“ഓപ്പറേഷൻ സേഫ് സിപ്പ്” എക്സെെസ് ഉദ്യോഗസ്ഥരില്‍ നിന്ന് കണക്കിൽപെടാത്ത പണവും മദ്യക്കുപ്പികളും പിടിച്ചെടുത്തു

തിരുവനന്തപുരം: ഓണനാളുകളിൽ എക്സെെസ് ഉദ്യോഗസ്ഥർ കെെക്കൂലിയും പാരിതോഷികവും വാങ്ങി ജോലിയിൽ വീഴ്ച വരുത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 69 എക്സൈസ് സർക്കിൾ ഓഫീസുകളിൽ ചൊവ്വാഴ്ച വൈകുന്നേരം 04.00 മണി മുതൽ “ഓപ്പറേഷൻ സേഫ് സിപ്പ്” എന്ന പേരിൽ സംസ്ഥാന തലത്തിൽ വിജിലൻസ് മിന്നൽ പരിശോധനകൾ നടത്തി.പരിശോധനയിൽ വിവിധ എക്സൈസ് സർക്കിൾ ഓഫീസുകളിലെ ഉദ്യോഗസ്ഥരുടെ പക്കൽ നിന്നും കണക്കിൽപ്പെടാത്തതായും ഓഫീസുകളിൽ ഉപേക്ഷിച്ച നിലയിലും 28,164/- രൂപയും വിവിധ എക്സൈസ് സർക്കിൾ ഓഫീസുകളിൽ നിന്നായി ബാറുകളിൽ നിന്നും കൈപ്പറ്റി ഓഫീസുകളിൽ സൂക്ഷിച്ചിരുന്ന 25 കുപ്പി മദ്യവും വിജിലൻസ് പിടിച്ചെടുത്തു. വിവിധ എക്സൈസ് ഓഫീസുകളിലെ ഉദ്യോഗസ്ഥർ ബാറുടമകളിൽ നിന്നും ഷാപ്പുടമകളിൽ നിന്നും ഗൂഗിൾ പേ മുഖേനെ 2,12,500/- രൂപ കൈപ്പറ്റിയതായും വിജിലൻസ് പ്രാഥമികമായി കണ്ടെത്തി. പിടിച്ചെടുത്ത മദ്യകുപ്പികൾ കേസ് രജിസ്റ്റർ ചെയ്ത് തുടർ നടപടികൾ സ്വീകരിക്കുന്നതിനായി പോലീസിന് കൈമാറി.
ബാർ ഹോട്ടലുകളിലും, ബിയർ & വൈൻ പാർലറുകളിലും പരിശോധന നടത്തേണ്ടതും ലൈസൻസ് മാനദണ്ഡങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പ് വരുത്തേണ്ടതും ക്രമക്കേടുകളിൽ നടപടി സ്വീകരിക്കേണ്ടതും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർമാരാണ്. കേരളത്തിലെ ഉത്സവകാലങ്ങളിൽ, പ്രത്യേകിച്ച് ഓണ നാളുകളിൽ, ബാർ ഉടമകൾ അബ്കാരി നിയമവും ഫോറിൻ ലിക്കർ ചട്ടങ്ങളും ലൈസൻസ് വ്യവസ്ഥകളും ലംഘിക്കുന്ന തരത്തിൽ പ്രവർത്തിക്കുന്നതായും, ബാർ/ഷാപ്പ് ഉടമകളിൽ നിന്നും മാസപ്പടിയായി കൈക്കൂലി കൈപ്പറ്റുന്ന എക്സൈസ് ഉദ്യോഗസ്ഥർ ഈ ക്രമക്കേടുകൾക്ക് കൂട്ടു നിൽക്കുന്നതായും വിജിലൻസിന് വിവരം ലഭിച്ചിരുന്നു. ഓണാഘോഷവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ കള്ള് ഷാപ്പുകൾ മുഖേനയുള്ള കള്ള് വിൽപ്പനയിൽ വലിയ വർദ്ധനവ് വരാറുള്ളതിനാൽ കള്ളിൽ മായം ചേർക്കുകയും കൃത്രിമത്വം കാണിക്കുകയും ചെയ്യുന്ന പ്രവർത്തികൾ കള്ള് ഷാപ്പുകളിൽ നടക്കാറുണ്ടെന്നും വിജിലൻസിന് വിവരം ലഭിച്ചിരുന്നു. കള്ള് ഷാപ്പ് ഉടമകളിൽ നിന്നും കൈക്കൂലി കൈപ്പറ്റി എക്സൈസ് ഉദ്യോഗസ്ഥർ കള്ള് ഷാപ്പുകളിൽ യാതൊരുവിധ പരിശോധനകളും നടത്താറില്ലായെന്നും, ക്രമക്കേടുകളിലും പെർമിറ്റ് ലംഘനങ്ങൾക്കുമെതിരെ നടപടികൾ സ്വീകരിക്കുന്നില്ലായെന്നും വിജിൻസിന് വിവരം ലഭിച്ചിരുന്നു.
മിന്നൽ പരിശോധനയിൽ, എക്സൈസ് ഉദ്യോഗസ്ഥർ പല വിധത്തിലുള്ള ക്രമക്കേടുകൾക്കും കൂട്ടു നിൽക്കുന്നതായും പരിശോധനകൾ നടത്താതെ ബാറുടമകൾക്ക് ക്രമക്കേടുകൾ നടത്തുന്നതിന് അവസരം ഉണ്ടാക്കി നൽകുന്നതായും ഓഫീസുകളിലെ വിവിധ രജിസ്റ്ററുകൾ കൃത്യമായി പരിപാലിക്കുന്നില്ലായെന്നും വിജിലൻസ് കണ്ടെത്തി.
തിരുവനന്തപുരം ജില്ലയിൽ നടത്തിയ മിന്നൽ പരിശോധനയിൽ, വെയർ ഹൗസിൽ നിന്നും ബാറിൽ ഇറക്കിയ ലോഡിന്റെ വിവരങ്ങൾ രേഖപ്പെടുത്തിയ ബാറിലെ സ്റ്റോക്ക് അക്കൗണ്ട് രജിസ്റ്ററിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ ഒപ്പ് രേഖപ്പെടുത്തുന്നതിനായി എത്തിയ ബാർ ജീവനക്കാരെ മിന്നൽ പരിശോധന സമയം രണ്ട് സർക്കിൾ ഓഫീസിൽ കണ്ടെത്തി. സ്റ്റോക്ക് ബാറിൽ ഇറക്കുമ്പോൾ എക്സൈസ് ഉദ്യോഗസ്ഥൻ ബാറിൽ വച്ച് രേഖപ്പെടുത്തലുകൾ നടത്തേണ്ട രജിസ്റ്റർ ആണ് ബാർ ജീവനക്കാർ സർക്കിൾ ഓഫീസിൽ ഒപ്പ് രേഖപ്പെടുത്തുന്നതിനായി എത്തിച്ചത്.
കൊല്ലം ജില്ലയിൽ നടത്തിയ മിന്നൽ പരിശോധനയിൽ പത്തനാപുരം എക്സൈസ് സർക്കിൾ ഓഫീസിലെ ഒരു ഉദ്യോഗസ്ഥൻ ഗൂഗിൾ പേ മുഖേന ബാറുടമയിൽ നിന്നും 42,000/- രൂപ കൈപ്പറ്റിയത് വിജിലൻസ് കണ്ടെത്തി.പത്തനംതിട്ട ജില്ലയിൽ നടത്തിയ മിന്നൽ പരിശോധനയിൽ 20 കിലോമീറ്ററിലധികം ദൂരം വരുന്ന കള്ള് ഷാപ്പുകളിൽ 10 മിനിറ്റ് ഇടവേളകളിൽ സാമ്പിൾ ശേഖരിച്ചതായി മഹസറുകളിൽ എക്സൈസ് ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയിരിക്കുന്നതായി കണ്ടെത്തി. ബാറുകളിലേക്ക് വെയർഹൗസുകളിൽ നിന്നും ലോഡ് എത്തിക്കുന്ന സമയം എക്സൈസ് ഉദ്യോഗസ്ഥർ ഹാജരാകാറില്ലായെന്നും, എക്സൈസ് ഉദ്യോഗസ്ഥൻ മലപ്പുറം ജില്ലയിൽ കോടതിയിൽ ഹാജരായ ദിവസങ്ങളിൽ പോലും ഉദ്യോഗസ്ഥൻ ലോഡ് വേരിഫൈ ചെയ്ത് എക്സൈസ് വേരിഫിക്കേഷൻ സർട്ടിഫിക്കേറ്റ് ഒപ്പിട്ട് നൽകിയിരിക്കുന്നതായും കണ്ടെത്തി.
കോട്ടയം ജില്ലയിലെ വൈക്കം എക്സൈസ് സർക്കിൾ ഓഫീസിൽ നടത്തിയ മിന്നൽ പരിശോധനയിൽ ശുചി മുറിയിൽ നിന്നും ഒരു സ്വകാര്യ ബാർ ഹോട്ടലിന്റെ പേര് പ്രിന്റ് ചെയ്ത കവറിനുള്ളിൽ 13000/- രൂപ ഒളിപ്പിച്ചുവെച്ചിരുന്നത് കണ്ടെത്തി. പാല എക്സൈസ് സർക്കിൾ ഓഫീസിലെ ഒരു ഉദ്യോഗസ്ഥൻ ഗൂഗിൾ പേ മുഖേന ബാറുടമയിൽ നിന്നും 11,500/- രൂപ കൈപ്പറ്റിയതും കണ്ടെത്തി.
കൊച്ചി എക്സൈസ് സർക്കിൾ ഓഫീസിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഒരു എക്സൈസ് ഉദ്യോഗസ്ഥന്റെ അക്കൗണ്ടിൽ ഗൂഗിൾ പേ മുഖേന 93,000/- രൂപ ബാറുടമയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വ്യക്തിയിൽ നിന്നും ലഭിച്ചിരിക്കുന്നതായി കണ്ടെത്തി. തൃശ്ശൂർ ജില്ലയിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഒരു എക്സൈസ് ഉദ്യോഗസ്ഥന്റെ കൈവശത്ത് നിന്നും കണക്കിൽപ്പെടാത്ത 2600/- രൂപയും വിജിലൻസ് പിടിച്ചെടുത്തു.
പാലക്കാട് ജില്ലയിലെ എക്സൈസ് ഓഫീസുകളിൽ നടത്തിയ പരിശോധനകളിൽ ബാറുകളിൽ സ്റ്റോക്ക് ഇറക്കുമ്പോൾ എക്സൈസ് ഉദ്യോഗസ്ഥർ നൽകേണ്ട വെരിഫിക്കേഷൻ സർട്ടിഫിക്കേറ്റ് സ്റ്റോക്ക് ഇറക്കുന്നതിനും ആഴ്ചകൾക്ക് മുൻപുള്ള തീയതികളിൽ തന്നെ ഉദ്യോഗസ്ഥർ അനുവദിച്ച് നൽകിയതായും, സ്റ്റോക്ക് ഇറക്കുമ്പോൾ എക്സൈസ് ഉദ്യോഗസ്ഥർ സ്ഥലത്ത് ഉണ്ടായിരിക്കണം എന്ന ചട്ടം പാലിക്കാതിരിക്കുകയും, എന്നാൽ രജിസ്റ്ററുകളിൽ സ്ഥലത്തുണ്ടായിരുന്നതായി രേഖപ്പെടുത്തലുകൾ വരുത്തിയിരിക്കുന്നതായും കണ്ടെത്തി. ഈ ദിവസത്തെ ബാറുകളിലെ CCTV ദൃശ്യങ്ങൾ പരിശോധിച്ചതിൽ ലോഡ് ഇറക്കുന്ന സമയം ഉദ്യോഗസ്ഥർ സ്ഥലത്ത് ഉണ്ടായിരുന്നില്ലായെന്നും വിജിലൻസ് കണ്ടെത്തി.
മലപ്പുറം ജില്ലയിലെ പൊന്നാനി എക്സൈസ് സർക്കിൾ ഓഫീസിൽ നടത്തിയ മിന്നൽ പരിശോധനയിൽ, ഉദ്യോഗസ്ഥർ പാരിതോഷികമായി ബാറുകളിൽ നിന്നും വാങ്ങി ഓഫീസ് റൂമിനുള്ളിൽ സൂക്ഷിച്ചിരുന്ന 5 കുപ്പി മദ്യം വിജിലൻസ് പിടിച്ചെടുത്തു. പെരിന്തൽമണ്ണ എക്സൈസ് സർക്കിൾ ഓഫീസിൽ നടത്തിയ പരിശോധനയിൽ ഒരു ഉദ്യോഗസ്ഥൻ ഷാപ്പുടമയിൽ നിന്നും 24000/- രൂപയും, മഞ്ചേരി എക്സൈസ് സർക്കിൾ ഓഫീസിലെ ഒരു ഉദ്യോഗസ്ഥൻ ബാറുടമയിൽ നിന്നും 34,000/- രൂപയും ഗൂഗിൾ പേ മുഖേന കൈപ്പറ്റിയത് കണ്ടെത്തി.
കോഴിക്കോട് എക്സൈസ് സർക്കിൾ ഓഫീസിൽ നടത്തിയ മിന്നൽ പരിശോധനയിൽ, ഉദ്യോഗസ്ഥർ പങ്കിട്ടെടുക്കുന്നതിനായി ബാറുകളിൽ നിന്നും പാരിതോഷികമായി വാങ്ങി ഓഫീസ് റൂമിനുള്ളിൽ സൂക്ഷിച്ചിരുന്ന 16 കുപ്പി മദ്യം വിജിലൻസ് പിടിച്ചെടുത്തു. പേരാമ്പ്ര എക്സൈസ് സർക്കിൾ ഓഫീസിലെ ഒരു ഉദ്യോഗസ്ഥൻ ബാറുടമയിൽ നിന്നും 8000/- രൂപ ഗൂഗിൾ പേ മുഖേന കൈപ്പറ്റിയതായും വിജിലൻസ് കണ്ടെത്തി.
വയനാട് ജില്ലയിൽ നടത്തിയ മിന്നൽ പരിശോധനയിൽ, വിജിലൻസ് സംഘം പരിശോധനയ്ക്കായി എത്തിയ സമയം കല്പറ്റ എക്സൈസ് സർക്കിൾ ഓഫീസ് പൂട്ടികിടക്കുകയായിരുന്നു. സർക്കിൾ ഇൻസ്പെക്ടറെ വിജിലൻസ് ഉദ്യോഗസ്ഥർ വിളിച്ച് വരുത്തി ഓഫീസ് തുറന്ന ശേഷമാണ് പരിശോധന നടത്താനായത്. സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ ഓഫീസിൽ നടത്തിയ മിന്നൽ പരിശോധനയിൽ വിജിലൻസ് ഉദ്യോഗസ്ഥരെ കണ്ട് ഒരു എക്സൈസ് ഉദ്യോഗസ്ഥൻ 6,500/- രൂപ വലിച്ചെറിയുകയും, ഈ തുക വിജിലൻസ് പിടിച്ചെടുക്കുകയും ചെയ്തു.
കാസർഗോഡ് ജില്ലയിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഒരു ഉദ്യോഗസ്ഥന്റെ പക്കൽ നിന്നും കണക്കിൽപ്പെടാത്ത 5000/- രൂപ പിടിച്ചെടുക്കുകയും, ഓഫീസ് റൂമിൽ സൂക്ഷിച്ചിരുന്ന ഷൂവിനുള്ളിൽ നിന്നും 1000/- രൂപ വിജിലൻസ് കണ്ടെടുക്കുകയും ചെയ്തു.
എക്സൈസ് ഉദ്യോഗസ്ഥർ മതിയായ പരിശോധനകൾ നടത്താതെയും ക്രമക്കേടുകളിൽ നടപടികൾ സ്വീകരിക്കാതെയും ബാറുടമകൾക്ക് കൃത്രിമത്വം നടത്തുന്നതിന് കൂട്ടു നിൽക്കുന്നതും ഇതിന് പ്രതിഫലമായി പണവും മദ്യവും കൈപ്പറ്റുകയും ചെയ്യുന്ന പ്രവണത വിജിലൻസ് വളരെ ഗൗരവത്തിൽ കാണുന്നുവെന്നും, മിന്നൽ പരിശോധനയുടെ ഭാഗമായുള്ള തുടർ പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്നും ഉദ്യോഗസ്ഥരുടെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റുകൾ ഉൾപ്പെടെ ശേഖരിച്ച് വിശദപരിശോധന നടത്തുമെന്നും വിജിലൻസ് ഡയറക്ടർ ശ്രീ. മനോജ് എബ്രഹാം ഐ.പി.എസ് അറിയിച്ചു.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ, വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പറിലോ, വാട്ട്സ്ആപ്പ് നമ്പറായ 9447789100 എന്ന നമ്പറിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ശ്രീ. മനോജ് എബ്രഹാം ഐ.പി.എസ് അഭ്യർത്ഥിച്ചു.









0 comments