യൂത്ത് ലീഗിന്റെ ജില്ലാ, മണ്ഡലം നവമാധ്യമ ഗ്രൂപ്പുകൾ അഡ്‌മിൻ ഒൺലിയാക്കി
ഫിറോസിന്റെ സ്വത്ത് ചർച്ച ; യൂത്ത് ലീഗിൽ സമൂഹമാധ്യമ ഗ്രൂപ്പുകൾക്ക് പൂട്ട്

കോഴിക്കോട്
അനധികൃത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനെതിരെ വിമർശമുയർന്നതിനെ തുടർന്ന് മുസ്ലിം യൂത്ത് ലീഗ് സമൂഹമാധ്യമ ഗ്രൂപ്പുകൾക്ക് പൂട്ടിട്ടു. യൂത്ത് ലീഗിന്റെ ജില്ലാ, മണ്ഡലം നവമാധ്യമ ഗ്രൂപ്പുകൾ അഡ്‌മിൻ ഒൺലിയാക്കി. എട്ടുവർഷമായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന ഫിറോസ് സ്വത്ത് സമ്പാദിച്ചതിലെ ദുരൂഹത സൂചിപ്പിച്ച് യൂത്ത് ലീഗ് ഗ്രൂപ്പുകളിൽ ചില നേതാക്കളും ജില്ലാ ഭാരവാഹികളുമടക്കം വാർത്തകൾ പ്രചരിപ്പിച്ചിരുന്നു. തുടർന്നാണ് ഗ്രൂപ്പുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയത്.
സഹഭാരവാഹികളടക്കം ചിലരെ ഫിറോസ് സംശയമുനയിൽ നിർത്തിയതിന് പിന്നാലെയാണ് ഗ്രൂപ്പുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ഫിറോസ് കോടികൾ വിലമതിക്കുന്ന സ്വത്ത് സമ്പാദിച്ചതും വീടെടുത്തതും വാർത്തയായിരുന്നു. അതിനിടെ സഹോദരൻ പി കെ ബുജൈർ ലഹരിപരിശോധനക്കിടെ പൊലീസിനെ ആക്രമിച്ച് ജയിലിലുമായി. മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് സഹോദരൻ പ്രതിക്കൂട്ടിലായതും ഫിറോസിനെതിരെ ഒരുവിഭാഗം ചർച്ചയാക്കി. അനധികൃത സ്വത്ത് അന്വേഷണം ആവശ്യപ്പെട്ട് കെ ടി ജലീൽ എംഎൽഎ വിജിലൻസിന് പരാതിയും നൽകി.
സംഘടനക്കകത്ത് പലരും ചർച്ചചെയ്‌ത ആരോപണമാണ് ജലീൽ പരസ്യമായി ഉന്നയിച്ചത്. കുന്നമംഗലത്ത് ദേശീയപാതയോരത്താണ് ഫിറോസ് ലക്ഷങ്ങളുടെ ഭൂമി വാങ്ങി വലിയ വീട് പണിതത്. കോഴിക്കോട് ബ്ലൂഫിൻ എന്ന പേരിൽ വില്ല പ്രോജക്ടും ആരംഭിച്ചു. യൂത്ത് ലീഗിൽ ഫിറോസിന്റെ ഏകാധിപത്യമാണെന്ന് സൂചിപ്പിച്ച് ഒരുവിഭാഗം പടയൊരുക്കം തുടങ്ങി്യിട്ടുണ്ട്. അടുത്ത് നടക്കുന്ന സംഘടനാ തെരഞ്ഞെടുപ്പിൽ ഇക്കാര്യം പ്രചാരണ വിഷയമാക്കാനാണ് ആലോചന. അതേസമയം, സംഘടനാ പരിപാടികൾക്ക് പ്രാധാന്യം കിട്ടാനാണ് ഗ്രൂപ്പിന് പൂട്ടിട്ടതെന്നാണ് ഒൗദ്യോഗിക വിശദീകരണം.









0 comments