ഓപ്പറേഷൻ സ്‌പോട്ട് ട്രാപ്പ് ; 4 മാസം; വിജിലൻസിന്റെ വലയിൽ കുടുങ്ങിയത് 40 പേർ

തിരുവനന്തപുരം
സർക്കാർ ഉദ്യോഗസ്ഥരിലെ അഴിമതിക്കാരെ പിടികൂടാൻ വിജിലൻസ് ആരംഭിച്ച ‘ഓപ്പറേഷൻ സ്‌പോട്ട് ട്രാപ്പി’ൽ നാലുമാസത്തിനകം കുടുങ്ങിയത് 40 പേർ. കൈക്കൂലിയായി പണം നേരിട്ടും ഡിജിറ്റലായും സ്വീകരിച്ചതും പാരിതോഷികമായി മദ്യം കൈപ്പറ്റിയുമായ കേസുകളും ഇതിലുണ്ട്. വിജിലൻസിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞകാലയളവിൽ ഇത്രയും പേർ അറസ്‌റ്റിലാകുന്നത് ആദ്യമാണ്.
അറസ്‌റ്റിലായവരിൽ 16 റവന്യു ഉദ്യോഗസ്ഥരും അഞ്ച് തദ്ദേശഭരണ ജീവനക്കാരും നാല് പൊലീസ് ഉദ്യോഗസ്ഥരും നാല് വനം ജീവനക്കാരും ജല അതോറിറ്റി, മോട്ടോർ വാഹനം, രജിസ്‌ട്രേഷൻ വകുപ്പുകളിലെ ഓരോരുത്തരുമുണ്ട്. ഇന്ത്യൻ ഓയിൽ കോർപറേഷനിലെ ഡെപ്യൂട്ടി ജനറൽ മാനേജർ, പൊതുമേഖല ബാങ്ക് കൺകറന്റ് ഓഡിറ്റർ എന്നിവരും പിടിയിലായി. കൂടാതെ നാല് ഏജന്റുമാരെയും അറസ്‌റ്റുചെയ്‌തു. ഐഒസി ഡെപ്യൂട്ടി ജനറൽ മാനേജർ രണ്ടുലക്ഷമാണ് കൈക്കൂലി വാങ്ങിയത്. ഈ വർഷം 6,61,250 രൂപ വിജിലൻസ് പിടിച്ചെടുത്തു.
‘അഴിമതിയോട് സീറോ ടോളറൻസ്’ എന്ന സർക്കാർ നയം കൃത്യമായി നടപ്പാക്കുമെന്ന് വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത പറഞ്ഞു. അഴിമതി സംബന്ധിച്ച വിവരങ്ങൾ 1064 (ടോൾഫ്രീ), 8592900900, 9447789100 (വാട്‌സ്‌ആപ്പ്) നമ്പരുകളിൽ അറിയിക്കാം.
അഴിമതിക്കാരുടെ പട്ടികയിൽ 700 പേർ
ഓപ്പറേഷൻ സ്‌പോട്ട് ട്രാപ്പിന്റെ ഭാഗമായി കൈക്കൂലിക്കാരായ 700 സർക്കാർ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കി വിജിലൻസ്. നിരന്തരം നിരീക്ഷിച്ചാണ് പട്ടിക തയ്യാറാക്കിയത്. ഇവർ എപ്പോഴും വിജിലൻസിന്റെ കൺമുമ്പിലാകും. അഴിമതിക്കാരായ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരും വിജിലൻസ് നിരീക്ഷണത്തിലുണ്ട്. ഈ വർഷം വിവിധ സർക്കാർ ഓഫീസുകളിലായി 212 മിന്നൽ പരിശോധന നടത്തി.









0 comments