ഫിറോസിന്റെ അനധികൃത സ്വത്തും ബിസിനസും; ജല‍ീലിന്റെ വെളിപ്പെടുത്തലിൽ ഉത്തരംമുട്ടി ലീഗ്‌

P K FIROS
avatar
സി പ്രജോഷ്‌കുമാർ

Published on Sep 10, 2025, 02:04 AM | 1 min read

മലപ്പുറം : മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് ബിനാമി ബിസിനസിലൂടെ വരവിൽകവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കെ ടി ജല‍ീൽ എംഎൽഎയുടെ വെളിപ്പെടുത്തലിൽ ഉത്തരംമുട്ടി ലീഗ്‌. ഫിറോസിന്റെ അനധികൃത ഇടപാട്‌ തെളിവ്‌ നിരത്തി പുറത്തുവിട്ടിട്ടും മുസ്ലിംലീഗ്‌, യൂത്ത്‌ലീഗ്‌ നേതൃത്വം മ‍ൗനം തുടരുകയാണ്‌. നിസ്സാര വിഷയങ്ങൾക്കുപോലും അടിക്കടി വാർത്താസമ്മേളനം നടത്താറുള്ള പി കെ ഫിറോസും ഇതുവരെ പ്രതികരിച്ചിട്ടില്ല.

നേതാക്കളാരും ഫിറോസിനെ പിന്തുണച്ച്‌ രംഗത്തെത്തിയിട്ടുമില്ല. കുന്നമംഗലത്ത്‌ ദേശീയപാതയോരത്ത്‌ ഫിറോസ്‌ ലക്ഷങ്ങൾ വിലവരുന്ന ഭൂമി സ്വന്തമാക്കി ആഡംബര വീട്‌ പണിതുവെന്ന വിവരമാണ്‌ ജലീൽ ആദ്യം പുറത്തുവിട്ടത്‌. 2011ലാണ്‌ സെന്റിന്‌ 10 ലക്ഷം വിലവരുന്ന 12.5 സെന്റ്‌ വാങ്ങിയത്‌. ഒരുകോടി രൂപയുടെ വീടും നിർമിച്ചു. ഇ‍ൗ കാലയളവിൽ ഭാര്യ എയ്‌ഡഡ്‌ സ്കൂളിൽ അധ്യാപക നിയമനവും നേടി. തനിച്ചും കുടുംബസമേതവും നിരവധി വിദേശയാത്ര നടത്തി. കോഴിക്കോട് ബ്ലൂ ഫിൻ വില്ല പ്രൊജക്ടും ആരംഭിച്ചു. ഇതിന്റെയെല്ലാം സാമ്പത്തിക ഉറവിടം അന്വേഷിക്കണമെന്നും ജലീൽ ആവശ്യപ്പെട്ടിരുന്നു.

വിജിലൻസിന്‌ പരാതിയും നൽകി. ഫിറോസ്‌ യുഎഇയിൽ ‘ഫോർച്യൂൺ ഹ‍ൗസ്‌ ജനറൽ ട്രേഡിങ്‌ എൽഎൽസി ’യിൽ സെയിൽസ്‌ മാനേജരായി പ്രവർത്തിക്കുന്ന രേഖകൾ ജലീൽ വീണ്ടും പുറത്തുവിട്ടു. അഞ്ചേകാൽ ലക്ഷം ഇന്ത്യൻ രൂപ(22,000 യുഎഇ ദിർഹം)യാണ്‌ മാസശമ്പളവും യാത്രാച്ചെലവുമായി ഫിറോസിന് കിട്ടുന്നത്‌. മുഴുവൻസമയ രാഷ്‌ട്രീയ പ്രവർത്തകനായ ഫിറോസ്‌ എങ്ങനെയാണ്‌ വിദേശത്ത്‌ ജോലി ചെയ്യുകയെന്ന ചോദ്യവും ഉന്നയിച്ചു. പാലക്കാട് കൊപ്പത്ത് "യമ്മി ഫ്രൈഡ്‌ ചിക്കൻ’ എന്ന സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസി ബിനാമിയെ വച്ചാണ് ഫിറോസ്‌ നടത്തുന്നത്‌.

ഇതേ സ്ഥാപനത്തിന്റെ കോഴിക്കോട് ഹൈലൈറ്റ് മാളിലെ ഫ്രാഞ്ചൈസിയിലും പങ്കാളിത്തമുണ്ട്‌. യൂത്ത്‌ ലീഗിന്റെ കത്വവ, ഉന്നാവോ ഫണ്ടിലും ദോത്തി ചലഞ്ചിലും അഴിമതി നടന്നതും ജലീൽ തെളിവ്‌ സഹിതം പുറത്തുവിട്ടിരുന്നു. ഫിറോസിന്റെ അനധികൃത ഇടപാട്‌ സംബന്ധിച്ച്‌ യൂത്ത്‌ ലീഗ്‌ നേതാക്കളാണ്‌ തനിക്ക്‌ വിവരം കൈമാറിയതെന്നും ജലീൽ പറയുന്നുണ്ട്‌. മൂന്നു തവണ ജലീൽ വാർത്താസമ്മേളനം നടത്തി തെളിവ്‌ പുറത്തുവിട്ടിട്ടും മറുപടി പറയാനാവതെ കുഴങ്ങുകയാണ്‌ ലീഗ്‌, യ‍ൂത്ത്‌ ലീഗ്‌ നേതൃത്വം.



deshabhimani section

Related News

View More
0 comments
Sort by

Home