'മനസ്സിനും ശരീരത്തിനും സമാധാനം നല്‍കുന്ന നാട്'

സന്തോഷ് ബാബു
Published on Aug 16, 2025, 01:46 AM | 1 min read
കൊച്ചി
കേരള ടൂറിസത്തിന്റെ പ്രദര്‍ശന സ്റ്റാളില്‍ ഒരു വിവാഹ ചടങ്ങിനെന്നപോലെ അലങ്കരിച്ചുനിര്‍ത്തിയിരിക്കുന്ന ബ്യൂഫോർഡ് 1930 മോഡല്‍ വിന്റേജ് കാറിനരികില്‍ ചിത്രത്തിന് പോസ് ചെയ്യുമ്പോഴാണ് റുമേനിയക്കാരി പട്രീഷ്യ കോസ്കായിയെ കണ്ടത്. സമൂഹമാധ്യമ ഇന്‍ഫ്ലുവന്‍സറും യാത്രാഎഴുത്തുകാരിയുമായ ഇവര്‍, കേട്ടറിഞ്ഞ കേരളത്തെ കണ്ടറിയാനാണ് വെഡ്ഡിങ്, മൈസ് ടൂറിസം കോണ്‍ക്ലേവിന് കൊച്ചിയിലെത്തിയത്.
മനസ്സിനും ശരീരത്തിനും സമാധാനം നല്‍കുന്ന നാടാണിതെന്നും കേട്ടതിനേക്കാള്‍ അതിശയിപ്പിക്കുന്ന കാഴ്ചകളാണ് ഈ കൊച്ചുനാട് ഉള്ളില്‍ ഒളിപ്പിച്ചുവച്ചിരിക്കുന്നതെന്നും പട്രീഷ്യ കോസ്കായി പറഞ്ഞു.
""വിവാഹാഘോഷങ്ങള്‍ക്കും കോണ്‍ഫറന്‍സുകള്‍ക്കും ഇണങ്ങിയ ഇന്ത്യയിലെ ഏറ്റവും മനോഹരമായ നാടാണ് കേരളം. ഇവിടത്തെ പരമ്പരാഗത വിവാഹ ആചാരങ്ങളും മനോഹരമാണ്. മികച്ച കാലാവസ്ഥയും ആയുര്‍വേദവും പ്രകൃതിയും ജീവിതരീതിയും സംസ്കാരവും വ്യത്യസ്ത അനുഭവമാണ് സമ്മാനിച്ചത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളും മികച്ച പാക്കേജുകളുമാണ് ഹോട്ടലുകളും റിസോര്‍ട്ടുകളും അവതരിപ്പിച്ചിരിക്കുന്നത്. ഇവിടെയെത്തുന്നവര്‍ക്ക് തെരഞ്ഞെടുക്കാന്‍ ഒരുപാട് അവസരം നല്‍കുന്ന മികച്ച ഭക്ഷണവിഭവങ്ങളും മറ്റൊരു പ്രത്യേകതയാണെ’’ന്നും ആഗോള സഞ്ചാരികളെ ഇന്നും ആകര്‍ഷിക്കുന്ന ഡ്രാക്കുളക്കോട്ടയുടെ നാട്ടില്‍നിന്നുവന്ന പട്രീഷ്യ പറഞ്ഞു.
തിരുവനന്തപുരത്ത് ഒരാഴ്ച ആയുര്‍വേദ ചികിത്സയും കഴിഞ്ഞാണ് നാട്ടിലേക്ക് മടങ്ങുകയെന്നും ബന്ധുക്കളും സുഹൃത്തുക്കളുമായി വീണ്ടും വരുമെന്നും അവർ പറഞ്ഞു.
റുമേനിയൻ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന, കലറ്റോറിയ പെർഫെക്ട, നെക്സ്റ്റ്ജോർണീസ് എന്നീ ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളുടെ ഉടമസ്ഥകൂടിയാണ് പട്രീഷ്യ.









0 comments