ബിജെപി നേതൃത്വത്തിന് തലവേദനയായി പാലക്കാട്; കൗൺസിലർമാർ രാജിവെച്ചാൽ ഭരണം നഷ്ടമാകും

പാലക്കാട്: ബിജെപി പാലക്കാട് ജില്ലാ പുനസംഘടനയ്ക്കെതിരായ ഒരു വിഭാഗം നേതാക്കളുടെ അതൃപ്തി സംസ്ഥാന നേതൃത്വത്തിന് തലവേദനയായി തുടരുന്നു. ബിജെപി ജില്ലാ പ്രസിഡന്റായി പ്രശാന്ത് ശിവനെ തെരഞ്ഞെടുത്തതിനെതിരെ പ്രതിഷേധം രൂക്ഷമായി തുടരുകയാണ്. തീരുമാനത്തിൽ പ്രതിഷേധിച്ച് പാലക്കാട് നഗരസഭയിൽ നിന്ന് കൂടുതൽ കൗൺസിലർമാർ രാജിവയ്ക്കുമെന്നു വിവരം.
ബിജെപി ദേശീയ കൗൺസിൽ അംഗം ഉൾപ്പെടെ പാലക്കാട് മുനിസിപ്പാലിറ്റിയിലെ ആറോളം പേർ ഇന്നലെ രാജി സന്നദ്ധത അറിയിച്ചിരുന്നു. ഭിന്നാഭിപ്രായമുള്ള നേതാക്കളുടെ നേതൃത്വത്തിൽ യോഗവും ചേർന്നു. കൂട്ടരാജിയുണ്ടായാൽ പാലക്കാട് മുൻസിപ്പാലിറ്റിയിൽ ബിജെപിക്ക് ഭരണം നഷ്ടപ്പെടും. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കൂടുതൽ വോട്ട് നേടിയവരെ മാറ്റിനിർത്തി ഏകപക്ഷീയമായി അധ്യക്ഷനെ തെരഞ്ഞെടുത്തു എന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആക്ഷേപം. ബിജെപി ജനറൽ സെക്രട്ടറി സി കൃഷ്ണകുമാറിന്റെ നോമിനിയായ പ്രശാന്ത് ശിവനെ തെരഞ്ഞെടുത്തതിൽ അട്ടിമറിയുണ്ടെന്നും നേതൃത്വം തിരുത്തണമെന്നുമാണ് എതിർവിഭാഗത്തിൻറെ ആവശ്യം.
തീരുമാനത്തിൽ പ്രതിഷേധിച്ച് പാർട്ടി ദേശീയ കൗൺസിൽ അംഗം എൻ ശിവരാജൻ ഉൾപ്പെടെയുള്ള നേതാക്കളാണ് നഗരസഭയിലെ കൗൺസിലർ സ്ഥാനം രാജി വെക്കുമെന്ന് മുന്നറിയിപ്പ് നൽകിയത്. നഗരസഭ ചെയർപേഴ്‌സൺ പ്രമീള ശശിധരൻ, വൈസ് ചെയർമാൻ ഇ കൃഷ്‌ണദാസ്, ആരോഗ്യ സ്‌റ്റാൻറിങ് കമ്മിറ്റി ചെയർമാൻ സ്മിതേഷ്, വിദ്യാഭ്യാസ സ്‌റ്റാൻറിങ് കമ്മിറ്റി ചെയർമാൻ സാബു, കെ ലക്ഷ്‌മണൻ എന്നിവരാണ് രാജിസന്നദ്ധത അറിയിച്ച മറ്റുള്ളവർ. പ്രശാന്ത് ശിവനെ പ്രസിഡൻറാക്കിയ നിലപാടിൽ പ്രതിഷേധമുള്ള നേതാക്കളുടെ നേതൃത്വത്തിൽ യോഗവും ചേർന്നു. 100 ഓളം പേരാണ് യോഗത്തിൽ പങ്കെടുത്തത്.









0 comments