അങ്ങ്‌ പോളണ്ടിലും ‘ഓണം മൂഡ്‌’ ; വൻകരകൾ കടന്ന ആഘോഷപ്പൂരം

onam mood song

അലക്സാണ്ട്ര മ്യൂസിയൽ, കീർത്തി ആനന്ദ്‌, 
മാർത്യാന ദേവ്, മഗ്ഡ കൊർഡുള ചോഡാനോസ്ക എന്നിവർ പോളണ്ടിൽ നൃത്തംചെയ്യുന്നു

avatar
വൈഷ്‌ണവ്‌ ബാബു

Published on Sep 05, 2025, 02:15 AM | 1 min read



തിരുവനന്തപുരം

മലയാളക്കരയുടെ സ്വന്തം ഓണംമൂഡ്‌ വിസയും പാസ്‌പോർട്ടുമില്ലാതെ വൻകരകൾ കടന്നു. അതിർത്തികൾ ഭേദിച്ച് കടലുകൾ താണ്ടിയ ‘ഏത്‌ മൂഡ്‌, ഓണം മൂഡ്‌’ പാട്ടിനൊപ്പം യൂറോപ്പിലെ യുവതികൾ നൃത്തം ചെയ്തപ്പോൾ ലോകം കൗതുകത്തോടെ നോക്കിനിന്നു. പോളണ്ടിന്റെ തലസ്ഥാനമായ വാർസോയിലെ തെരുവിൽ ചിത്രീകരിച്ച ‘ഓണംമൂഡ്‌’ ഫോട്ടോയും വീഡിയോയും നിരവധിപേരാണ്‌ പ്രചരിപ്പിച്ചത്‌. കസവുസാരിയണിഞ്ഞ്‌ ആർപ്പോ വിളിച്ച്‌ ഓണമാഘോഷിക്കുന്ന മറ്റു വീഡിയോകളും അവർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്‌. ‘ഓണം മൂഡിനെക്കുറിച്ചറിയാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി നിരവധിപേർ മെസേജ്‌ അയക്കുന്നുണ്ട്‌. യുട്യൂബിലെ മലയാളം റീലുകൾ കാണിച്ച്‌ ഓണത്തിന്റെ ആവേശം അവരിലേക്കും പകർന്നു – യുവതികൾ ദേശാഭിമാനിയോട്‌ പറഞ്ഞു.


പോളണ്ടിലെ മസാകലി ഡാൻസ് ടീമിലെ മാർത്യാന ദേവ്, മഗ്ഡ കൊർഡുള ചോഡാനോസ്ക, അലക്സാൻഡ്ര മ്യൂസിയൽ എന്നിവർ മലയാളിയായ കീർത്തി ആനന്ദിനൊപ്പമാണ്‌ നൃത്തംചെയ്തത്‌. അതിരുകൾക്കപ്പുറം ലോകമെമ്പാടുമുള്ള മനുഷ്യരെ ഒരുമിച്ചുനിർത്താനുള്ള കഴിവ് ഓണത്തിനുണ്ടെന്ന വിളംബരമായി അത്‌ മാറി. ഡാൻസ്‌ ടീമിലൂടെ കേരളത്തിന്റെ തനത്‌ കലാരൂപങ്ങളെയും അവർ പോളണ്ടിന്‌ പരിചയപ്പെടുത്തുന്നുണ്ട്‌.


പൂക്കളവും പുലികളിയും ഊഞ്ഞാലാട്ടവുംപോലെ ഓണത്തിന്റെ പുതിയ ആഘോഷചിഹ്നമായി റീലുകൾ മാറി. മന്ത്രിമാരും എംഎൽഎമാരും കലക്ടർമാരും ഉൾപ്പെടെ നേതൃത്വംനൽകിയ നിരവധി റീലുകളാണ്‌ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്‌. സ്കൂളുകളിലും അങ്കണവാടികളിലും നടന്ന കുരുന്നുകളുടെ ആഘോഷവും റീലുകൾക്ക്‌ നിറമേകി. പാട്ടുകളിലൂടെ മനസ്സുകൾ കീഴടക്കിയ ആഫ്രിക്കയിലെ കിലി പോളെന്ന ഉണ്ണിയേട്ടനും മലയാളികൾക്ക്‌ ഓണാശംസ നേർന്നിട്ടുണ്ട്‌. എഐയുടെ സഹായത്തോടെ മാവേലിയുമായി ചാറ്റ്‌ ചെയ്യാനുള്ള സംവിധാനമൊരുക്കി ടെക്‌നോപാർക്കിലെ സെഞ്ച്യൂറിയോ ടെക്കും ഓണാഘോഷത്തിനൊപ്പമുണ്ട്‌.


onam



deshabhimani section

Related News

View More
0 comments
Sort by

Home