പത്മനാഭസ്വാമി ക്ഷേത്രത്തിൽ പാൽ മോഷണം; ജീവനക്കാരൻ പിടിയിൽ

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ 25 ലിറ്റർ പാൽ മോഷ്ടിച്ച ജീവനക്കാരൻ പിടിയിൽ. അസിസ്റ്റന്റ് സ്റ്റോർ കീപ്പർ സുനിൽകുമാറിനെ ക്ഷേത്ര വിജിലൻസ് ആണ് പിടികൂടിയത്. കഴിഞ്ഞമാസം ക്ഷേത്രത്തിൽ 13 പവന്റെ സ്വർണദണ്ഡ് കാണാതായിരുന്നു. രണ്ടു ദിവസത്തിനുശേഷം മണലിൽ പൊതിഞ്ഞനിലയിൽ കണ്ടെത്തുകയായിരുന്നു.
സംഭവത്തിൽ എട്ട് പേരെ നുണപരിശോധനയ്ക്ക് വിധേയരാക്കാൻ ഫോർട്ട് പൊലീസ് കോടതിയെ സമീപിച്ചിരുന്നു. അഞ്ച് ക്ഷേത്ര ജീവനക്കാരും ശ്രീകോവിലിന്റെ വാതിൽ സ്വർണം പൊതിയുന്ന ജോലിചെയ്ത മൂന്ന് പേരും ഉൾപ്പെടെ എട്ടുപേർക്കാണ് നുണപരിശോധന. ഇവരെ ചോദ്യം ചെയ്തപ്പോൾ പരസ്പരവിരുദ്ധമായ മൊഴികളാണ് ലഭിച്ചതെന്ന് പൊലീസ് പറയുന്നു.
ക്ഷേത്രത്തിലെ നവീകരണത്തിന്റെ ഭാഗമായി സ്വർണം പൂശുന്ന പണിക്കിടെയാണ് കഴിഞ്ഞമാസം 10 ന് സ്വർണദണ്ഡ് കാണാതായത്. ഏഴിനാണ് സുരക്ഷാമുറിയിൽനിന്ന് ഇത് പുറത്തെടുത്തത്. പടിഞ്ഞാറേ നടയിലെ വാതിലിന്റെ പഴയ സ്വർണം മാറ്റി പുതിയ സ്വർണത്തകിട് ചേർക്കുന്ന ജോലി അവസാനിച്ചതിനുശേഷം സ്വർണം മുറിയിലേക്ക് മാറ്റിയിരുന്നു. പിന്നാലെ കണക്കെടുത്തപ്പോഴാണ് ദണ്ഡ് നഷ്ടപ്പെട്ട വിവരം അറിഞ്ഞത്.
വടക്കേ ശീവേലിപ്പുരയ്ക്ക് സമീപത്തെ മണലിൽനിന്ന് ദണ്ഡ് കണ്ടെത്തിയതാണ് സംശയത്തിനിടയാക്കിയത്. വാതിൽ സ്വർണംപൂശുന്ന ജോലിക്കാർ, ഒരു വിഭാഗം ജീവനക്കാർ, കാവൽനിന്ന പൊലീസുകാർ എന്നിവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഈ ഭാഗത്തെ സിസിടിവി പ്രവർത്തനരഹിതമായതും ദുരൂഹത ഉയർത്തി. സംഭവത്തിൽ 60 പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു.









0 comments