ഓൺലൈൻ തട്ടിപ്പ്: 24 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

കോഴിക്കോട് : ഓൺലൈൻ വഴി കോഴിക്കോട് സ്വദേശിയെ കബളിപ്പിച്ച് 24 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. മലപ്പുറം മൊറയൂർ സ്വദേശി അർഷാദിനെയാണ് (27) കോഴിക്കോട് സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശിയായ വീട്ടമ്മ നൽകിയ പരാതിയിലാണ് അറസ്റ്റ്. പരാതിക്കാരിയെ 2024 ഒക്ടോബർ മുതൽ ടെലഗ്രാം അക്കൗണ്ടുകൾ വഴിയും വാട്‌സാപ് വഴിയും ബന്ധപ്പെട്ട് ഓൺലൈൻ ടാസ്കിലൂടെ പണം സമ്പാദിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. വെബ് സൈറ്റിലൂടേയും മറ്റും ടാസ്ക് ചെയ്യുന്നതിനായുള്ള നിക്ഷേപമെന്ന രീതിയിൽ വിവിധ ബാങ്ക് അക്കൌണ്ടുകളിലേക്ക് 24,10,618 രൂപ ട്രാൻസ്ഫർ ചെയ്യിച്ച് തട്ടിയെടുക്കുകയായിരുന്നു.
ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ തട്ടിപ്പുകാർക്ക് വേണ്ടി പണം ക്രെഡിറ്റ് ചെയ്യുന്നതിന് ബാങ്ക് അക്കൗണ്ട് ഓപ്പൺ ചെയ്ത് 10,00,000 രൂപ അക്കൗണ്ടിലേക്ക് ഡെപ്പോസിറ്റ് ചെയ്യിക്കുകയും ചെയ്തിരുന്നു. വീട്ടമ്മയായ പരാതിക്കാരിയെ ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ സോഷ്യൽ മീഡിയ വഴി ബന്ധപ്പെട്ട് പണം ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിപ്പിച്ച് കബളിപ്പിക്കുകയും പണം തട്ടുകയുമായിരുന്നു. പരാതിക്കാരി 10,00,000 രൂപ രണ്ടു തവണകളായി പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു. ബാങ്ക് ട്രാൻസാക്ഷൻ സംബന്ധിച്ച വിവരങ്ങൾ വിശകലനം ചെയ്താണ് പ്രതിയെ തിരിച്ചറിഞ്ഞത്.
ഓൺലൈൻ തട്ടിപ്പുകാർക്കുവേണ്ടി പണം ക്രെഡിറ്റ് ചെയ്യാൻ ഇയാൾ വാടക ബാങ്ക് അക്കൗണ്ട് ഓപ്പൺ ചെയ്തിരുന്നതായും പൊലീസ് കണ്ടെത്തി. ബാങ്ക് അക്കൗണ്ടുകൾ എടുത്ത് നൽകുന്നവരെപ്പറ്റിയും പണം സ്വീകരിച്ച് കൈമാറുന്നവരെപ്പറ്റിയും കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്. അറസ്റ്റിലായ അർഷാദ്, വേങ്ങര, മഞ്ചേരി, കൊണ്ടോട്ടി പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത എൻഡിപിഎസ് കേസുകളിൽ പ്രതിയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് ജില്ലാ ജയിലിൽ റിമാൻഡ് ചെയ്തു.
കോഴിക്കോട് സിറ്റി പൊലീസ് കമീഷണർ ടി നാരായണന്റെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി പൊലീസ് കമീഷണർ അരുൺ കെ പവിത്രന്റെയും സൈബർ ക്രൈം പൊലീസ് അസിസ്റ്റന്റ് കമീഷണർ ജി ബാലചന്ദ്രന്റെയും മേൽനോട്ടത്തിൽ പൊലീസ് ഇൻസ്പെക്ടർ ആഗേഷ് കെ കെ, എസ് ഐ അബ്ദുൾ അസീസ്, എഎസ്ഐ നവീൻ, സീനിയർ സിവിൽ പൊലീസ് ഓഫീർ ഫെബിൻ, വിമീഷ് എന്നിവർ ഉൾപ്പെട്ട അന്വേഷക സംഘമാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.









0 comments