അക്കൗണ്ട് ഉടമയറിയാതെ ഓൺലൈൻ ലോൺ ; യുവതിക്ക് നഷ്ടമായത് 92,000


ശ്രീരാജ് ഓണക്കൂർ
Published on Sep 08, 2025, 02:10 AM | 1 min read
കൊച്ചി
ബാങ്ക് അക്കൗണ്ട് ഉടമയറിയാതെ ഓൺലൈൻ ലോണെടുത്ത് പണം പിൻവലിക്കുന്ന തട്ടിപ്പിൽ എറണാകുളം സ്വദേശിനിക്ക് നഷ്ടമായത് 92,000 രൂപ . ഇത്തരത്തിലുള്ള രണ്ട് പരാതി എറണാകുളം റൂറൽ സൈബർ പൊലീസിന് ലഭിച്ചു. ഫോൺവിവരം ചോർത്താൻ എപികെ ഫയൽ, ഇ – ചെല്ലാൻ, പിഡിഎഫ്, ഫോട്ടോ, വിവാഹക്കത്ത് തുടങ്ങിയവയുടെ രൂപത്തിൽ വാട്‌സാപ്പിൽ അയച്ചാണ് തട്ടിപ്പ് തുടങ്ങുക.
അക്കൗണ്ടിൽ സംശയാസ്‌പദമായി 5,93,000 രൂപ വന്നതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്. രണ്ടുതവണയായി 49,000 രൂപയും 43,000 രൂപയും പിൻവലിച്ചതായും കണ്ടെത്തി. ഗതാഗത നിയമലംഘനത്തിന്റെ പേരിൽ ഇ – ചെല്ലാൻ എന്ന വ്യാജേന വാട്‌സാപ്പിൽ വന്ന എപികെ ഫയലിൽ യുവതി ക്ലിക്ക് ചെയ്‌തിരുന്നു. ഫയൽ ഡൗൺലോഡ് ആയതോടെ ഇവരുടെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടു. ഇതുവഴി, ഓൺലൈൻ ലോൺ ഇവർ എടുത്തു. അതിൽ നിന്നാണ് രണ്ട് തവണ തുക പിൻവലിച്ചത്. അക്കൗണ്ട് മരവിപ്പിച്ചതിനാൽ കൂടുതൽ പണം പിൻവലിക്കാൻ സംഘത്തിനായില്ല.
സമൂഹമാധ്യമങ്ങളിലും ഇ–മെയിലിലും എസ്‌എംഎസ് ആയി വരുന്ന ഫയൽ തനിയെ ഡൗൺലോഡ് ആകാതിരിക്കാൻ ഫോണിലെ ‘ഓട്ടോമാറ്റിക് ഡൗൺലോഡിങ്’ സെറ്റിങ്‌സ് ഓഫാക്കണമെന്ന് പൊലീസ് അറിയിച്ചു.









0 comments