വാവർ സ്വാമിയെ തീവ്രവാദിയായി ചിത്രീകരിച്ചു; പരാതി നൽകി പന്തളം രാജകുടുംബാംഗം

പന്തളം: പന്തളത്ത് വച്ച് നടന്ന ശബരിമല സംരക്ഷണ സംഗമത്തിൽ വാവർ സ്വാമിയെ തീവ്രവാദിയാക്കി വിദ്വേഷപ്രസംഗം നടത്തിയ ശാന്താനന്ദയ്ക്കെതിരെ പരാതി നൽകി പന്തളം രാജകുടുംബാംഗം. പന്തളം രാജകുടുംബാംഗമായ എ ആർ പ്രദീപ് വർമയാണ് പരാതി നൽകിയത്. സംഘ്പരിവാർ സംഘടനകൾ ചേർന്ന് നടത്തിയ ശബരിമല സംരക്ഷണ സംഗമത്തിൽ ശ്രീരാമദാസ മിഷൻ അധ്യക്ഷൻ ശാന്താനന്ദ നടത്തിയ പ്രസംഗത്തിന്മേലാണ് പരാതി. വാവർക്ക് ശബരിമലയുമായും അയ്യപ്പനുമായും പുലബന്ധം പോലും ഇല്ല. ആ വാവർ മുസ്‌ലിം ആക്രമണകാരിയാണ്. അയ്യപ്പനെ ആക്രമിച്ച് യുദ്ധത്തിൽ തോൽപ്പിക്കാൻ വന്ന തീവ്രവാദിയാണ്. അയാൾ പൂജ്യനല്ലെന്നും ശാന്താനന്ദ പറഞ്ഞു.
വാപുരൻ അഥവാ ശിവന്റെ ഭൂതം എന്നതാണ് ശരി. ഭക്തർക്ക് വാപുര സ്വാമിയുടെ നടയിൽ തേങ്ങയടിച്ച് അയ്യപ്പനെ ദർശിക്കാനുള്ള അവസരം ഉണ്ടാക്കണം. അതിന് വേണ്ടിയാണ് എരുമേലിയിൽ വാപുര സ്വാമി ക്ഷേത്രം ഉയരുന്നത്. വാപുരനെ കൊണ്ടുവന്ന് വാവരുടെ അമ്പലം തകർക്കണമെന്നും ശാന്താനന്ദ പറഞ്ഞു. മതസ്പർദയും വിദ്വേഷവും പരത്തുന്ന പ്രസംഗമാണ് ശാന്താനന്ദയുടേത് എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. കടുത്ത വർഗീയതയാണ് പരിപാടിയിലുടനീളം പ്രസംഗിച്ചവർ പറഞ്ഞത്. ഇതിനെതിരെ വിമർശനങ്ങളുമായി നിരവധിപേർ രംഗത്ത് വന്നു. ശബരിമലയുടെ വികസനം ലക്ഷ്യമിട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചതിന് പിന്നാലെയാണ് സംഘപരിവാർ സംഘടനകൾ വർഗീയലക്ഷ്യത്തോടെ ശബരില സംരക്ഷണ സംഗമവുമായി മുന്നോട്ടുവന്നത്.









0 comments