കൊച്ചി മെട്രോ രാജ്യത്തിന്റെ അഭിമാന പദ്ധതി: മന്ത്രി പി രാജീവ്

കൊച്ചി: കൊച്ചി മെട്രോ ഇന്ന് രാജ്യത്തിന്റെ അഭിമാനകരമായ പദ്ധതിയായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്നും പ്രവര്‍ത്തന ലാഭമുണ്ടാക്കുന്ന ഒരു സ്ഥാപനമായി കൊച്ചി മെട്രോയ്ക്ക് മാറാന്‍ കഴിഞ്ഞത് അഭിമാനകരമാണെന്നും വ്യവസായ മന്ത്രി പി രാജീവ്. കൊച്ചി മെട്രോ ഇലക്ട്രിക് ബസ് സര്‍വ്വീസ് കളമശേരി ബസ്സ്റ്റാൻഡിൽ ഫ്ലാഗ് ഓഫ് ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്ത് ഒരിടത്തും മെട്രോ സാമ്പത്തികമായി ലാഭത്തില്‍ ഓടുന്നില്ല. എന്നാല്‍ മറ്റുപല ഘടകങ്ങളും പരിഗണിക്കുമ്പോഴാണ് ഇത്തരം പദ്ധതികള്‍ ലാഭത്തിലാണ് എന്ന് പറയാന്‍ കഴിയുക. ഇത്തരം സേവന പദ്ധതികള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഉല്‍പ്പാദനക്ഷമത കൂടും. മലീനികരണം കുറയും. കാര്യക്ഷമത വര്‍ധിക്കും. അങ്ങനെയുള്ള സാമൂഹ്യ ഘടകങ്ങള്‍ പരിഗണിക്കുമ്പോഴാണ് സമൂഹത്തിന് ഒരു പദ്ധതി ലാഭകരമാണ് എന്ന് കണക്കാക്കുന്നത്- പി രാജീവ് ചൂണ്ടിക്കാട്ടി.
മെട്രോയുടെ തുടക്കത്തില്‍ പാര്‍ക്കിംഗിനുള്ള സ്ഥലം വേണ്ടത്ര ഏറ്റെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ആ പോരായ്മ പരിഹരിക്കാനാണ് ഇപ്പോള്‍ കണക്ടിവിറ്റി സംവിധാനത്തിന് കൊച്ചി മെട്രോ നേതൃത്വം നല്‍കുന്നത്. വാട്ടര്‍ മെട്രോ ഇപ്പോള്‍ ദേശീയതലത്തില്‍ തുടങ്ങാന്‍ പോവുകയാണ് എന്നത് കേരളത്തിന് അഭിമാനക്കാവുന്ന കാര്യമാണ് എന്നും അദ്ദേഹം പറഞ്ഞു.
കളമശേരി മെഡിക്കല്‍ കോളെജില്‍ പുതിയ ബ്ലോക്ക് ഉല്‍ഘാടനം ചെയ്യാന്‍ പോവുകയാണ്. ജൂഡിഷ്യല്‍ സിറ്റിയുടെ രൂപരേഖയ്ക്ക് തത്വത്തില്‍ അംഗീകാരമായി. സീ പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ് ജില്ലയിലെ മുന്‍ഗണനാ പദ്ധതിയായി മാറ്റി. 900 കോടിയുടെ ലോജിസ്റ്റിക് പാര്‍ക്ക് തയ്യാറായിക്കൊണ്ടിരിക്കുന്നു. ഈ പ്രദേശം വലിയ മാറ്റത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. ഇലക്ട്രിക് ബസുകളുടെ കണക്ടിവിറ്റി വരുന്നതോടെ ജനങ്ങള്‍ക്ക് വളരെ സൗകര്യപ്രദമാകും എന്നുമാത്രമല്ല മെട്രോയ്ക്കും അത് ലഭാകരമാകുമെന്നും പി രാജീവ് പറഞ്ഞു.

കൊച്ചി മെട്രോ നഗരവാസികൾക്ക് മാത്രമല്ല ഉൾപ്രദേശങ്ങളിൽ ഉള്ളവർക്ക് കൂടി പ്രയോജനപ്പെടണം എന്നും അതിന് ഇലക്ടിക് ബസ് സർവ്വീസ് ഏറെ സഹായിക്കുമെന്നും ഹൈബി ഈഡൻ എം പി പറഞ്ഞു. എംഎൽഎ മാരായ കെ എൻ ഉണ്ണികൃഷ്ണൻ, അൻവർ സാദത്ത്, കളമശേരി മുനിസിപ്പൽ ചെയർപേഴ്സൺ സീമ കണ്ണൻ, കൗൺസിലർ ജമാൽ മണക്കാടൻ,
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബഹ്റ, അഡീഷണണൻ ജനറൽ മാനേജർ (അർബൻ ട്രാൻസ്പോർട്ട്) ഗോകുൽ റ്റി ജി, രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ തുടങ്ങിയവർ തുടങ്ങിയവർ സംസാരിച്ചു. ഫ്ലാഗ് ഓഫിനു ശേഷം മന്ത്രി പി രാജീവ്, ഹൈബി ഈഡൻ എം പി, എംഎൽമാർ തുടങ്ങിയവർ ഇലക്ടിക് ബസിൽ കളമശേരി മെട്രോ സ്റ്റേഷൻ വരെ യാത്ര ചെയ്തു.
വ്യാഴാഴ്ച രാവിലെ മുതൽ ആലുവ എയർപോർട്ട് റൂട്ടിലും കളമശേരി റൂട്ടിലും സർവ്വീസ് ലഭ്യമായിരിക്കും. തുടർന്ന് ഘട്ടം ഘട്ടമായി മറ്റ് റൂട്ടുകളിലും സർവ്വീസ് ആരംഭിക്കും. ഇലക്ടിക് ബസിന്റെ ചാർജിംഗ്, ഓപ്പറേഷണൽ ഷെഡ്യൂളിംഗ്, സാങ്കേതിക സഹായം എന്നിവ ജിഐസി ആണ് നൽകുന്നത്. ടിക്കറ്റിംഗ് സൊലൂഷൻ സേവനം ആക്സിസ് ബാങ്ക്, ഗ്രാൻഡ് ലേഡി പ്രൈവറ്റ് ലിമിറ്റഡ് എന്നിവ നൽകുന്നു.
ആലൂവ-ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, കളമശേരി-മെഡിക്കല്‍ കോളെജ്, ഹൈക്കോര്‍ട്ട്- എംജി റോഡ് സര്‍ക്കുലര്‍, കടവന്ത്ര- കെ.പി വള്ളോന്‍ റോഡ് സര്‍ക്കുലര്‍, കാക്കനാട് വാട്ടര്‍മെട്രോ-ഇന്‍ഫോപാര്‍ക്ക്, കിന്‍ഫ്രപാര്‍ക്ക്, കളക്ട്രേറ്റ് എന്നീ റൂട്ടുകളിലാണ് തുടക്കത്തില്‍ ഇലക്ട്രിക് ബസ് സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്. ആലുവ- എയര്‍പോര്‍ട്ട് റൂട്ടില്‍ 80 രൂപയും മറ്റു റൂട്ടുകളില്‍ അഞ്ച് കിലോമീറ്റര്‍ യാത്രയ്ക്ക് മിനിമം 20 രൂപയുമാണ് പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത ഇലക്ട്രിക് ബസിലെ യാത്ര നിരക്ക്. കൊച്ചി മെട്രോ, വാട്ടർ മെട്രോ സ്റ്റേഷനുകളിലേക്കുള്ള ഫസ്റ്റ് മൈല്‍-ലാസ്റ്റ് മൈല്‍ കണക്ടിവിറ്റി വര്‍ധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് 15 ഇലക്ട്രിക് ബസുകള്‍ വാങ്ങി കൊച്ചി മെട്രോ സര്‍വ്വീസ് നടത്തുന്നത്.
എയര്‍പോര്‍ട്ട് റൂട്ടില്‍ നാലു ബസുകളും കളമശേരി റൂട്ടില്‍ രണ്ട് ബസുകളും ഇന്‍ഫോപാര്‍ക്ക് റൂട്ടില്‍ ഒരു ബസും കളക്ട്രേറ്റ് റൂട്ടില്‍ രണ്ട് ബസുകളും ഹൈക്കോര്‍ട്ട് റൂട്ടില്‍ മൂന്നു ബസുകളും കടവന്ത്ര റൂട്ടില്‍ ഒരു ബസുമാണ് സര്‍വ്വീസ് നടത്തുന്നത്
എയര്‍പോര്‍ട്ട് റൂട്ടില്‍ തിരക്കുള്ള സമയങ്ങളില്‍ 20 മിനിറ്റ് ഇടവിട്ടും തിരക്കില്ലാത്ത സമയങ്ങളില്‍ 30 മിനിറ്റും ഇടവിട്ട് സര്‍വ്വീസുകള്‍ ഉണ്ടാകും. രാവിലെ 6.45 മുതല്‍ സര്‍വ്വീസ് ആരംഭിക്കും. രാത്രി 11 മണിക്കാണ് എയര്‍പോര്‍ട്ടില്‍ നിന്ന് ആലുവയിലേക്കുള്ള അവസാന സര്‍വ്വീസ്.

കളമശേരി-മെഡിക്കല്‍ കോളേജ് റൂട്ടില്‍ 30 മിനിറ്റ് ഇടവിട്ട് സര്‍വ്വീസ് ഉണ്ടാകും. രാവിലെ 8.30 മുതല്‍ വൈകിട്ട് 7.30 വരെയാണ് സര്‍വ്വീസ്. കാക്കനാട് വാട്ടർ മെട്രോ -കിൻഫ്രാ -ഇന്‍ഫോപാര്‍ക്ക് റൂട്ടില്‍ രാവിലെ 8 മണിമുതല്‍ വൈകിട്ട് 7 മണിവരെ 25 മിനിറ്റ് ഇടവിട്ട് സര്‍വ്വീസ് ഉണ്ടാകും. കാക്കനാട് വാട്ടർ മെട്രോ -കളക്ട്രേറ്റ് റൂട്ടില്‍ 20 മിനിറ്റ് ഇടവിട്ട് രാവിലെ 8 മണി മുതല്‍ വൈകിട്ട് 7.30 വരെ സര്‍വ്വീസ് ഉണ്ടാകും. ഹൈക്കോര്‍ട്ട്-എംജിറോഡ് സര്‍ക്കുലര്‍ റൂട്ടില്‍ 10 മിനിറ്റ് ഇടവിട്ട് രാവിലെ 8.30 മുതല്‍ വൈകിട്ട് 7.30 വരെയു കടവന്ത്ര കെ.പി വള്ളോന്‍ റോഡ് - പനമ്പിള്ളി നഗർ റൂട്ടില്‍ 25 മിനിറ്റ് ഇടവിട്ട് രാവിലെ 9 മണിമുതല്‍ വൈകിട്ട് എഴ് മണിവരെയും സര്‍വ്വീസ് ഉണ്ടാകും.
വ്യാഴാഴ്ച രാവിലെ മുതൽ ആലുവ എയർപോർട്ട് റൂട്ടിലും കളമശേരി റൂട്ടിലും സർവ്വീസ് ലഭ്യമായിരിക്കും. തുടർന്ന് ഘട്ടം ഘട്ടമായി മറ്റ് റൂട്ടുകളിലും സർവ്വീസ് ആരംഭിക്കും.
മെട്രോയിലെ സൗകര്യങ്ങൾ ബസിലും
ഏറ്റവും സുഖകരമായ യാത്രയ്ക്ക് പരിസ്ഥിതിക്ക് ഇണങ്ങുന്ന കൊച്ചി മെട്രോയിലേതിന് സമാനമായ യാത്രാ സൗകര്യങ്ങളോടെയാണ് ഇ ബസുകള്‍ സജ്ജമാക്കിയിരിക്കുന്നത്. 33 സീറ്റുകളാണ് ബസിലുള്ളത്. മൊബെൽ ഫോൺ ചാർജ് ചെയ്യാൻ യു.എസ്.ബി പോർട്ട് ലഭ്യമാണ്.
മുട്ടം, കലൂര്‍, വൈറ്റില, ആലുവ എന്നിവടങ്ങളിലാണ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍. ഡിജിറ്റല്‍ പേയ്‌മെന്റ് വഴിയാണ് ടിക്കറ്റിംഗ്. കാഷ് ട്രാന്‍സാക്ഷനും ഉണ്ട്. യുപിഐ വഴിയും രൂപേ ഡെബിറ്റ് കാർഡ്, കൊച്ചി 1 കാർഡ് എന്നിവ വഴിയും പേയ്‌മെന്റ് നടത്താം.









0 comments