പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്ന് കാണാതായ സ്വർണം തിരിച്ചുകിട്ടി

തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽനിന്ന് കാണാതായ 13 പവന്റെ ദണ്ഡ് ക്ഷേത്രവളപ്പിലെ മണൽപ്പരപ്പിൽനിന്ന് കണ്ടുകിട്ടി. പൊലീസും ക്ഷേത്രസുരക്ഷാ ഉദ്യോഗസ്ഥരും ബോംബ് സ്‌ക്വാഡും ചേർന്ന് മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് നടത്തിയ തിരച്ചിലിൽ ഞായർ വൈകിട്ടാണ് ദണ്ഡ് ലഭിച്ചത്.
മണലിൽ പുതഞ്ഞ നിലയിലായിരുന്നു. ഏഴിനാണ് സുരക്ഷാമുറിയിൽനിന്ന് ഇത് പുറത്തെടുത്തത്. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചു. മോഷണശ്രമമാണെന്ന് കരുതുന്നില്ലെങ്കിലും കൂടുതൽ അന്വേഷണം നടത്തുമെന്ന് ഡിസിപി നകുൽ രാജേന്ദ്ര ദേശ്‌മുഖ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ശ്രീകോവിലിനുമുന്നിലെ വാതിൽ സ്വർണം പൊതിയുന്നതിനായാണ് ദണ്ഡ് പുറത്തെടുത്തത്. കാഡ്‌മിയം കലർന്നതിനാൽ കാഴ്‌ചയിൽ പിച്ചളയുടെ നിറമാണ്. പടിഞ്ഞാറേ നടയിലെ വാതിലിന്റെ പഴയ സ്വർണം മാറ്റി പുതിയ സ്വർണത്തകിട് ചേർക്കുന്ന ജോലി ബുധനാഴ്‌ചയാണ് അവസാനിച്ചത്. ഇതിനുശേഷം സ്വർണം മുറിയിലേക്ക് മാറ്റിയിരുന്നു. ശനിയാഴ്‌ച രാവിലെ കണക്കെടുത്തപ്പോഴാണ് ദണ്ഡ് നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. ക്ഷേത്രം അധികൃതരുടെ പരാതിയിൽ ഫോർട്ട് പൊലീസ് കേസെടുത്തിരുന്നു.









0 comments