മേൽവിലാസം ശരിയല്ല, ഒന്ന് പറഞ്ഞുതരുമോ ?


ശ്രീരാജ് ഓണക്കൂർ
Published on Oct 09, 2025, 01:15 AM | 1 min read
കൊച്ചി
‘തപാൽവകുപ്പിൽനിന്നാണ്. ഇവിടെ രേഖപ്പെടുത്തിയിട്ടുള്ള നിങ്ങളുടെ മേൽവിലാസം കൃത്യമല്ല. അത് ശരിയാക്കാൻ ഇപ്പോഴുള്ള കൃത്യമായ വിലാസം അറിയിക്കാമോ?’ ആലുവ സ്വദേശിയുടെ മൊബൈൽ ഫോണിലേക്ക് വന്ന എസ്‌എംഎസ് സന്ദേശം തുടങ്ങിയത് ഇങ്ങനെ. നിങ്ങളുടെ പേരിൽ വരുന്ന തപാൽ ഉരുപ്പടികൾ കൃത്യമായി ലഭിക്കണമെങ്കിൽ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌ത് മേൽവിലാസവും വ്യക്തിവിവരങ്ങളും ഓൺലൈനായി പൂരിപ്പിച്ച് നൽകണമെന്നും എസ്‌എംഎസ് സന്ദേശത്തിലുണ്ടായിരുന്നു.
സംശയം തോന്നിയ ആലുവ സ്വദേശി റൂറൽ സൈബർ പൊലീസിനെ അറിയിച്ചു. അജ്ഞാത ഫോൺനന്പറിൽനിന്ന് എത്തിയ സന്ദേശം തട്ടിപ്പാണെന്ന് പൊലീസിന് വ്യക്തമായി. അജ്ഞാതനന്പറിൽനിന്ന് വരുന്ന ഇത്തരം സന്ദേശങ്ങൾ അവഗണിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു.
സൈബർ തട്ടിപ്പിന് ഇരയാകാൻ സാധ്യതയുള്ളവരുടെ വിവരങ്ങൾ ശേഖരിക്കാനാണ് തട്ടിപ്പുകാർ പ്രധാനമായും ഇൗ മാർഗം സ്വീകരിക്കുന്നതെന്ന് പൊലീസ് പറയുന്നു. ഇതുകൂടാതെ ചിലപ്പോൾ വിലാസവും വ്യക്തിവിവരങ്ങളും നൽകിക്കഴിഞ്ഞ് ഏതെങ്കിലും അജ്ഞാത ലിങ്കിൽ ക്ലിക്ക് ചെയ്യാൻ ആവശ്യപ്പെടും. ഇതിൽ കയറിയാൽ അവർ നൽകുന്ന എപികെ ഫയൽ നമ്മുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യപ്പെടും. ഇതോടെ നിങ്ങളുടെ ഫോണിന്റെ നിയന്ത്രണം സൈബർ തട്ടിപ്പുകാരന്റെ കൈയിലെത്തും.
തപാൽവകുപ്പ് ഫോൺനന്പറുകളിൽനിന്ന് എസ്‌എംഎസ് സന്ദേശങ്ങൾ അയക്കാറില്ല. തപാൽവകുപ്പ് എന്ന പേര് സൂചിപ്പിക്കുന്ന തരത്തിലായിരിക്കും ഇത്തരം എസ്‌എംഎസ് സന്ദേശങ്ങൾ വരികയെന്നും പൊലീസ് പറയുന്നു. ഇത്തരം എസ്‌എംഎസ് ലഭിച്ചാൽ ഉടൻ അടുത്തുള്ള തപാൽ ഓഫീസിലോ പൊലീസ് സ്‌റ്റേഷനിലോ വിളിച്ച് ആധികാരികത ഉറപ്പിക്കണമെന്നും പൊലീസ് വ്യക്തമാക്കി.









0 comments