തട്ടിപ്പിൽ കുടുങ്ങി നേതാക്കൾ ; 
പ്രതിരോധത്തിലായി ലീഗ്

p k firoz
വെബ് ഡെസ്ക്

Published on Sep 14, 2025, 03:18 AM | 2 min read


മലപ്പുറം

തട്ടിപ്പ്‌ മുതൽ അനധികൃത സ്വത്ത് സമ്പാദനംവരെയുള്ള വിഷയങ്ങളിൽ നേതാക്കൾ ഉൾപ്പെട്ടതോടെ ഊരാക്കുടുക്കിലായി മുസ്ലിംലീഗ്. ചൂരൽമല –മുണ്ടക്കൈ പുനരധിവാസത്തിന്റെ മറവിലെ ഭൂമി തട്ടിപ്പിന് പിന്നാലെ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിന്റെ അനധികൃത സ്വത്ത് സമ്പാദനവും ബിനാമി ബിസിനസും പുറത്തുവന്നതോടെ ലീഗിന്റെ മുഖം കൂടുതൽ വികൃതമായി. ഫിറോസിനെതിരെ മുതിർന്ന നേതാക്കളാരും രംഗത്തുവരാത്തത് അവർക്കെതിരെയുള്ള തെളിവുകൾ പുറത്തുവരുമെന്ന ഭയത്താലാണ്.


യൂത്ത് ലീഗ് ഭാരവാഹി മാത്രമായ ഫിറോസ് കുറഞ്ഞ കാലത്തിനിടെ ബിസിനസുകാരനായത് നേരായ വഴിയിലല്ലെന്ന് നേതാക്കൾക്ക് അറിയാം. പലതും ബിനാമി ഇടപാടാണ്. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തിരുന്നാണ് വിദേശത്ത് ഉൾപ്പെടെ ബിസിനസ് നടത്തുന്നത്. കെ ടി ജലീൽ എംഎൽഎയാണ് ഈ വിവരം പുറത്തുവിട്ടത്. ലീഗിലെ ഒരുവിഭാഗം നേതാക്കളാണ് ഫിറോസിനെതിരായ തെളിവുകൾ നൽകിയത്. ആരോപണങ്ങളെല്ലാം ഫിറോസ് ശരിവച്ചിട്ടും നേതാക്കൾ മൗനത്തിലാണ്.


വയനാട് പുനരധിവാസത്തിന്‌ ഭൂമി വാങ്ങിയതിൽ കോടികളാണ് മുസ്ലിംലീഗ് നേതാക്കൾ തട്ടിയത്. ലീഗ് നേതാവിന്റെ ഭൂമി ഇരട്ടി വിലയ്‌ക്ക് വാങ്ങി. തോട്ടഭൂമിയെന്ന്‌ ലാൻഡ്‌ റവന്യൂ കമീഷൻ കണ്ടെത്തിയിട്ടും നിർമാണം ആരംഭിച്ച്‌ ദുരന്തബാധിതരെ വഞ്ചിക്കുകയാണ് ലീഗ്.


അടുത്തിടെയാണ് മലപ്പുറം ജില്ലാ പഞ്ചായത്തംഗവും യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റുമായ ടി പി ഹാരിസ് നിക്ഷേപത്തട്ടിപ്പിൽ ജയിലിലായത്. ജില്ലാ പഞ്ചായത്തിലെ ഉന്നത ലീഗ് നേതാക്കളുടെ ഒത്താശയിൽ നടന്ന തട്ടിപ്പ് ഒതുക്കാനാണ് ലീഗ് ശ്രമിച്ചത്.

സ്വർണക്കടത്ത് കേസുകളിൽ ഉൾപ്പെടെ ലീഗ് നേതാക്കൾ പ്രതികളാണ്.


ദുബായിലും 
"ബ്ലൂ ഫിൻ'

യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിന്റെ ഉടമസ്ഥതയിൽ കേരളത്തിലുള്ള ‘ബ്ലൂ ഫിൻ' കമ്പനി ദുബായിലും പ്രവർത്തിക്കുന്നതായി കെ ടി ജലീൽ എംഎൽഎ. ബ്ലൂ ഫിൻ ടൂറിസം എൽഎൽസി, ബ്ലൂ ഫിൻ പ്രോപ്പർട്ടി കെയർ എൽഎൽസി കമ്പനികളാണ് ദുബായിലുള്ളത്. തന്റെ പങ്കാളിയാണെന്ന് പി കെ ഫിറോസ് സമ്മതിച്ച കൊപ്പത്തെ യെമ്മി ഫ്രൈഡ് ചിക്കന്റെ ലൈസൻസിയാണ് ബ്ലൂ ഫിൻ ടൂറിസം എൽഎൽസിയുടെ ഉടമകളിൽ ഒരാൾ. പി കെ ഫിറോസിന്റെ നാട്ടിലുള്ള ട്രാവൽസിന്റെയും വില്ലാ പ്രൊജക്ടിന്റെയും പേര് ‘ബ്ലൂ ഫിൻ' എന്നാണ്. അതുകൊണ്ട് ദുബായിലെ കമ്പനികളിലും ഫിറോസിന് പങ്കാളിത്തമുണ്ടോയെന്ന് സംശയമുണ്ട്. ഫിറോസിന്റെ ദുരൂഹ സാമ്പത്തിക ഇടപാടുകൾക്കെതിരെ ആദായനികുതി വകുപ്പിനും വിജിലൻസിനും പരാതി നൽകിയിട്ടുണ്ടെന്നും ജലീൽ മാധ്യമങ്ങളോട് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home