കാട്ടുപന്നി: കേന്ദ്ര അവഗണനയിൽ മലയോര കർഷകർ ആശങ്കയിൽ


സ്വന്തം ലേഖകൻ
Published on Jun 09, 2025, 05:13 PM | 1 min read
തിരുവനന്തപുരം: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളിയതോടെ മലയോര കർഷകർ വീണ്ടും ആശങ്കയിൽ. ഒരുവിധത്തിലും കർഷകരെ ജീവിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് കേന്ദ്രസർക്കാർ. കേന്ദ്ര വന്യജീവി സംരക്ഷണനിയമത്തിൽ ഭേദഗതി വരുത്തണമെന്നും കാട്ടുപന്നിയെ നിയമത്തിലെ 62–-ാം വകുപ്പ് പ്രകാരം ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നുമാണ് സംസ്ഥാനം ആവശ്യപ്പെട്ടത്.
കാട്ടുപന്നികൾ മനുഷ്യജീവനും കൃഷിക്കും ഭീഷണിയാകുന്ന സാഹചര്യത്തിൽ കൊല്ലാനുള്ള അവകാശം സംസ്ഥാന സർക്കാർ നേരത്തേ നൽകിയിരുന്നു. എന്നാൽ കേന്ദ്ര വനനിയമത്തിൽ സംരക്ഷിതമൃഗങ്ങളുടെ രണ്ടാം പട്ടികയിലാണ് ഇതിനെ ഉൾപ്പെടുത്തിയത്. ഇത് മാറ്റില്ലെന്ന നിലപാട് പ്രഖ്യാപിച്ച് കർഷകരെ വെല്ലുവിളിക്കുകയാണ് കേന്ദ്രം. കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും തള്ളി.
മനുഷ്യവന്യജീവി സംഘർഷങ്ങൾ ലഘൂകരിക്കാനായി സംസ്ഥാന സർക്കാർ നടത്തുന്ന ഇടപെടലുകൾക്ക് തടസമാകുന്ന സമീപനമാണ് കേന്ദ്രത്തിന്റേത്. പന്നിയെ കൊന്നൊടുക്കുന്ന അംഗീകൃത ഷൂട്ടർമാർക്കുള്ള ഹോണറേറിയം സംസ്ഥാനസർക്കാർ വർധിപ്പിച്ചിരുന്നു.
സംസ്ഥാനസവിശേഷ ദുരന്തമായി മനുഷ്യവന്യജീവി സംഘർഷം ഉൾപ്പെടുത്തിയ സാഹചര്യത്തിൽ ഇത്തരം പ്രതിരോധ നടപടിക്ക് വേണ്ടിവരുന്ന തുക സംസ്ഥാന ദുരന്ത പ്രതികരണനിധിയിൽനിന്ന് ചെലവഴിക്കാനുള്ള നിർദേശം മുഖ്യമന്ത്രി പിണറായി വിജയനും നൽകിയിരുന്നു. കർഷകനെ സംരക്ഷിക്കുന്ന സംസ്ഥാനത്തിന്റെ ഇടപെടലുകൾക്ക് തടസ്സം നിൽക്കുന്ന കേന്ദ്രത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.









0 comments