ഇതാ ഇവിടെയുണ്ടാ ഭാഗ്യവാൻ... തിരുവോണം ബമ്പർ തുറവൂർ സ്വദേശി ശരത്തിന്

തുറവൂർ
രണ്ടുദിവസമായി കേരളം തിരയുന്ന ഭാഗ്യശാലി കൊച്ചിയിലല്ല, ആലപ്പുഴ തുറവൂരിൽ. സംസ്ഥാന ലോട്ടറിയുടെ തിരുവോണം ബമ്പർ നറുക്കെടുപ്പിൽ 25 കോടിയുടെ ഭാഗ്യം ചേർത്തല തൈക്കാട്ടുശേരി നെടുംചിറയിൽ ശരത് എസ് നായർക്ക്. ശനിയാഴ്‌ച നടന്ന നറുക്കെടുപ്പിൽ ഒന്നാംസമ്മാനത്തിന് അർഹമായ ‘ടിഎച്ച് 577825’ നമ്പർ ടിക്കറ്റ് തിങ്കൾ പകൽ 11ന് തുറവൂർ ആലയ്‌ക്കാപ്പറമ്പിലെ എസ്‌ബിഐ ശാഖയിൽ ഏൽപ്പിച്ചതോടെയാണ് കേരളം തിരയുന്ന ഭാഗ്യവാൻ ആലപ്പുഴയിലാണെന്ന് പുറത്തറിയുന്നത്.
എറണാകുളം നെട്ടൂരിൽ പെയിന്റ് ഷോറൂമിലെ ജീവനക്കാരനാണ് ശരത്ത്. വിൽപ്പനക്കാർ നിർബന്ധിക്കുമ്പോൾ മറ്റു ലോട്ടറികൾ എടുക്കാറുണ്ടെങ്കിലും ബമ്പർ ആദ്യം. സെപ്‌തംബർ 27ലെ ബമ്പർ നറുക്കെടുപ്പ് മാറ്റിവച്ചെന്ന് അറിഞ്ഞതോടെയാണ് ഭാഗ്യം പരീക്ഷിക്കാൻ തീരുമാനിച്ചത്. ഒന്നാംസമ്മാനത്തിന് അർഹനായ വിവരം നറുക്കെടുപ്പിന് പിന്നാലെ അറിഞ്ഞെങ്കിലും കുടുംബവുമായി മാത്രം വിവരം പങ്കുവച്ചു. ബാങ്കിൽ ടിക്കറ്റ് ഏൽപ്പിച്ചശേഷം ശരത് മാധ്യമങ്ങളെ വിവരം അറിയിച്ചു.
‘‘വീടിന്റെ വായ്പ തിരിച്ചടയ്ക്കാനുണ്ട്. നാലുവർഷം മുമ്പ് പക്ഷാഘാതം ബാധിച്ച് കിടപ്പിലായ അച്ഛന്റെ ചികിത്സ തുടരുകയാണ്. അച്ഛനു നല്ല ചികിത്സ നൽകണം’’– ശരത്ത് പറഞ്ഞു.
ഭാര്യ അപർണ, മകൻ ആഗ്നേയ് കൃഷ്ണ (6 മാസം) എന്നിവർക്കൊപ്പം, കുടുംബവീടിനു സമീപത്തെ വീട്ടിലാണ് താമസം. അച്ഛൻ ശശിധരൻനായർ, അമ്മ രാധാമണി, സഹോദരൻ രഞ്ജിത്ത് എസ് നായർ എന്നിവർ തൊട്ടടുത്ത് കുടുംബവീട്ടിലും. മരട് നെട്ടൂർ ഐഎൻടിയുസി ജങ്‌ഷനിലെ രോഹണി ട്രേഡേഴ്‌സ് ഉടമ ലതീഷിൽനിന്നാണ് ശരത് ടിക്കറ്റ് വാങ്ങിയത്.
ചന്തിരൂരിൽ ജോലിചെയ്യുന്ന നെട്ടൂർ സ്വദേശിക്കാണ് ഒന്നാംസ്ഥാനമെന്ന് കഴിഞ്ഞദിവസം തെറ്റായ വാർത്ത പരന്നിരുന്നു.









0 comments