'ഇത്രയും വളർന്നത് കേരളത്തിൽ പ്രവർത്തിച്ചിട്ടല്ലേ?' വ്യവസായിയുടേത് രാഷ്‌ട്രീയനേതാവിന്റെ പ്രതികരണം: മന്ത്രി പി രാജീവ്

കൊച്ചി: കേരളം വ്യവസായത്തിന് പറ്റിയ മണ്ണല്ലെന്ന കിറ്റെക്‌സ് എംഡിയും ട്വന്റി20 പാർടിയുടെ നേതാവുമായ സാബു എം ജേക്കബിന്റെ ആരോപണത്തിന് മറുപടിയുമായി വ്യവസായമന്ത്രി പി രാജീവ്. ആ സ്ഥാപനം ഇത്രയും വളർന്ന് കേരളത്തിന്റെ മണ്ണിലാണ്. ഇന്ന് ലോകത്തിലെതന്നെ ഏറ്റവും പ്രധാനപ്പെട്ട കമ്പനിയായത് ഇവിടെത്തന്നെ പ്രവർത്തിച്ചിട്ടല്ലേ? കേരളം വിടുന്നു എന്നുപറഞ്ഞവർ ഇതുവരെ കേരളത്തിലല്ലാതെ എവിടെയും വ്യവസായം തുടങ്ങിയിട്ടില്ല- മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
രാഷ്‌ട്രീയപാർടി നേതാവ് രാഷ്‌ട്രീയപാർടി നേതാവിനെപ്പോലെ പ്രതികരിക്കണം. അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ രാഷ്‌ട്രീയതാൽപ്പര്യമുണ്ടാകും. വ്യവസായികളുടെ അഭിപ്രായമാണ് വേണ്ടതെങ്കിൽ ഫിക്കിയോടോ സിഐഐയോടോ കെഎസ്‌എസ്‌ഐഎയോടോ ചോദിക്കണമെന്നും മന്ത്രി പറഞ്ഞു.
വ്യവസായരംഗത്ത് കേരളത്തിലുണ്ടാകുന്ന നേട്ടങ്ങൾ ഇവിടുത്തെ മാധ്യമങ്ങൾ ചർച്ചചെയ്യുന്നില്ല. ലോകത്തിലെ ഏറ്റവും വലിയ എൻജിനിയറിങ് കൺസൾട്ടന്റായ എച്ച്‌സിഎൽ മാസങ്ങൾക്കുള്ളിൽ അവരുടെ രണ്ടാമത്തെ ക്യാമ്പസും കേരളത്തിൽ തുറന്നു. സംസ്ഥാന്തതെ വിദേശനിക്ഷേപത്തിലും ഒരുവർഷത്തിനുള്ളിൽ നൂറുശതമാനം വളർച്ചയുണ്ടായി. ഏറ്റവും മികച്ച വ്യവസായ അന്തരീക്ഷമുള്ള സംസ്ഥാനം കേരളമാണെന്നാണ് പത്മവിഭൂഷൺ ലഭിച്ച ഭാരത് ബയോടെക് സ്ഥാപകൻ കൃഷ്‌ണ എല്ല പറഞ്ഞത്. ഇവിടുത്തെ ചെറുപ്പക്കാർക്ക് നല്ല ശമ്പളമുള്ള ജോലി നൽകാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും വ്യവസായമന്ത്രി പറഞ്ഞു.









0 comments