വികസനം പ്രതിപക്ഷവും 
അംഗീകരിക്കുന്നു: മുഖ്യമന്ത്രി

kodanchery highway

മലയോര ഹൈവേയുടെ കോടഞ്ചേരി –കക്കാടംപൊയിൽ റീച്ചും മലപ്പുറം–-കോടഞ്ചേരി റീച്ചിന്റെ നിർമാണപ്രവൃത്തിയും 
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു

avatar
സ്വന്തം ലേഖകൻ

Published on Feb 16, 2025, 12:00 AM | 1 min read

കൂടരഞ്ഞി (കോഴിക്കോട്‌): രാജ്യത്തിന്‌ മാതൃകയാകുന്ന വികസനമാണ്‌ കേരളത്തിൽ നടക്കുന്നതെന്ന്‌ പ്രതിപക്ഷത്തുനിന്നുള്ള ജനപ്രതിനിധി വ്യക്തമാക്കിയ സാഹചര്യമാണ്‌ ഉള്ളതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. സാധാരണ പ്രസംഗം നടത്തിയതല്ല, അക്കമിട്ട്‌ ചൂണ്ടിക്കാണിക്കുകയായിരുന്നു–-വ്യവസായമേഖലയിലെ കേരളമുന്നേറ്റത്തെ പ്രശംസിച്ച കോൺഗ്രസ്‌ നേതാവ്‌ ശശി തരൂർ എംപിയുടെ പേര്‌ പരാമർശിക്കാതെ മുഖ്യമന്ത്രി പറഞ്ഞു. മലയോര ഹൈവേയുടെ കോടഞ്ചേരി- –- കക്കാടംപൊയിൽ റീച്ചും മലപ്പുറം- –-കോടഞ്ചേരി റീച്ചിന്റെ നിർമാണവും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

‘‘ലോകത്തിന് മാതൃകയാക്കാവുന്ന വികസനമാണ് നടക്കുന്നതെന്ന് വസ്‌തുതകളോടെ വ്യക്തമാക്കിയത്‌, കാര്യങ്ങൾ വിശദമായി മനസ്സിലാക്കുന്ന ഒരു ജനപ്രതിനിധിയാണ്‌. ഐടി രംഗത്തും സ്റ്റാർട്ടപ്പിലും ഉണ്ടായ വികാസം കണക്കിലെടുത്താൽ, ലോകതോതിന്റെ എത്രയോ മടങ്ങ് കേരളം നേടിയെന്നാണ്‌ അദ്ദേഹം ചൂണ്ടിക്കാണിച്ചത്‌. പശ്ചാത്തല വികസനമില്ലായ്‌മ വ്യവസായ നിക്ഷേപങ്ങളെ കാര്യമായി ബാധിച്ചിരുന്നു. റോഡ്‌ വികസനത്തിലൂടെ നിക്ഷേപ സൗഹൃദമായി മാറാൻ കേരളത്തിനായി. നിക്ഷേപത്തിലും ഇത്‌ വലിയ മാറ്റമുണ്ടാക്കി. കേരളം വ്യവസായ സൗഹൃദമായി മാറിയത്‌ നാടിന്റെയാകെ നേട്ടമാണ്‌. അംഗീകരിക്കാതിരിക്കാൻ കഴിയാത്ത നിലയിലേക്ക്‌ കേരളം വളർന്നു. ദേശീയപാത, തീരദേശ–-മലയോര പാതകൾ, ജലപാത എന്നിവ കേരളത്തിന്റെ മുഖച്ഛായ മാറ്റും.


കേരളത്തിന്റെ ശാപമായിരുന്ന യാത്രാദുരിതമാണ്‌ പരിഹരിക്കപ്പെടുന്നത്‌. പഞ്ചായത്ത്‌ റോഡുകളെക്കാൾ മോശമായിരുന്നു ദേശീയപാത. 45 മീറ്റർ വീതിയിൽ സ്ഥലമേറ്റെടുത്ത്‌ നൽകാത്തതായിരുന്നു പ്രതിസന്ധി. ദേശീയപാതാ അധികൃതർ പലവട്ടം സമീപിച്ചിട്ടും നടപടിയുണ്ടായില്ല. ഓഫീസുകൾ പൂട്ടിപ്പോകുന്ന സാഹചര്യമുണ്ടായി. 2016ൽ എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽ വന്നതോടെ മാറ്റമുണ്ടായി. 56,000 കോടി രൂപ സ്ഥലമേറ്റെടുത്ത്‌ നൽകാൻ ചെലവഴിക്കേണ്ടിവന്നു. എന്നാൽ, നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളിൽ ഒന്നാമതാകുന്ന കേരളത്തെ പ്രതിപക്ഷം ഇകഴ്‌ത്തിക്കാണിക്കുന്നു. എൽഡിഎഫിനോടുള്ള വിരോധം നാടിനോടുള്ള എതിർപ്പായി മാറരുത്‌’’–- മുഖ്യമന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home