിയെന്നുമാണ് കുടുംബത്തിന്റെ ആരോപണം. ക്ലർക്കുമായുള്ള തർക്കത്തെക്കുറിച്ച് അറിയിക്കാൻ ബെൻസണിന്റെ രക്ഷിതാക്കളെ പ്രിൻസിപ്പൽ സ്കൂളിൽ വിളിച്ചു വരുത്തിയിരുന്നു. എന്നാൽ ക്ലർക്കിനോട് തർക്കമുണ്ടയതിനെപ്പറ്റി ചോദിച്ചപ്പോൾ മറുപടി ഒന്നും പറഞ്ഞില്ലെന്നും കുറ്റിച്ചൽ സ്കൂൾ പ്രിൻസിപ്പൽ പറഞ്ഞിരുന്നു. ബെൻസണിന്റെ മരണത്തിൽ മറ്റ് അസ്വാഭാവികതകളില്ല എന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.
Related News

0 comments