print edition പ്രൊഫ. വി കെ ദാമോദരൻ ശാസ്‌ത്രാവബോധം വളർത്തിയതിൽ പ്രധാനി : മുഖ്യമന്ത്രി

തിരുവനന്തപുരം
സംസ്ഥാനത്തെ ജനകീയ ശാസ്‌ത്രവിദഗ്‌ധരിൽ പ്രധാനിയായിരുന്നു പ്രൊഫ. വി കെ ദാമോദരനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്‌ത്രാവബോധം വളർത്തുന്നതിൽ എല്ലാഘട്ടത്തിലും വലിയ പങ്കാണ് വഹിച്ചത്. നിരവധി സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ആ സ്ഥാപനങ്ങൾക്കെല്ലാം മികവാർന്ന നേതൃശേഷിയും തികഞ്ഞ മതിപ്പുമാണ് നിലനിൽക്കുന്നത്. സയൻസുമായി ബന്ധപ്പെട്ട മേഖലകളിലെല്ലാം പൂർണമായും മുഴുകി. എല്ലാത്തിലും നേതൃപരമായ പങ്കും വഹിച്ചു. അസാധാരണവ്യക്തിത്വത്തിന്റെ ഉടമയായിരിക്കുന്പോഴും തികച്ചും സാധാരണക്കാരനായി അദ്ദേഹം ജീവിച്ചു– ഭാരത് ഭവനിൽ നടന്ന അനുസ്‌മരണസമ്മേളനത്തിൽ സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.
എനർജി മാനേജ്‌മെന്റ് സെന്ററിനെ ഉയർത്തിക്കൊണ്ടുവരുന്നതിലും പ്രധാന പങ്കുവഹിച്ചു. 1996ൽ വൈദ്യുതിമന്ത്രിയായിരിക്കെ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാനായി. നാട് കാണുന്നതിന് അപ്പുറമുള്ള അംഗീകാരം അന്താരാഷ്‌ട്രതലത്തിൽ അദ്ദേഹത്തിന് ലഭിച്ചിരുന്നു. ചില കോൺഫറൻസുകളിൽ മറ്റു രാജ്യങ്ങളിലെ ശാസ്‌ത്രജ്ഞർ വലിയ ആദരവോടെയാണ് സമീപിച്ചിരുന്നത്.
ശാസ്‌ത്രസാഹിത്യ പരിഷത്തിനെ നയിച്ച അദ്ദേഹം, സംഘടനയെ ഉയർത്തിക്കൊണ്ടുവരുന്നതിലും നല്ല പങ്കുവഹിച്ചു. പരിഷത്തിന്റെ പ്രസിദ്ധീകരണങ്ങൾ കുട്ടികളുടെയും കൗമാരക്കാരുടെയും പ്രിയപ്പെട്ട പ്രസിദ്ധീകരണമായി മാറിയത് പ്രൊഫ. ദാമോദരന്റെകൂടി ഇടപെടലിന്റെ ഭാഗമായിട്ടാണെന്നും മുഖ്യമന്ത്രി അനുസ്‌മരിച്ചു.
വി കെ ദാമോദരനെപ്പോലുള്ളവർ കൊളുത്തിവച്ച വെളിച്ചം അണയാതിരിക്കാനുള്ള ജാഗ്രത കാട്ടണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സി പി നാരായണൻ, മുൻ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ്, ടി രാധാമണി, പ്രൊഫ. കെ പി സുധീർ, എനർജി മാനേജ്‌മെന്റ് സെന്റർ ഡയറക്ടർ ഡോ. ഹരികുമാർ, ഡോ. ടി ആർ സന്തോഷ്‌കുമാർ, ദേവിക മുരളി, ഗോപകുമാർ, അലക്‌സാണ്ടർ വർഗീസ്, സജിത ശങ്കർ, ഡോ. ബാബു അന്പാട്ട്, ഹരി പ്രഭാകരൻ, ആർ പാർവതിദേവി, കെ അശോക്‌കുമാർ, ജി ഷിംജി, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ടി കെ മീരാഭായ് തുടങ്ങിയവരും സംസാരിച്ചു. ശാസ്‌ത്രസാഹിത്യ പരിഷത്താണ് അനുസ്‌മരണം സംഘടിപ്പിച്ചത്.









0 comments