അപ്ഡേഷന് പിന്നാലെ ഫോൺ ഡിസ്പ്ലേയിൽ വര; വിലയും നഷ്ടപരിഹാരവും നൽകാൻ ഉത്തരവ്‌

Kerala State Consumer Disputes Redressal Commission, Thiruvananthapuram
വെബ് ഡെസ്ക്

Published on Jan 18, 2025, 01:29 PM | 1 min read


തിരുവനന്തപുരം: സോഫ്‌റ്റ്‌വേർ അപ്‌ഡേഷനുശേഷം മൊബൈൽ ഫോൺ ഡിസ്‌പ്ലേയിൽ വരകൾ പ്രത്യക്ഷപ്പെടുകയും ഡിസ്‌പ്ലേ അവ്യക്തമാവുകയും ചെയ്‌തതിന്‌ നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്‌തൃ തർക്കപരിഹാര കമീഷൻ വിധി. തിരുവനന്തപുരം സ്വദേശി അഡ്വ. കെ ആർ ദിലീപ്‌ സമർപ്പിച്ച പരാതിയിലാണിത്‌.


42,999 രൂപയ്‌ക്ക്‌ വാങ്ങിയ വൺപ്ലസ്‌ ഫോണിന്റെ സ്‌ക്രീനിൽ പിങ്ക്‌ലൈൻ പ്രത്യക്ഷപ്പെടുകയായിരുന്നു. അംഗീകൃത സർവീസ്‌ സെന്ററിൽ സമീപിച്ചപ്പോൾ സ്‌ക്രീൻ സൗജന്യമായി മാറ്റിത്തരാമെന്നും ഓർഡർ ചെയ്‌തതായും അറിയിച്ചു. പിന്നീട്‌ നിരന്തരം സമീപിച്ചപ്പോൾ 19,000 രൂപയ്‌ക്ക്‌ തിരിച്ചെടുക്കുകയോ ഡിസ്‌പ്ലേ വരുന്നതുവരെ കാത്തിരിക്കാനോ ആവശ്യപ്പെട്ടു. പിന്നീടും സ്‌ക്രീനിൽ പിങ്ക്‌ലൈൻ വന്നതോടെയാണ്‌ കമീഷനെ സമീപിച്ചത്‌.


നിർമാണത്തിലെ അപാകമാണെന്ന്‌ കണ്ടെത്തിയ പി വി ജയരാജൻ അധ്യക്ഷനും വി ആർ വിജു, പ്രീതാ ജി നായർ എന്നിവർ അംഗങ്ങളുമായ കമീഷൻ നഷ്ടപരിഹാരം നൽകാൻ വിധിക്കുകയായിരുന്നു. ഫോണിന്റെ വിലയായ 42,999 രൂപ തിരികെ നൽകാനും കോടതി ചെലവ്‌, നഷ്ടപരിഹാരം എന്നിവയായി 12,500 രൂപ നൽകാനുമാണ്‌ ഉത്തരവ്‌. പരാതിക്കാരനുവേണ്ടി അഡ്വ. ശ്രീവരാഹം എൻ ജി മഹേഷ്‌, ഷീബ ശിവദാസൻ എന്നിവർ ഹാജരായി.



deshabhimani section

Related News

View More
0 comments
Sort by

Home