അൻവറിന്റെ അനധികൃത സ്വത്തുസമ്പാദനക്കേസ്: ആദായനികുതി കമീഷണർ വിശദീകരണം നൽകണം

കൊച്ചി
അനധികൃത സ്വത്തുസമ്പാദനക്കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവ് പി വി അൻവറിനെതിരെ ആദായ നികുതിവകുപ്പ് അന്വേഷണം നടത്തിയില്ലെന്ന പരാതിയിൽ ഹൈക്കോടതി ഇടപെടൽ. കോടതിയലക്ഷ്യ ഹർജിയിൽ ആദായ നികുതിവകുപ്പ് പ്രിൻസിപ്പൽ കമീഷണറോട് വിശദീകരണം തേടി. ഇതുവരെ നടന്ന അന്വേഷണം വിശദീകരിക്കാനും ചീഫ് ജസ്റ്റിസ് നിധിൻ എം ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
മലപ്പുറം വിവരാവകാശ കൂട്ടായ്മ കോ-ഓർഡിനേറ്റർ കെ വി ഷാജിയാണ് ഹൈക്കോടതിയെ സമീപിച്ചത്. എംഎൽഎ ആയിരുന്ന കാലത്ത് പി വി അൻവർ സമ്പാദിച്ച സ്വത്തിൽ കണക്കുകൾ വ്യക്തമല്ലെന്നായിരുന്നു ആരോപണം. ഈ പരാതിയിൽ നേരത്തേ ഹൈക്കോടതിയിൽ ഒരു ഹർജിയുണ്ടായിരുന്നു. ഇതിൽ അന്വേഷണം നടത്തി വിശദീകരണം നൽകാൻ ഹൈക്കോടതി ആദായ നികുതിവകുപ്പ് പ്രിൻസിപ്പൽ കമീഷണറോട് നിർദേശിച്ചിരുന്നു. പലതവണ കോടതി നിർദേശം ഉണ്ടായിട്ടും അന്വേഷിക്കുകയോ റിപ്പോർട്ട് സമർപ്പിക്കുകയോ ചെയ്‌തില്ല. തുടർന്നാണ് കോടതിയലക്ഷ്യഹർജി നൽകിയത്.
കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതി നിർദേശിച്ചിട്ടും ഇൻകംടാക്സ് കൊച്ചി പ്രിൻസിപ്പൽ കമീഷണർ എതിർസത്യവാങ്മൂലം സമർപ്പിച്ചില്ല. പകരം കോഴിക്കോട് ഇൻകംടാക്‌സ് കമീഷണറാണ് എതിർ സത്യവാങ്മൂലം സമർപ്പിച്ചത്. എന്നാൽ, കോഴിക്കോട് കമീഷണർ കക്ഷിയല്ലെന്നും അവർക്ക് അന്വേഷിക്കാൻ നിർദേശമില്ലെന്നും കോടതി വ്യക്തമാക്കി. 64.14 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് അൻവർ തെരഞ്ഞെടുപ്പ് കമീഷനിൽ വെളിപ്പെടുത്തിയിരുന്നത്. എന്നാൽ, വരുമാനനഷ്ടം കാണിച്ച് 10 വർഷമായി ആദായ നികുതി അടച്ചിരുന്നില്ല.









0 comments