ഫിറോസിന്റെ ബിസിനസ് സാമ്രാജ്യം ; ലീഗിലും എതിർപ്പ് , ഇടപാടിൽ ദുരൂഹതയേറുന്നു

മലപ്പുറം
കെ ടി ജലീൽ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് സമ്മതിച്ചതോടെ ഞെട്ടിയത് മുസ്ലിംലീഗിന്റെ ഉന്നത നേതാക്കൾ. ഫിറോസ് വാർത്താസമ്മേളനത്തിൽ ആരോപണങ്ങൾ നിഷേധിക്കുമെന്നാണ് നേതാക്കളും അണികളും കരുതിയത്. എംഎസ്‌എഫ്, യൂത്ത് ലീഗ് ഭാരവാഹിയായിരിക്കെമാത്രം വളർത്തിയെടുത്ത ബിസിനസ് സാമ്രാജ്യത്തിന്റെ വിവരങ്ങൾ പുറംലോകമറിഞ്ഞതോടെ മൗനം പാലിച്ചിരുന്ന നേതാക്കൾ എതിർപ്പുമായി രംഗത്തെത്തി.
അനധികൃത സ്വത്ത് സമ്പാദനത്തിലും ബിനാമി ബിസിനസിലും ഫിറോസിനെതിരെ പാർടിയിലും പ്രതിഷേധം പുകയുന്നു. നേതാക്കൾക്കെതിരെ ആരോപണമുയർന്നാൽ അരയും തലയും മുറുക്കി രംഗത്തിറങ്ങുന്ന ലീഗ് രീതി ഫിറോസിന്റെ കാര്യത്തിലുണ്ടായില്ല. ആഴ്‌ചകൾ നീണ്ട മൗനത്തിനൊടുവിലാണ് നേതാക്കളുടെ സമ്മർദത്തിന് വഴങ്ങി ഫിറോസ് മാധ്യമങ്ങളെ കണ്ടത്. ജലീൽ ഉന്നയിച്ച ആരോപണങ്ങളെല്ലാം സമ്മതിച്ചതോടെ ഫിറോസിന്റെ സാന്പത്തിക ഇടപാടുകളെക്കുറിച്ച് കൂടുതൽ ചോദ്യങ്ങൾ ഉയരുകയാണ്.
മുഴുവൻസമയ രാഷ്‌ട്രീയപ്രവർത്തകനായ ഫിറോസ് എങ്ങനെയാണ് യുഎഇയിൽ ‘ഫോർച്യൂൺ ഹൗസ് ജനറൽ ട്രേഡിങ് എൽഎൽസി ’യിൽ സെയിൽസ് മാനേജരായി പ്രവർത്തിക്കുന്നതെന്നതാണ് പ്രധാന ചോദ്യം. ചെയ്യാത്ത ജോലിക്ക് അഞ്ചേകാൽ ലക്ഷം രൂപ(22,000 യുഎഇ ദിർഹം)യാണ് മാസശമ്പളവും യാത്രാച്ചെലവുമായി കിട്ടുന്നത്. കമ്പനിക്ക് ദുബായിലെവിടെയും സ്വന്തമായി ഓഫീസോ ജീവനക്കാരോ ഇല്ല. ഫിറോസടക്കം മൂന്നുപേരും മാനേജർമാരാണ്. കമ്പനി എന്ത് ബിസിനസാണ് നടത്തുന്നതെന്നും വ്യക്തമല്ല.
"യമ്മി ഫ്രൈഡ് ചിക്കൻ’ എന്ന സ്ഥാപനത്തിന്റെ പാലക്കാട് കൊപ്പത്തും കോഴിക്കോട് ഹൈലൈറ്റ് മാളിലുമുള്ള ഫ്രാഞ്ചൈസിയിലും പങ്കാളിത്തമുണ്ടെന്ന് ഫിറോസ് സമ്മതിക്കുന്നു. ബിനാമി പേരിലാണ് ബിസിനസ്.
യുഎഇ, കാനഡ, യുഎസ് വിസകളുള്ള ഫിറോസിന്റെ വിദേശയാത്രകളും സംശത്തിന്റെ നിഴലിലാണ്. യൂത്ത് ലീഗിന്റെ കത്വ, ഉന്നാവോ ഫണ്ടിൽ അഴിമതി നടന്നെന്ന ആരോപണത്തിന് മറുപടി പറയാൻ ഫിറോസിനായിട്ടില്ല. ദോത്തി ചലഞ്ചിലും സമാനസ്ഥിതിയാണ്. ദോത്തിയുടെ ജിഎസ്‌ടി ബിൽ പുറത്തുവിടണമെന്ന ജലീലിന്റെ വെല്ലുവിളിക്കും മറുപടിയില്ല.









0 comments