പെൻഷൻതുക പോലും പാവങ്ങൾക്ക് കൃത്യമായി വിതരണം ചെയ്യാൻ ഒരുകാലത്തും യുഡിഎഫിനായില്ല: ഐസക്ക്

'തുച്ഛമായ പെൻഷൻതുക പോലും പാവങ്ങൾക്ക് കൃത്യമായി വിതരണം ചെയ്യാൻ ഒരുകാലത്തും യുഡിഎഫ് സർക്കാർ ശ്രദ്ധിച്ചിരുന്നില്ല. അങ്ങനെ പണം ചെലവഴിക്കൽ യുഡിഎഫിന്റെ നയമല്ല, മുൻഗണനയുമല്ല. കേരളത്തിൽ ക്ഷേമപെൻഷൻ നടപ്പാക്കിയതിന്റെയോ പെൻഷൻ തുക കാലോചിതമായി പരിഷ്കരിച്ചതിന്റെയോ ഒരു ക്രെഡിറ്റും യുഡിഎഫിന് ഇല്ലാത്തതിന്റെ കാരണവും അതാണ്'- തോമസ് ഐസക് എഴുതുന്നു
ഫേസ്ബുക്ക് കുറിപ്പ്
പാവങ്ങൾക്കുള്ള ക്ഷേമപെൻഷൻ വിതരണം ചെയ്യുന്നത് വോട്ടുകിട്ടാനുള്ള കൈക്കൂലിയാണത്രേ. കോൺഗ്രസിന്റെ വലിയ നേതാക്കളിൽ ഒരാളായ കെ.സി. വേണുഗോപാലിന്റെ പ്രസ്താവന ക്ഷേമപെൻഷൻ സംബന്ധിച്ച് ആ പാർടിയുടെ ഉള്ളിലിരിപ്പിന്റെ സൂചനയാണ്. തുച്ഛമായ പെൻഷൻതുക പോലും പാവങ്ങൾക്ക് കൃത്യമായി വിതരണം ചെയ്യാൻ ഒരുകാലത്തും യുഡിഎഫ് സർക്കാർ ശ്രദ്ധിച്ചിരുന്നില്ല. അങ്ങനെ പണം ചെലവഴിക്കൽ യുഡിഎഫിന്റെ നയമല്ല, മുൻഗണനയുമല്ല. കേരളത്തിൽ ക്ഷേമപെൻഷൻ നടപ്പാക്കിയതിന്റെയോ പെൻഷൻ തുക കാലോചിതമായി പരിഷ്കരിച്ചതിന്റെയോ ഒരു ക്രെഡിറ്റും യുഡിഎഫിന് ഇല്ലാത്തതിന്റെ കാരണവും അതാണ്.
കേരളത്തിൽ ക്ഷേമപെൻഷനുകൾക്ക് തുടക്കം കുറിച്ചത് 1980-ലെ ഇ.കെ. നായനാർ സർക്കാരാണ്. 60 വയസ് കഴിഞ്ഞ കർഷകത്തൊഴിലാളികൾക്ക് പ്രതിമാസം 45 രൂപ നിരക്കിൽ പെൻഷൻ അനുവദിച്ചു. എന്തൊരു പുകിലായിരുന്നു അന്ന്. ഇങ്ങനെ പെൻഷൻ ഏർപ്പെടുത്തുന്നത് പ്രായോഗികമല്ലെന്ന് വിമർശിച്ചത് അന്നത്തെ കോൺഗ്രസ് നേതാവ് കെ കരുണാകരൻ. ആ കരുണാകരന്റെ അനുയായിട്ടാണ് കെ.സി. വേണുഗോപാൽ രാഷ്ട്രീയത്തിൽ കരുത്തനായത്. ഉല്പാദനപരമല്ലാത്ത ഇത്തരം കാര്യങ്ങൾക്ക് പണം ചെലവഴിക്കുന്നത് ധൂർത്താണെന്നാണ് പല പണ്ഡിതന്മാരും വിമർശിച്ചു. യുഡിഎഫ് അവരോടൊപ്പമായിരുന്നു. അതിനെയൊക്കെ മറികടന്നാണ് നിശ്ചയദാർഡ്യത്തോടെ ഇ.കെ. നായനാർ സർക്കാർ പെൻഷൻ പദ്ധതിക്ക് തുടക്കംകുറിച്ചത്.
1982-ൽ നായനാർ സർക്കാർ അധികാരമൊഴിഞ്ഞു. തുടർന്നു വന്ന കരുണാകരൻ സർക്കാർ ഒറ്റപ്പൈസ പെൻഷൻ കൂട്ടാൻ തയ്യാറായില്ല. ഈ പെൻഷൻ 60 രൂപയായി വർദ്ധിപ്പിക്കാൻ 1987-ലെ ഇ.കെ. നായനാരുടെ സർക്കാർ വീണ്ടും അധികാരത്തിലേറുന്നതുവരെ കാത്തിരിക്കേണ്ടിവന്നു. മറ്റുചില വിഭാഗങ്ങൾക്കും ക്ഷേമനിധികൾ രൂപീകരിക്കപ്പെട്ടു.
അടുത്ത അഞ്ച് വർഷം യുഡിഎഫിന്റെ ഊഴമായിരുന്നു. ഒരു പൈസപോലും പെൻഷൻ ഉയർത്തിയില്ല. 1996-ലെ ഇ.കെ. നായനാർ സർക്കാർ പെൻഷൻ 120 രൂപയായി വർദ്ധിപ്പിച്ചു. കേന്ദ്ര സർക്കാർ ആരംഭിച്ച 120 രൂപ വയോജന പെൻഷന്റെ പ്രഖ്യാപനം വന്നത് യുഡിഎഫിന്റെ കാലത്താണ്. അതുപോലും പ്രാബല്യത്തിൽ കൊണ്ടുവരാൻ ഇ.കെ. നായനായർ മുഖ്യമന്ത്രിയായി വരേണ്ടിവന്നു.
2006-ലെ ഇടതുസർക്കാർ അധികാരത്തിൽ വരുമ്പോൾ എന്തായിരുന്നു സ്ഥിതി? അന്ന് 120 രൂപയായിരുന്ന പെൻഷൻ 28 മാസം കുടിശിക വരുത്തിയിട്ടാണ് എ.കെ. ആന്റണി സർക്കാർ അധികാരമൊഴിഞ്ഞത്. ആ കുടിശിക കൊടുത്തു തീർത്ത ശേഷമാണ് വിഎസ് സർക്കാർ ഭരണം തുടങ്ങിയത്. ഞങ്ങള്‍ അത് 500 രൂപയാക്കി ഉയർത്തി എന്നു മാത്രമല്ല, ആ സർക്കാരിന്റെ കാലത്ത് ഒരു രൂപ പോലും കുടിശികയുമുണ്ടായിരുന്നില്ല.പിന്നീട് ഉമ്മൻ ചാണ്ടി സർക്കാർ വന്നു. അവരുടെ ഭരണം അവസാനിച്ചപ്പോൾ 600 രൂപ പെൻഷൻ 18 മാസം കുടിശികയുമായി. ആ കുടിശിക കൊടുത്തു തീർത്തത് ഒന്നാം പിണറായി സർക്കാരാണ്. ഇതുവരെ ഒരു രൂപയും കുടിശിക വന്നിട്ടില്ലെന്നു മാത്രമല്ല, പെൻഷൻ 600-ൽ നിന്ന് 1600 രൂപയായി ഉയർത്തുകയും ചെയ്തു.
2006 മുതൽ ഇതുവരെയുള്ള കാലമെടുത്താൽ സാമൂഹ്യക്ഷേമ പെൻഷൻ 110-ൽ നിന്ന് 1600 രൂപയായി. അതിൽ യുഡിഎഫ് സർക്കാർ വരുത്തിയത് വെറും 100 രൂപയുടെ വർദ്ധന. അതു തന്നെ ഒന്നര വർഷം കുടിശികയുമാക്കി. ഇതാണ് യുഡിഎഫിന്റെ സംഭാവന.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് 34 ലക്ഷം പേർക്ക് ആയിരുന്നു പെൻഷൻ എങ്കിൽ ഇന്ന് 62 ലക്ഷം പേർക്ക് പെൻഷൻ ഉണ്ട്. പെൻഷൻകാരുടെ എണ്ണം വെട്ടിക്കുറയ്ക്കുകയല്ല, ഇരട്ടിയായി വർദ്ധിപ്പിക്കുകയാണ് എൽഡിഎഫ് ചെയ്തത്. പക്ഷേ, മരിച്ചുപോയവരുടെ പെൻഷൻ തുടർന്നും വാങ്ങുന്നതിനെതിരായി അനർഹർ വാങ്ങുന്നതിനുമെതിരായി ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി അർഹരായ ആർക്കെങ്കിലും പെൻഷൻ നിഷേധിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അത് പുനപരിശോധിക്കുന്നതിന് ഒരു മടിയുമില്ല.
ഈ യുഡിഎഫും ബിജെപിയും ചേർന്നാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് മറിയച്ചേടത്തിയെ ചട്ടിക്കലവുമായി സമരത്തിന് ഇറക്കിയതെന്നത് വലിയൊരു വിരോധാഭാസമാണ്.
ക്ഷേമപെൻഷനുകൾ ഇടതുപക്ഷത്തിന്റെ വലിയ നേട്ടമാണ്. 2021-ലെ തെരഞ്ഞെടുപ്പിൽ ക്ഷേമപെൻഷനുകൾ ലഭിക്കുന്നവർ ഇടതുപക്ഷത്തിന് വലിയ പിന്തുണ നൽകി. അതുകൊണ്ട് കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ ക്ഷേമപെൻഷനുകൾ സംബന്ധിച്ച് വലിയ ദുഷ്പ്രചാരണമാണ് യുഡിഎഫ് നടത്തിയത്. മാസംതോറും പെൻഷൻ നൽകുന്നതിന് കഴിഞ്ഞില്ല. ഇത് ഇടതുപക്ഷ സർക്കാരിന്റെ അനാസ്ഥമൂലമാണെന്ന ദുഷ്പ്രചാരണമാണ് യുഡിഎഫ് നടത്തിയത്. ചട്ടിക്കലവുമായി ഇടങ്ങിയ മറിയച്ചേടത്തി ആയിരുന്നു യുഡിഎഫ് പ്രചാരണത്തിന്റെ മുഖ്യതേരാളി.
ക്ഷേമപെൻഷൻ ജനങ്ങളുടെ അവകാശമാണ്. അത് മാസംതോറും ലഭിക്കേണ്ടത് ജനങ്ങളുടെ അവകാശമാണെന്ന് കരുതുന്നതിൽ ഇടതുപക്ഷത്തിന് അഭിമാനമേയുള്ളൂ. കാരണം ഞങ്ങളാണ് ആ അഭിമാനം സൃഷ്ടിച്ചത്. ഇടതുപക്ഷ സർക്കാരുകളാണ് 28 മാസവും 18 മാസവും പെൻഷൻ കുടിശികയാക്കിയ യുഡിഎഫിന്റെ പാരമ്പര്യം ഇല്ലാതാക്കിയത്.
കോവിഡിനു മുൻപുവരെയും പെൻഷൻ വർഷത്തിൽ 3-4 തവണകളായിട്ടാണ് നൽകിവന്നത്. യുഡിഎഫ് ഇക്കാര്യത്തിലും കുടിശിക വരുത്തിയെന്നതാണ് അനുഭവം. 2016-ലെ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ വാഗ്ദാനമായിരുന്നു പെൻഷൻ വീട്ടിൽ എത്തിച്ചുതരുമെന്നുള്ളത്. ആവശ്യപ്പെട്ട എല്ലാവർക്കും സഹകരണ ബാങ്കുകൾ വഴി പെൻഷൻ ഇപ്പോൾ വീട്ടിലാണ് എത്തിക്കുന്നത്.
എന്നാൽ മാസംതോറും പെൻഷൻ വീട്ടിൽ എത്തിക്കുന്നതിന് ഒരു വലിയ വൈതരണി ഉണ്ടായിരുന്നു. പെൻഷൻ എല്ലാ മാസവും കൃത്യദിവസം നൽകാൻ പണം ട്രഷറിയിൽ ഉണ്ടായെന്നു വരില്ല. ഇത് മറികടക്കാൻ കോവിഡ് കാലത്ത് പെൻഷൻ കമ്പനി രൂപീകരിച്ചു. തല്ക്കാലമായി കൈവായ്പയെടുത്ത് പെൻഷൻ മുടങ്ങാതെ മാസംതോറും പെൻഷൻ കമ്പനി നൽകും. സർക്കാരിന്റെ കൈയിൽ പണം എത്തുമ്പോൾ കമ്പനിക്ക് തിരിച്ചുനൽകും.
എന്നാൽ യുഡിഎഫിന്റെ പിന്തുണയോടെ കേന്ദ്ര ബിജെപി സർക്കാർ പ്രതിമാസ പെൻഷൻ പൊളിച്ചു. അവർ ഇതിനെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. പെൻഷൻ കമ്പനി പൊളിഞ്ഞതോടെ പ്രതിമാസ പെൻഷൻ വിതരണം താറുമാറായി. പണ്ടത്തെപ്പോലെ 3-4 മാസം കുടിശികയായി.
മറ്റൊരാക്ഷേപം രണ്ടാം പിണറായി സർക്കാർ ക്ഷേമ പെൻഷനുകൾ വർദ്ധിപ്പിച്ചിട്ടില്ലായെന്നതാണ്. ക്ഷേമ പെൻഷനുകൾ 2500 രൂപയായി വർദ്ധിപ്പിക്കാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതിജ്ഞാബദ്ധമാണ്. പക്ഷേ, കേന്ദ്ര സർക്കാർ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിമൂലം അതിന് സർക്കാരിന് ഇപ്പോൾ കഴിയുന്നില്ല.
ഒരു കാര്യം ഓർമ്മിപ്പിക്കട്ടെ. 2016-ലെ തെരഞ്ഞെടുപ്പിൽ പെൻഷൻ 1000 രൂപയാക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ 1600 രൂപയായിട്ടല്ലേ വർദ്ധിപ്പിച്ചത്. കാശ് ഉണ്ടെങ്കിൽ പാവങ്ങൾക്ക് നൽകാൻ യാതൊരു മടിയുമില്ല. അതാണ് ഇടതുപക്ഷം.ഇതൊരു നയപ്രശ്നമാണ്. പാവങ്ങൾക്ക് സാമൂഹ്യക്ഷേമം ഉറപ്പുവരുത്തുക എന്നത് ഇടതുപക്ഷ നിലപാട്. പാവങ്ങളെ അങ്ങനെ ഖജനാവിൽ നിന്ന് പണം മുടക്കി സംരക്ഷിക്കേണ്ടതില്ല എന്നത് വലതുപക്ഷ നിലപാടും. അതുകൊണ്ട്, ഇടതുപക്ഷ സർക്കാരുകൾ ക്ഷേമപെൻഷൻ തുക കാലോചിതമായി വർദ്ധിപ്പിക്കുകയും മുടക്കമില്ലാതെ വിതരണം ചെയ്യുകയും ചെയ്യും. വലതുപക്ഷ സർക്കാർ ഇതു രണ്ടും ചെയ്യില്ല. എന്നു മാത്രമല്ല, ഇക്കാര്യത്തിന് ഖജനാവിൽ നിന്ന് പണം മുടക്കുന്നതിലുള്ള ഈർഷ്യ അവർ പലതരത്തിൽ പ്രകടിപ്പിക്കുകയും ചെയ്യും. ക്ഷേമപെൻഷൻ ജനങ്ങൾക്കുള്ള കൈക്കൂലിയാണെന്ന കെ സി വേണുഗോപാലിന്റെ പരിഹാസം അത്തരമൊരു ഈർഷ്യയുടെ ബഹിർസ്ഫുരണമാണ്.
അതിനുള്ള മറുപടി ജനങ്ങളിൽ നിന്ന് കിട്ടും.









0 comments