ട്രേഡിങ് പഠിപ്പിക്കാൻ സുന്ദരിമാർ, സൂക്ഷിച്ചില്ലെങ്കിൽ പണി പാളും


ശ്രീരാജ് ഓണക്കൂർ
Published on Sep 25, 2025, 01:15 AM | 1 min read
കൊച്ചി
ഡോ. സുദിർക ജോസഫ്, കൊൽക്കത്തയിൽ താമസിക്കുന്ന ക്ലിനിക്കൽ സൈക്കോളജിസ്‌റ്റാണ്. ഓൺലൈൻ ട്രേഡിങ് ആരംഭിക്കാൻ താൽപ്പര്യമുണ്ടോയെന്ന് ചോദിച്ചാണ് ഇൗ സുന്ദരി എല്ലാവരെയും പരിചയപ്പെടുന്നത്. മാസം ലക്ഷങ്ങൾ സന്പാദിക്കാമെന്ന വാഗ്‌ദാനവും. സുദിർക ജോസഫിന്റെ അതേ മുഖഛായയാണ് ട്രാവലറും ബിസിനസുകാരിയുമായ കാർത്തിക കൃഷ്‌ണയ്‌ക്കും. ചുരുക്കി പറഞ്ഞാൽ രണ്ട് അക്കൗണ്ടുകളിലെയും ഫോട്ടോ ഒരാളുടേതുതന്നെ.
ഇനിയാണ് ട്വിസ്‌റ്റ്. തന്റെ പേരിൽ ഇൻസ്‌റ്റഗ്രാമിൽ വ്യാജ അക്കൗണ്ടുകൾ പ്രചരിക്കുന്നത് ഫോട്ടോയിലെ യഥാർഥ പെൺകുട്ടി എറണാകുളം സ്വദേശിനിയും ഡോക്ടറുമായ അഞ്‌ജന സന്തോഷ് തിരിച്ചറിഞ്ഞു. സുഹൃത്തുക്കളാണ് വിവരം ശ്രദ്ധയിൽപ്പെടുത്തിയത്. വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് പലരെയും ട്രേഡിങ്ങിന് ക്ഷണിച്ചതായും പലരും പണം നിക്ഷേപിച്ചതുമായാണ് സൂചന. വ്യാജനെതിരെ അഞ്‌ജന കളമശേരി പൊലീസ് സ്‌റ്റേഷനിലും പിന്നീട് കാക്കനാട് സൈബർ ക്രൈം പൊലീസ് സ്‌റ്റേഷനിലും പരാതി നൽകി. സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഓൺലൈൻ ട്രേഡിങ് ഉൾപ്പെടെയുള്ള തട്ടിപ്പുകൾക്കായി സ്‌ത്രീകളുടെ ഫേ-ാട്ടോകൾ ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കുന്നത് വർധിച്ചതായി പൊലീസും സൈബർ വിദഗ്‌ധരും മുന്നറിയിപ്പ് നൽകുന്നു. സൗഹൃദം സ്ഥാപിച്ചശേഷം ഓൺലൈൻ ട്രേഡിങ്ങിന് പണം നൽകാൻ ആവശ്യപ്പെടും. പണമിട്ടാൽ ലാഭം കിട്ടിത്തുടങ്ങിയതായി അവർ നൽകുന്ന ആപ്ലിക്കേഷനിലെ വാലറ്റിൽ കാണിക്കും. എന്നാൽ, പണം പിൻവലിക്കാൻ ശ്രമിച്ചാൽ കിട്ടില്ല. ഇൗ അവസ്ഥയിലെത്തുന്പോഴാണ് പലരും പൊലീസിനുമുന്നിൽ എത്തുന്നത്. തട്ടിപ്പിനിരയായാൽ ഉടനെ അടുത്ത പൊലീസ് സ്‌റ്റേഷനിലോ ദേശീയ സൈബർ ക്രൈം പോർട്ടലായ 1930ലോ വിളിച്ച് പരാതി രജിസ്‌റ്റർ ചെയ്യുക.









0 comments