മുനമ്പം വഞ്ചിച്ചവരെ ജനങ്ങൾക്ക് മനസ്സിലായി: ടി പി രാമകൃഷ്‌ണൻ

കോഴിക്കോട്: വഖഫ് നിയമത്തിന്റെ അടിസ്ഥാനത്തിൽ മുനമ്പം നിവാസികളെ വിശ്വസിപ്പിച്ച് വഞ്ചിച്ചത് ആരാണെന്ന് എല്ലാവർക്കും അറിയാമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്‌ണൻ. ഒരുവിഭാഗം ആളുകൾ ഈ നിയമം വന്നാൽ മുനമ്പത്തെ പ്രശ്‌നങ്ങൾക്കാകെ പരിഹാരം കാണുമെന്നാണ് ബോധ്യപ്പെടുത്തിയത്. അത് ജനങ്ങൾ തിരിച്ചറിഞ്ഞു–കോഴിക്കോട് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുനമ്പത്തെ നിലപാട് സംസ്ഥാന സർക്കാർ അർഥശങ്കയ്ക്ക് ഇടയില്ലാതെ വ്യക്തമാക്കിയതാണ്.
മുനമ്പത്തെ കുടുംബങ്ങളുടെ സംരക്ഷണത്തിന് ആവശ്യമായ കാര്യങ്ങൾ സ്വീകരിക്കണം അവിടുത്തെ കുടുംബങ്ങളുടെ പക്ഷത്തിന് ഒപ്പമാണ് സർക്കാർ. ഇപ്പോൾ പാസാക്കിയ വഖഫ് നിയമത്തിലെ ഏതു വകുപ്പാണ് മുനമ്പത്തിന്റെ പ്രശ്‌നങ്ങൾ പരിഹാരം ഉണ്ടാകുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല. കൈവശക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സംസ്ഥാന സർക്കാർ പ്രായോഗിക നിലപാടാണ് സ്വീകരിച്ചത്. സങ്കീർണമായ പ്രശ്‌നമായതിനാൽ ജുഡീഷ്യറി കമ്മറ്റിയുടെ പരിശോധനയക്ക് വിധേയമാക്കി അവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശാശ്വതപരിഹാരം എന്നതാണ് സർക്കാർ നിലപാട്. ആ നിലപാടിൽ ഇപ്പോഴും മാറ്റമില്ല. ഇനി ഞങ്ങൾക്ക് സംസ്ഥാന സർക്കാരേ ആശ്രയമുള്ളു. സംസ്ഥാനം ഇതിൽ ന്യായമായ തീരുമാനമെടുക്കണമെന്ന നിലപാട് ചിലർ മുന്നോട്ട് വെച്ചിട്ടുണ്ട്.
മതന്യൂനപക്ഷത്തിന് സംരക്ഷണം ഇല്ലാതാക്കുന്നതാണ് വഖഫ് നിയമ ഭേദഗതി, വഖഫിൽ മുസ്ലിങ്ങളുടെ അവകാശം ഇല്ലാതാക്കുന്നതിനോട് യോജിക്കാനാകില്ല. ന്യൂനപക്ഷ അവകാശം ഇല്ലാതാക്കുന്നതിന്റെ ഭാഗമാണ് വഖഫ് ഭേദഗതി നിയമം.









0 comments