ഓണത്തിന് ഒരുലക്ഷം തൊഴിൽ; ബ്ലോക്ക്, മുനിസിപ്പൽതലത്തിൽ തൊഴിൽമേളകൾ

ഫയൽ ചിത്രം
തൃശൂർ: കുടുംബശ്രീ മിഷനും വിജ്ഞാന കേരളവും ചേർന്ന് നടപ്പാക്കുന്ന ‘ഓണത്തിന് ഒരുലക്ഷം തൊഴിൽ പദ്ധതി’യുടെ ഭാഗമായി ജൂലൈ, ആഗസ്‌ത് മാസങ്ങളിൽ ബ്ലോക്ക്, മുനിസിപ്പൽ, കോർപറേഷൻതലത്തിൽ തൊഴിൽമേളകൾ സംഘടിപ്പിക്കുമെന്ന് തദ്ദേശമന്ത്രി എം ബി രാജേഷും വിജ്ഞാനകേരളം മുഖ്യ ഉപദേശകൻ ഡോ. ടി എം തോമസ് ഐസക്കും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വിജ്ഞാനകേരളം ക്യാമ്പയിന്റെ നിർവഹണത്തിനായി തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സമിതികൾ രൂപീകരിക്കും. കുടുംബശ്രീ സംസ്ഥാന–- ജില്ലാ മിഷനുകൾ ഇംപ്ലിമെന്റേഷൻ ഏജൻസിയായി പ്രവർത്തിക്കും. പ്രാദേശികതലത്തിൽ തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിന് സംരംഭക സംഘടനകളുടെ ജില്ലാതല യോഗം സംഘടിപ്പിക്കും. സംരംഭകരെ നേരിട്ട് ബന്ധപ്പെടുന്നതിന് മൂന്നു തലങ്ങളിലും പ്രത്യേകം സംഘത്തെ നിയോഗിക്കും. തൊഴിലന്വേഷകരെ കുടുംബശ്രീ സിഡിഎസുകൾ വഴി കണ്ടെത്തും. തെരഞ്ഞെടുക്കപ്പെടുന്ന തൊഴിലന്വേഷകർക്ക് അസാപ്, കെയ്‌സ് തുടങ്ങിയ സർക്കാർ ഏജൻസികളും മറ്റ് അക്രഡിറ്റഡ് ഏജൻസികളും പരിശീലനം നൽകും. പരിശീലന പരിപാടികളുടെ ഏകോപനം കില നിർവഹിക്കും. പ്രാദേശിക തൊഴിലവസരങ്ങൾ കണ്ടെത്തി നൽകുന്നതിൽ വീട്ടമ്മമാർക്കാണ് മുൻഗണന.
എല്ലാ ജില്ലകളിലും മന്ത്രിമാർ അധ്യക്ഷരായി വിജ്ഞാന കൗൺസിലുകൾ രൂപീകരിച്ചിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങളിലും വിജ്ഞാന കൗൺസിലുകൾ രൂപീകരിക്കും. വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി കോളേജ്, ഐടിഐ, പോളിടെക്‌നിക് എന്നിവയിലെ വിദ്യാർഥികൾക്ക് തൊഴിൽ നൈപുണി പരിശീലനം നൽകും. ഓരോ കലാലയങ്ങളിലെയും പൂർവവിദ്യാഥികളായ പ്രൊഫഷണലുകളാണ് പരിശീലനം നൽകുക. വർഷാവസാനം കാമ്പസ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുമെന്നും ഇരുവരും പറഞ്ഞു.









0 comments