കുഞ്ഞുങ്ങളിലേക്ക് ലഹരിയെത്തുന്ന എല്ലാ മാർഗവും തടയാനാകണം: മുഖ്യമന്ത്രി

കാസർകോട്
കുഞ്ഞുങ്ങളിലേക്ക് ലഹരിയെത്തുന്ന മാർഗങ്ങളെല്ലാം തടയുകയെന്നത് ശ്രദ്ധയോടെയും ഉത്തരവാദിത്വത്തോടെയും നിർവഹിക്കേണ്ട കടമയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കായികവകുപ്പിന്റെ ലഹരിവിരുദ്ധ സന്ദേശ യാത്ര ‘കിക്ക് ഡ്രഗ്സി’ന്റെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികളെ കായികമായും മാനസികമായും ഉന്മേഷമുള്ളവരായി നിലനിർത്തുക പ്രധാനമാണ്. അധ്യാപകരും വിദ്യാർഥികളും ഉൾപ്പെടുന്ന കായിക പരിപാടികളിലൂടെ കുട്ടികൾക്ക് ഉണർവ് പകരാൻ സാധിക്കും. കുട്ടികൾ ഉന്മേഷത്തോടെ വീടുകളിലേക്ക് മടങ്ങണം. അങ്ങനെ വന്നാൽ അരുതാത്ത ശീലങ്ങൾക്ക് കുട്ടികളെ സ്വാധീനിക്കാൻ സാധിക്കില്ല. ഇത് പരിഗണിച്ചാണ് സൂംബാ ഡാൻസ് ഉൾപ്പെടെയുള്ള പരിപാടികൾ സ്‌കൂളുകളിൽ സർക്കാർ ആലോചിച്ചത്.
എല്ലാ സ്‌കൂളുകളിലും കായികവിനോദങ്ങളും കലാ -സാഹിത്യ പരിപാടികളും സംഘടിപ്പിക്കാനാകണം. കളിക്കാനുള്ള സൗകര്യങ്ങൾ നാട്ടിലും വീടിനടുത്തുമൊക്കെ ഉണ്ടാകണം. അതിന് സൗകര്യം ഒരുക്കുന്നതിനുള്ള നടപടി തദ്ദേശസ്ഥാപനങ്ങളും സമൂഹവും ഏറ്റെടുക്കണം. ഈ കാര്യത്തിൽ രക്ഷിതാക്കൾക്കും ബോധവൽക്കരണം വേണം. ‘നോ ടു ഡ്രഗ്സ്' എന്നത് അക്ഷരാർഥത്തിൽ പ്രാവർത്തികമാക്കാനും 'ജീവിതമാണ് ലഹരി' എന്നതിൽ ഊന്നിനിൽക്കാനും പറ്റണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കായികമന്ത്രി വി അബ്ദുറഹിമാൻ അധ്യക്ഷനായി.








0 comments