ഡിജിറ്റൽ സർവകലാശാല : ആരോപണങ്ങൾ വസ്‌തുതാവിരുദ്ധം ; പ്രതിപക്ഷ നേതാവിന്റെ കത്തിന് അക്കമിട്ട് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം
ഡിജിറ്റൽ സർവകലാശാലയ്‌ക്കെതിരെ അഴിമതി ആരോപിച്ച് പ്രതിപക്ഷ നേതാവ് നൽകിയ കത്തിന് അക്കമിട്ട് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ഡിജിറ്റൽ സർവകലാശാലയിൽ ഓഡിറ്റ് നടക്കുന്നില്ലെന്ന ആക്ഷേപം വസ്‌തുതാവിരുദ്ധമാണെന്നും സർവകലാശാലയിൽ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റ് നടത്തുന്നുണ്ടെന്നും മറുപടിക്കത്തിൽ പറഞ്ഞു. 2023–--24 വരെയുള്ള ഓഡിറ്റ് പൂർത്തിയായി. ഓഡിറ്റ് നടത്താൻ സർവകലാശാലതന്നെ കംപ്‌ട്രോളർ ആൻഡ് ഓഡിറ്റ് ജനറലിനോട് (സിഎജി) ആവശ്യപ്പെട്ടിട്ടുണ്ട്. സിഎജിയുടെ ഭാഗത്തുനിന്ന് തുടർനടപടി ഉണ്ടാകേണ്ടതുണ്ടെന്നും വി ഡി സതീശനുള്ള മറുപടിക്കത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
ഡിജിറ്റൽ സർവകലാശാലയുടെ പ്രഖ്യാപിത നയവും ചട്ടവും അനുസരിച്ചാണ് ഐജിഇഐസി എന്ന കമ്പനി രൂപീകരിച്ചത്. കമ്പനി മുൻകൂർ പണം കൈമാറിയെന്നത് വസ്തുതാവിരുദ്ധമാണ്. കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റെ ഭരണാനുമതിയിൽ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കമ്പനി രൂപീകരിച്ചത്. അതിനെ തട്ടിപ്പുസ്ഥാപനം എന്നു പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും മുഖ്യമന്ത്രി ചോദിച്ചു.
കമ്പനി ചെയർമാൻ കേന്ദ്ര സർക്കാരിന്റെ മുൻ വ്യോമയാന സെക്രട്ടറി മാധവൻ നമ്പ്യാരാണ്. മറ്റുള്ളവർ ടാറ്റാ സ്റ്റീലുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന പത്താൻ, കാമേഷ് ഗുപ്ത, ഡിജിറ്റൽ സർവകലാശാലയിലെ പ്രൊഫസർ അലക്‌സ് തോമസ് എന്നിവരാണ്.
സർവകലാശാലയുടെ റെഗുലേഷൻ പ്രകാരം ഫാക്കൽറ്റിയുടെ സംരംഭക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. അവർക്ക് പങ്കാളിത്തമുള്ള ലാഭേച്ഛയില്ലാത്ത കമ്പനികൾവഴി ഗവേഷണ, വികസന പ്രവർത്തനങ്ങൾ നടത്തണമെന്നും പറഞ്ഞിട്ടുണ്ട്.
ആധുനിക സർവകലാശാല എന്ന നിലയിൽ ഡിജിറ്റൽ സർവകലാശാല പ്രവർത്തിക്കുമ്പോൾ അവർക്കുള്ള ശമ്പള ഫണ്ടിങ്ങും മറ്റും ഫാക്കൽറ്റി ഏറ്റെടുക്കുന്ന പ്രോജക്ടുകളിൽനിന്ന് കണ്ടെത്താൻനാകും. ഇക്കാര്യങ്ങൾ മറച്ചുപിടിച്ചാണ് ഇത്തരം പ്രോജക്ടുകളെ അഴിമതിയായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.









0 comments