ആദ്യം രാജ്യം, പിന്നെ പാർടി : ശശി തരൂർ
പാർലമെന്റ് വർഷകാല സമ്മേളനം ; തരൂരിനെ വിലക്കിയേക്കും


സി കെ ദിനേശ്
Published on Jul 20, 2025, 03:42 AM | 2 min read
തിരുവനന്തപുരം
പാർലമെന്റിന്റെ വർഷകാല സമ്മേളനം തുടങ്ങാനിരിക്കെ, ഇടഞ്ഞുനിൽക്കുന്ന ശശി തരൂരിനോട് സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് കോൺഗ്രസിൽ ചർച്ച സജീവം. കോൺഗ്രസിനെ പ്രതിനിധീകരിച്ച് ശശി തരൂർ സംസാരിക്കുന്നത് വിലക്കണമെന്നാണ് ഉന്നത നേതാക്കൾ പറയുന്നത്. പ്രസംഗിക്കുന്നത് വിലക്കി വിപ്പ് നൽകുന്നതും പരിഗണനയിലുണ്ട്.
വിപ്പ് ലംഘിച്ചാൽ ലോക്‌സഭാംഗത്വം നഷ്ടമാകും. എന്നാൽ, അത് തരൂർ അവസരമാക്കുമോയെന്നും ആശങ്കയുമുണ്ട്. തനിക്ക് മതിയായ സമയം പാർലമെന്റിൽ കിട്ടുന്നില്ലെന്നും പല വിഷയങ്ങളും ഭാഷപോലും അറിയാത്ത കോൺഗ്രസ് എംപിമാരെയാണ് ഏൽപ്പിക്കുന്നതെന്നും തരൂരിന് പരാതിയുണ്ട്. പ്രസംഗിക്കാൻ അവസരം ചോദിച്ചതിന് പുറത്താക്കിയെന്ന വാദം തരൂരിന് ഉന്നയിക്കാനാകും. അതോടെ, പാർടിയിൽനിന്ന് പുറത്താക്കി രക്തസാക്ഷി പരിവേഷം നൽകേണ്ടതില്ലെന്നുള്ള ഹൈക്കമാൻഡിന്റെ തീരുമാനം വെറുതെയാകും.
ഓപ്പറേഷൻ സിന്ദൂറിനുശേഷമു വിദേശയാത്ര അനുഭവങ്ങൾ പറയാൻ തരൂർ ഉൾപ്പെടെയുള്ള എംപിമാർക്ക് ബിജെപി അവസരമൊരുക്കും. അതിലൂടെ കോൺഗ്രസിൽ വലിയ പൊട്ടിത്തെറികളാണ് ബിജെപി പ്രതീക്ഷിക്കുന്നത്. പുറത്താക്കുന്നതുവഴി തരൂർ മിടുക്കനാകേണ്ടെന്ന് കണ്ടാണ് കഴിഞ്ഞ ദിവസം ചേർന്ന പാർലമെന്ററി പാർടി യോഗത്തിലേക്ക് സ്ഥലത്തില്ലാതിരുന്നിട്ടും ക്ഷണിച്ചത്.
കേരളത്തിലെ നേതൃത്വം പൂർണമായും തരൂരിനെ കൈയൊഴിഞ്ഞ്, തീരുമാനം ഹൈക്കമാൻഡിനെ ഏൽപ്പിച്ചു. നിരന്തരമായ മോദി സ്തുതിക്കുപുറമെ അടിയന്തരാവസ്ഥയെ വിമർശിക്കുന്നതിന്റെ ഭാഗമായി ഇന്ദിരഗാന്ധിയെ തള്ളിപ്പറയാനും തരൂർ മടിച്ചില്ല. ഇതോടെയാണ് വിലക്ക് കടുപ്പിച്ചത്.
കേരളത്തിലെ പരിപാടികളിൽനിന്ന് പൂർണമായും അകറ്റി നിർത്തിയിരിക്കുകയാണ്. കൊച്ചിയിലുണ്ടായിട്ടും ശനിയാഴ്‌ച എറണാകുളം ഡിസിസിയുടെ സമരപരിപാടിയിലേക്ക് ക്ഷണിച്ചില്ല.
മല്ലികാർജുൻ ഖാർഗെ, കെ സി വേണുഗോപാൽ, കെ മുരളീധരൻ തുടങ്ങി പല നേതാക്കളും തരൂരിനെ പരിഹസിച്ചു. ഇരപിടിയൻ പക്ഷികളുടെ ചിത്രം പങ്കുവച്ചാണ് കോൺഗ്രസ് എം പി മാണിക്കം പരിഹസിച്ചത്. തരൂർ അവസരവാദിയാണെന്ന് കോൺഗ്രസ് മുഖപത്രം ലേഖനവുമെഴുതി.
ആദ്യം രാജ്യം, പിന്നെ പാർടി : ശശി തരൂർ
ആദ്യ പരിഗണന രാജ്യത്തിനാണെന്നും പിന്നീടാണ് പാർടി വരുന്നതെന്നും ശശി തരൂർ എംപി. ദേശീയസുരക്ഷയുടെ കാര്യത്തിൽ ചിലപ്പോൾ മറ്റ് പാർടികളുമായി സഹകരിക്കേണ്ടി വരും. ഇത് സ്വന്തം പാർടിയോടുള്ള വിധേയത്വമില്ലായ്മയായി വ്യാഖ്യാനിക്കപ്പെട്ടേക്കാമെന്നും തരൂർ പറഞ്ഞു. കൗൺസിൽ ഫോർ കമ്യൂണിറ്റി കോ–-ഓപ്പറേഷന്റെ രണ്ടാം വാർഷികത്തിൽ ‘സമാധാനവും ഐക്യവും ദേശീയവികസനവും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ ഇന്ത്യക്കാർക്കുംവേണ്ടിയാണ് സംസാരിച്ചതെന്നും തന്റെ പാർടിക്കാർക്കുവേണ്ടി മാത്രമല്ലെന്നും തരൂർ തുടർന്നുപറഞ്ഞു. അടിയന്തരാവസ്ഥയെക്കുറിച്ചുള്ള ലേഖനത്തിൽ ഗാന്ധി കുടുംബത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. 1997ൽ എഴുതിയ പുസ്തകത്തിൽ ഇക്കാര്യങ്ങൾ പരാമർശിച്ചിട്ടുണ്ട്. നടന്ന ചില സംഭവങ്ങളെക്കുറിച്ചും അതിലുൾപ്പെട്ട ചില വ്യക്തികളെക്കുറിച്ചുമാണ് ലേഖനം. അത് വായിക്കാത്തവരാണ് ഇന്ന് വിമർശിക്കുന്നത്.
കൊച്ചിയിൽ കോൺഗ്രസ് സംഘടിപ്പിച്ച പരിപാടികളിൽ പങ്കെടുക്കാത്തതിന് മറ്റു കാരണങ്ങളില്ല. ഇപ്പോൾ പങ്കെടുത്ത രണ്ട് പരിപാടികളും ക്ഷണം കിട്ടിയിട്ടുള്ളതാണെന്നും തരൂർ പറഞ്ഞു.









0 comments