മോദിക്ക് ഗുജറാത്തിലാകാം, കേരളത്തിന് പറ്റില്ലെന്ന്: മുഖ്യമന്ത്രി
നവകേരളത്തിന്റെ ഊർജം ; വയനാട്ടിൽ മുഖ്യമന്ത്രിയുടെ മുഖാമുഖം

വി ജെ വർഗീസ്
Published on Apr 23, 2025, 02:26 AM | 2 min read
കൽപ്പറ്റ : ഉയിർത്തെഴുന്നേറ്റ മണ്ണിന്റെ സ്വപ്‌നങ്ങൾക്ക് മിഴിവേകി വീണ്ടും ജനനായകനെത്തി. ദുരന്തത്തിൽനിന്ന് കൈപിടിച്ചുകയറ്റിയ അതേ ആർജവത്തോടെയും ആത്മാർഥതയോടെയും വീണ്ടും വയനാടിനെ കേട്ടു. തകരാൻ അനുവദിക്കില്ലെന്നും നവകേരളം സാധ്യമാക്കുമ്പോൾ മുന്നിൽ വയനാട് ഉണ്ടാകുമെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്ക് നാടിന്റെ അതിജീവനത്തിന്റെ കരുത്തുറ്റ ഉറപ്പായി.
രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി ക്ഷണിക്കപ്പെട്ട അതിഥികളുമായി മുഖ്യമന്ത്രി കൽപ്പറ്റയിൽ നടത്തിയ മുഖാമുഖം ഉരുൾദുരന്തത്തിൽനിന്ന് കരകയറുന്ന നാടിന് കൂടുതൽ ഊർജമായി.
നാട് മനസ്സ് തുറന്നു. നായകൻ കേട്ടു. എല്ലാത്തിനും ഉത്തരമുണ്ടായി. വർത്തമാനകാലത്ത് യാഥാർഥ്യമാക്കാനുള്ള നവകേരളത്തിന്റെ പദ്ധതികൾ ചർച്ചയായി. വയനാടിന്റെ ജീവൽപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികളും നിർദേശങ്ങളുമുണ്ടായി. മുണ്ടക്കൈ–-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസ ടൗൺഷിപ്പ് അതിവേഗത്തിൽ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ 27ന് ടൗൺഷിപ്പിന് തറക്കല്ലിട്ട് മൂന്നാഴ്‌ച പിന്നിടുമ്പോഴേക്കും വീണ്ടും ചുരം കയറിയെത്തി അതിജീവന പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തായി.
സർക്കാർ നടപ്പാക്കിയ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി വിശദീകരിച്ചു. വികസനക്കുതിപ്പിനുള്ള നിർദേശങ്ങൾ ശ്രദ്ധാപൂർവം കേട്ട് സർക്കാർ ഇടപെടൽ ഉറപ്പുനൽകി.
ഇന്ത്യൻ ക്രിക്കറ്റ് താരം സജന സജീവൻ, സിനിമാതാരം അബുസലീം, ബിഷപ്പ് ഗീവർഗീസ് മാർ സ്തെഫാനോസ്, മുണ്ടക്കൈ ദുരന്തം അതിജീവിച്ച മുഹമ്മദ് ഹാനി, സംരംഭകൻ അജയ് തോമസ്, വനിതാ സംരംഭക ഷംന കടവൻ, വയനാട് ടൂറിസം ഓർഗനൈസേഷൻ പ്രസിഡന്റ് വാഞ്ചീശ്വരൻ, മുസ്ലിം ജമാഅത്ത് പ്രതിനിധി എസ് ഷറഫുദ്ദീൻ, ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ ജനറൽ സെക്രട്ടറി ഹാരിസ് ബാഖഫി തുടങ്ങിയവർ സംസാരിച്ചു.
ഫ്രാൻസിസ് മാർപ്പാപ്പയുടെ നിര്യാണത്തിൽ അനുശോചിച്ചായിരുന്നു തുടക്കം. ദുഃഖാചരണത്തിന്റെ ഭാഗമായി ‘എന്റെ കേരളം’ പ്രദർശനമേളയും ഉദ്‌ഘാടനവും മാറ്റിവച്ചു. മുഖാമുഖത്തിൽ മന്ത്രി ഒ ആർ കേളു അധ്യക്ഷനായി. മന്ത്രിമാരായ എ കെ ശശീന്ദ്രൻ, വി അബ്‌ദുറഹ്‌മാൻ, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം പ്രൊഫ. ആർ രാംകുമാർ എന്നിവർ പങ്കെടുത്തു. കലക്ടർ ഡി ആർ മേഘശ്രീ സ്വാഗതവും എഡിഎം കെ ദേവകി നന്ദിയും പറഞ്ഞു.
മോദിക്ക് ഗുജറാത്തിലാകാം, കേരളത്തിന് പറ്റില്ലെന്ന്: മുഖ്യമന്ത്രി
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ നരേന്ദ്രമോദി സ്വീകരിച്ച സഹായം മറ്റുള്ളവർക്ക് പാടില്ലെന്നാണ് അദ്ദേഹം പ്രധാനമന്ത്രി ആയപ്പോഴുള്ള നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ ഗുജറാത്തിലുണ്ടായ ദുരന്തം മറികടക്കാൻ മോദി എല്ലാ സഹായങ്ങളും സ്വീകരിച്ചു. വിവിധ രാജ്യങ്ങളുടെ സഹായം വാങ്ങിയാണ് അദ്ദേഹം പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തിയത്. എന്നാൽ പ്രധാനമന്ത്രി ആയപ്പോൾ ഇത് മറ്റുള്ളവർക്ക് പാടില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി വയനാട്ടിൽ ക്ഷണിക്കപ്പെട്ടവരുമായി നടത്തിയ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഒരുനാടിന് താങ്ങാവുന്നതിലധികം ദുരന്തങ്ങളും പ്രതിസന്ധികളുമാണ് കേരളത്തിന് നേരിടേണ്ടിവന്നത്. നടപ്പാക്കേണ്ട കാര്യങ്ങൾക്കൊപ്പം പുതിയ ഉത്തരവാദിത്തങ്ങൾ അടിച്ചേൽപ്പിക്കപ്പെട്ടു. നിപാ, ഓഖി, മഹാപ്രളയം, കോവിഡ്, മുണ്ടക്കൈ–-ചൂരൽമല ദുരന്തം എന്നിവയെല്ലാമുണ്ടായി. ഇത്തരം ഘട്ടങ്ങളിൽ സംസ്ഥാനത്തിനെ സഹായിക്കേണ്ടത് കേന്ദ്ര സർക്കാരാണ്. നാടിനെ കരകയറ്റേണ്ടത് അവരുടെ ബാധ്യതയാണ്. കേരളത്തെ നെഞ്ചേറ്റിയവർ സഹായിക്കാൻ സന്നദ്ധരായി. കേന്ദ്രം സന്നദ്ധമായില്ല. വിദേശരാജ്യങ്ങളും വിദേശമലയാളികളും സഹായം വാഗ്‌ദാനംചെയ്‌തു. ഇത് സ്വീകരിക്കാൻ കേന്ദ്രം അനുവദിച്ചില്ല. ഈ സന്ദർഭങ്ങളിലെല്ലാം കേന്ദ്രനിലപാടിനെ പിന്തുണയ്‌ക്കുകയായിരുന്നു കേരളത്തിലെ പ്രതിപക്ഷം. സാലറി ചലഞ്ചിനെതിരെ കോടതിയെ വരെ സമീപിച്ചു. നമുക്ക് തകരാൻ പറ്റില്ലായിരുന്നു. അതിജീവിച്ചേ മതിയാകുമായിരുന്നുള്ളൂ. നമ്മുടെ ജനങ്ങൾ ഒരുമയും ഐക്യവും പ്രകടിപ്പിച്ച് ഒന്നിച്ചുനിന്നു. ഇതുകണ്ട് രാജ്യവും ലോകവും ആശ്ചര്യപ്പെട്ടു.
മുണ്ടക്കൈ ഉരുൾപൊട്ടലുണ്ടായപ്പോൾ പ്രധാനമന്ത്രിയെത്തി വാഗ്‌ദാനങ്ങൾ നൽകി. പുതിയ അനുഭവം ഉണ്ടാകാൻ പോകുന്നുവെന്ന് പ്രതീക്ഷിച്ചു. ദിവസങ്ങളും ആഴ്‌ചകളും മാസങ്ങളും കടന്നുപോയപ്പോൾ പ്രതീക്ഷകൾ തകർന്നു.
പിഡിഎൻഎ (പോസ്റ്റ് ഡിസാസ്റ്റർ നീഡ്‌സ് അസസ്മെന്റ്) കണക്കിന് കാത്തുനിൽക്കുകയാണെന്ന് പറഞ്ഞു. പിഡിഎൻഎ കാക്കാതെ ത്രിപുരയ്ക്ക് കേന്ദ്രസഹായം ലഭിച്ചു. ബിഹാറിന് മുൻകൂർ സഹായം നൽകി. പിഡിഎൻ റിപ്പോർട്ട് നൽകിയിട്ടും കേരളത്തിനെ സഹായിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടൗൺഷിപ്പിന് തടസ്സം ഇല്ല
മുണ്ടക്കൈ–-ചൂരൽമല ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ നിർമിക്കുന്ന മാതൃകാ ടൗൺഷിപ്പിന് ഇനി ഒരു തടസ്സവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നേരത്തെ ചില ആശങ്കകൾ ഉയർന്നിരുന്നു. ഹൈക്കോടതി സർക്കാർ തീരുമാനത്തിന് അനുകൂലമായി നിലപാട് സ്വീകരിച്ചെങ്കിലും പരമോന്നത കോടതിയെ സമീപിച്ചതിനാൽ ചിലരിലെങ്കിലും ആശങ്ക അവശേഷിച്ചു. എന്നാൽ സുപ്രീംകോടതിയുടെ ഉത്തരവോടെ അതും മാറി. സർക്കാർ നൽകിയ വാക്ക് യാഥാർഥ്യമാക്കുകയാണ്. ടൗൺഷിപ്പ് നിശ്ചയിച്ച സമയത്ത് പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.









0 comments