ഭാവഗായകന്‌ വിട; പി ജയചന്ദ്രൻ അന്തരിച്ചു

P Jayachandran

ഫോട്ടോ: ദേശാഭിമാനി

വെബ് ഡെസ്ക്

Published on Jan 09, 2025, 08:18 PM | 2 min read

തൃശൂർ: മലയാളത്തിന്റ ഭാവഗായകൻ ഇനിയില്ല, പി ജയചന്ദ്രൻ അന്തരിച്ചു. എൺപത് വയസായിരുന്നു. തൃശൂർ അമല ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. തൃശൂർ ചേന്ദമംഗലത്ത് ശനിയാഴ്ചയാണ് സംസ്കാരം. വിവിധ ഭാഷകളിലായി 16000ലധികം പാട്ടുകൾ പാടിയ ജയചന്ദ്രൻ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്‌.


1965ൽ കുഞ്ഞാലി മരയ്‌ക്കാർ എന്ന സിനിമയിലെ പി ഭാസ്‌കരൻ രചിച്ച ‘ഒരു മുല്ലപ്പൂമാലയുമായ്’ ഗാനമാലപിച്ചാണ്‌ ജയചന്ദ്രൻ സിനിമാ പിന്നണി ഗാനരംഗത്തേക്ക്‌ കടക്കുന്നത്‌. എങ്കിലും ആദ്യം പുറത്ത് വന്നത് കളിത്തോഴനിലെ ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി’ എന്ന ഗാനമായിരുന്നു. തുടർന്ന്‌ മലയാളം, തമിഴ്‌, തെലുങ്ക്‌, കന്നഡ, ഹിന്ദി ഭാഷകളിലെ സിനിമകളിലെല്ലാം ജയചന്ദ്രന്റെ സ്വരമെത്തി. നഖക്ഷതങ്ങൾ, ട്രിവാൻഡ്രം ലോഡ്‌ജ്‌ എന്നീ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു മലയാളത്തിന്റെ ഭാവ ഗായകൻ.


ഒരു ദേശീയ ചലച്ചിത്ര പുരസ്‌കാരവും ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്‌ക്കുള്ള കേരള സർക്കാരിന്റെ ജെ സി ഡാനിയൽ പുരസ്‌കാരവും ജയചന്ദ്രൻ നേടി. ഒപ്പം അഞ്ച്‌ തവണ കേരളത്തിന്റെയും രണ്ട്‌ തവണ തമിഴ്‌ നാടിന്റെയും സംസ്ഥാന ചലച്ചിത്ര പുസ്‌കാരങ്ങളും ജയചന്ദ്രൻ നേടി. ‘ശ്രീ നാരായണ ഗുരു’ എന്ന സിനിമയിലെ ‘ശിവ ശങ്കര ശരണ സർവ വിഭോ’ എന്ന ഗാനത്തിനാണ്‌ ജയചന്ദ്രന്‌ ദേശീയ പുരസ്‌കാരം ലഭിച്ചത്‌.


ഹൈസ്‌കൂൾ കാലഘട്ടത്തിലായിരുന്നു പി ജയചന്ദ്രൻ സംഗീത ലോകത്തേക്ക്‌ വരവറിയിച്ചത്‌. മൃദംഗം വായിച്ചും ലളിതഗാനം ആലപിച്ചുമായിരുന്നു ജയചന്ദ്രന്റെ തുടക്കം. 1958ലെ സ്‌കൂൾ കലോത്സവത്തിൽ ജയചന്ദ്രനായിരുന്നു മൃദംഗ മത്സരത്തിൽ ഒന്നാം സ്ഥാനം. ഇതേ സ്‌കൂൾ കലോത്സവത്തിൽ വച്ചാണ്‌ കെ ജെ യേശുദാസിനെ ജയചന്ദ്രൻ പരിചയപ്പെട്ടതും. അന്ന്‌ യേശുദാസിനായിരുന്നു ശാസ്‌ത്രീയ സംഗീതത്തിൽ ഒന്നാം സ്ഥാനം.


1944 മാർച്ച്‌ മൂന്നിന്‌ എറണാകുളം, രവിപുരത്താണ്‌ പി ജയചന്ദ്രന്റെ ജനനം. തൃപ്പൂണിത്തുറ രവിവർമ കൊച്ചനിയന്റെയും സുഭദ്ര കുഞ്ഞമ്മയുടേയും അഞ്ച്‌ മക്കളിൽ മൂന്നാമനാണ്‌ പി ജയചന്ദ്രൻ. കൊച്ചിയിലാണ്‌ ജനനമെങ്കിലും ജയചന്ദ്രന്റെ കുട്ടിക്കാലത്തു തന്നെ അദ്ദേഹത്തിന്റെ കുടുംബം തൃശൂർ ഇരിങ്ങാലക്കുടയിലേക്ക്‌ താമസം മാറിയിരുന്നു. ഇരിങ്ങാലക്കുടയിലാണ്‌ ജയചന്ദ്രൻ പഠിച്ചതും വളർന്നതും എല്ലാം. ഇരിങ്ങാലക്കുട ഹൈസ്‌കൂളിൽ നിന്ന്‌ ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ജയചന്ദ്രന്റെ ബിരുദം ക്രൈസ്റ്റ്‌ കോളേജിലായിരുന്നു. സുവോളജിയായിരുന്നു വിഷയം.



deshabhimani section

Related News

View More
0 comments
Sort by

Home