താനൂരിൽ കുട്ടികളെക്കൊണ്ട് ബിജെപി–ആർഎസ്എസ് പ്രവർത്തകരുടെ കാല് കഴുകിച്ചു

ഒഴൂർ വേദവ്യാസ വിദ്യാഭവനിൽ നടന്ന കാലു കഴുകിച്ച് പൂജ.
താനൂർ: മലപ്പുറം താനൂരിൽ ഗുരുപൂജയെന്ന പേരിൽ കുട്ടികളെക്കൊണ്ട് അധ്യാപകരുടെയും പ്രാദേശിക ബിജെപി - ആർഎസ്എസ് പ്രവർത്തകരുടെയും കാലു കഴുകിച്ചു. ഒഴൂർ വേദവ്യാസ വിദ്യാഭവൻ സ്കൂളിലാണ് സംഭവം. വെള്ളിയാഴ്ചയാണ് വിദ്യാർഥികളെക്കൊണ്ട് കാല് കഴുകിക്കുന്ന വീഡിയോ സ്കൂളിൻ്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തത്.
ഗുരുപൂർണിമയുടെ മറവിലാണ് കുട്ടികളെക്കൊണ്ട് അധ്യാപകരുടെയും പ്രാദേശിക ബിജെപി-ആർഎസ്എസ് പ്രവർത്തകരുടെയും കാലുകഴുകിച്ച് പൂജ ചെയ്യിപ്പിച്ചത്. സർക്കാർ സ്കൂളിൽ നിന്നും വിരമിച്ച അധ്യാപകനാണ് പ്രസ്തുത സ്കൂളിലെ പ്രധാനാധ്യാപകൻ. ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിലാണ് കാല് കഴുകിക്കൽ ചടങ്ങ് നടത്തിയത്.
ആർഎസ്എസ് നിയന്ത്രണത്തിലുള്ള സ്കൂളിൽ നടന്ന പരിപാടിയിൽ അധ്യാപകർക്ക് പുറമെ കോടതിയിൽ നിന്നും വിരമിച്ച ആർഎസ്എസ് പ്രവർത്തകൻ്റെയുൾപ്പെടെ മറ്റ് ബിജെപി പ്രവർത്തകരുടെയും കാല് കഴുകിപ്പിച്ച് പൂജ നടത്തിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലെ സ്‌കൂളിന്റെ ഔദ്യോഗിക പേജുകളിൽ ഇതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പങ്കുവച്ചു.
കുട്ടികളെകൊണ്ട് അധ്യാപകരുടെയും ബിജെപി–ആർഎസ്എസ് പ്രവർത്തകരുടെ കാലുകളിൽ പനിനീർ, ജലം എന്നിവ കൊണ്ട് കഴുകി സിന്ദൂരം, ചന്ദനം എന്നിവ ചാർത്തിക്കുകയായിരുന്നു. സംഭവം പുറത്തായതോടെ സ്ഥലത്ത് പ്രതിഷേധം കനക്കുകയാണ്.









0 comments