മുഖ്യമന്ത്രി ഇടപെട്ടു ; സുരേഷ് ഗോപി അപമാനിച്ച വയോധികന് സഹായമെത്തിക്കും

തൃശൂർ/ ചേർപ്പ്
കേന്ദ്രമന്ത്രി സുരേഷ് ഗോപി അപമാനിച്ച് വിട്ട കൊച്ചുവേലായുധനെ സഹായിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കലക്ടർ അർജുൻ പാണ്ഡ്യന് നിർദേശം നൽകി. തിങ്കളാഴ്‌ച കൊച്ചുവേലായുധനെ കണ്ടശേഷം തഹസിൽദാർ തുടർനടപടി സ്വീകരിക്കുമെന്ന് കലക്ടർ അറിയിച്ചു.
കഴിഞ്ഞ ദിവസം ചാഴൂർ പഞ്ചായത്തിലെ പുള്ള് പ്രദേശത്ത് വികസന ചർച്ചയ്ക്കെത്തിയപ്പോഴാണ് സുരേഷ് ഗോപി, വീടിന് സഹായം ആവശ്യപ്പെട്ട് നിവേദനം നൽകാനെത്തിയ എൺപതുകാരൻ തായാട്ട് കൊച്ചു വേലായുധനെ അവഹേളിച്ചത്.
"ബിജെപിക്കാർ പറഞ്ഞിട്ടാണ് വീടിന് സഹായം ആവശ്യപ്പെട്ട് അപേക്ഷയുമായി മകനോടൊപ്പം സുരേഷ് ഗോപിയെ കാണാൻപോയത്. എന്നാൽ അപേക്ഷ വാങ്ങാൻപോലും തയ്യാറാകാതെ ആൾക്കൂട്ടത്തിൽവച്ച് അപമാനിച്ചുവിട്ടു. സഹായിച്ചില്ലെങ്കിലും വിഷമമുണ്ടാകുമായിരുന്നില്ല. ഇങ്ങനെ പെരുമാറേണ്ടിയിരുന്നില്ല. അപ്പോൾത്തന്നെ മൈക്ക് പിടിച്ചുവാങ്ങി പ്രതിഷേധിച്ചാലോ എന്ന് ആലോചിച്ചതാണ്. കേന്ദ്രമന്ത്രിയെ പൊതുജനമധ്യത്തിൽ അവഹേളിക്കുന്നത് ശരിയല്ലല്ലോ എന്ന് കരുതി തിരികെ വീട്ടിലേക്ക് പോന്നു’ – കൊച്ചു വേലായുധൻ പറഞ്ഞു.
കൂലിപ്പണിക്കാരനായിരുന്ന കൊച്ചു വേലായുധന്റെ ഓട് മേഞ്ഞ വീടിന്റെ മേൽക്കൂര രണ്ട് വർഷംമുമ്പ് തെങ്ങ് വീണ് തകർന്നു. അടിയന്തര സഹായമായി സംസ്ഥാന സർക്കാർ 20,000 രൂപ അനുവദിച്ചു. എന്നാൽ വേലായുധന് ഗുരുതര രോഗംബാധിച്ച് ചികിത്സയിലായതിനാൽ വീട് ശരിയാക്കാൻ കഴിഞ്ഞില്ല. തുടർന്ന് വീടിന് സമീപം ഒറ്റമുറി കുടിൽകെട്ടി അതിലാണ് ഭാര്യ സരോജിനിക്കും രണ്ട് മക്കൾക്കുമൊപ്പം താമസം. കൊച്ചു വേലായുധനോടുള്ള കേന്ദ്രമന്ത്രിയുടെ പെരുമാറ്റം കണ്ട് അന്തംവിട്ട, വടക്കേ പുള്ള് സ്വദേശി കൃഷ്ണനും അപേക്ഷ നൽകാതെ തിരിച്ചുപോന്നിരുന്നു.









0 comments