അതിവേഗ നഗരവൽക്കരണത്തെ ഗൗരവത്തോടെ സമീപിക്കുന്നു: മുഖ്യമന്ത്രി

കേരള അർബൻ കോൺക്ലേവ് 2025 മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു
കൊച്ചി
അതിവേഗ നഗരവൽക്കരണത്തിലെ വെല്ലുവിളികളെ ഗൗരവത്തോടെ സമീപിക്കേണ്ട നാടായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നവകേരളത്തിലൂടെ അടിസ്ഥാനസൗകര്യ വികസനം ഉറപ്പാക്കിയും അടിസ്ഥാന ആവശ്യം നിറവേറ്റിയും സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സമഗ്ര നഗരനയം രൂപീകരിക്കുന്നതിന്റെ ഭാഗമായി കൊച്ചിയില്‍ ചേരുന്ന കേരള അര്‍ബന്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ നഗര വളര്‍ച്ചാനിരക്ക് ദേശീയ ശരാശരിയെക്കാള്‍ മുകളിലാണ്. വലുതും ചെറുതുമായ നഗരങ്ങളുടെ സമന്വയമാണ് ഇന്നത്തെ കേരളം.
വ്യവസായവൽക്കരണത്തിന്റെ ഉപോൽപ്പന്നമാണ് നഗരവൽക്കരണമെന്നതാണ് പരന്പരാഗത കാഴ്‌ചപ്പാടാണ്. ഇവിടെ, സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക ഘടകങ്ങളുമുണ്ട്. കുടിയൊഴിപ്പിക്കൽ നിരോധനവും കാർഷികബന്ധ, ഭൂപരിഷ്കരണ നിയമങ്ങളും സാധാരണക്കാരെ ഭൂമിയുടെ അവകാശികളാക്കി.
വിദ്യാഭ്യാസ പരിഷ്കരണം അവരെ വിദ്യാസമ്പന്നരാക്കി. സൂക്ഷ്മ ചെറുകിട സംരംഭങ്ങൾ മുതൽ വലിയ വ്യവസായങ്ങൾവരെ എല്ലായിടത്തും എത്തിയതും നഗരവൽക്കരണത്തിലേക്ക് നയിച്ചു. നവകേരളം എന്ന ആശയത്തിന്റെ ഭാഗമായി ഹരിതകേരളം, ലൈഫ്, ആർദ്രം, മാലിന്യമുക്ത നവകേരളം തുടങ്ങിയ മിഷനുകളിലൂടെ പരിസ്ഥിതി സംരക്ഷണം, പാർപ്പിട ലഭ്യത, പൊതു ആരോഗ്യ, വിദ്യാഭ്യാസ മേഖലകളുടെ അടിസ്ഥാനസൗകര്യ വികസനം എന്നിവയാണ് ലക്ഷ്യമിടുന്നത്. സാധാരണക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള ഇത്തരം ഇടപെടലുകളിലൂടെയാണ് നഗരവൽക്കരണത്തെ അഭിസംബോധന ചെയ്യുന്നത്.
അര്‍ബന്‍ കോണ്‍ക്ലേവിന്റെ ഭാഗമായി മെഗാ നഗരങ്ങളുടെയും സാറ്റലൈറ്റ് നഗരങ്ങളുടെയും വികസനത്തിന് വേറിട്ടുള്ള കാഴ്ചപ്പാടും പദ്ധതികളും അവതരിപ്പിക്കാനാകണം. പ്രകൃതിസൗഹൃദവും നിർമിത ബുദ്ധിയിൽ അധിഷ്ഠിതവുമായ ഗതാഗത സംവിധാനം, നഗര ജലസ്രോതസ്സുകളെ പുനരുജ്ജീവിപ്പിക്കൽ, ഗിഗ് തൊഴിലാളികളുടെ ക്ഷേമം, വര്‍ക് ഫ്രം ഹോം, വര്‍ക് എവേ ഫ്രം ഹോം, വര്‍ക് എവേ ഫ്രം വര്‍ക് പ്ലേസ് തുടങ്ങിയ സാധ്യതകൾ, മഹാമാരികളെ ഫലപ്രദമായി നേരിടാനുള്ള സംവിധാനം, നഗരങ്ങളെ ഭിന്നശേഷി സൗഹൃദമാക്കൽ തുടങ്ങിയ കാര്യങ്ങളിൽ ചർച്ചയും നിർദേശവും ഉയർന്നുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോണ്‍ക്ലേവ് ഇന്ന് സമാപിക്കും
കേരള അര്‍ബന്‍ കോണ്‍ക്ലേവ് ശനിയാഴ്‌ച സമാപിക്കും. രാവിലെ ഒന്പതിന് ഉന്നതതല പൊളിറ്റിക്കല്‍ ഫോറത്തില്‍ മേയര്‍മാരുടെ സമ്മേളനം നടക്കും. കൂടാതെ ഇന്ത്യയിലെ വിവിധ മുനിസിപ്പല്‍ കോര്‍പറേഷന്‍ മേയര്‍മാരും കേരളത്തിലെ ആറു മേയര്‍മാരും പങ്കെടുക്കും. മറ്റു വേദികളില്‍ പ്ലീനറി സെഷനുകളും ഫോക്കസ് സെഷനുകളും റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സുകളും നടക്കും.
വൈകിട്ട് നാലിന് സമാപനസമ്മേളനത്തില്‍ ഐക്യരാഷ്ട്രസഭയുടെ ഇന്ത്യ റസിഡന്റ് കോ–ഓര്‍ഡിനേറ്റര്‍ ഷോംബി ഷാര്‍പ് മുഖ്യാതിഥിയാകും. സമാപന സമ്മേളനം വ്യവസായ-മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ എം ബി രാജേഷ്, റോഷി അഗസ്റ്റിന്‍, കെ കൃഷ്ണന്‍കുട്ടി, ജെ ചിഞ്ചുറാണി, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ. വി കെ രാമചന്ദ്രന്‍ തുടങ്ങിയവർ പങ്കെടുക്കും. മറൈന്‍ഡ്രൈവില്‍ നടക്കുന്ന പ്രദര്‍ശനം 15 വരെ തുടരും.









0 comments