'25 കോടി അടിച്ചെന്ന് കരുതുന്ന ആളുടെ വീട് പൂട്ടിയ നിലയിൽ'

ലോട്ടറി ഏജന്റ് ലതീഷ്
കൊച്ചി: 25 കോടിയുടെ തിരുവോണം ബമ്പർ ഒന്നാം സമ്മാനം അടിച്ചത് നെട്ടൂർ സ്വദേശിനിക്കെന്ന് സൂചന. ഭാഗ്യശാലി എന്ന് കരുതുന്നയാൾ വീട് പൂട്ടി പോയിരിക്കുകയാണെന്ന് ലോട്ടറി വിറ്റ ഏജന്റ് ലതീഷ് പറഞ്ഞു. സ്ഥിരം ടിക്കറ്റ് എടുക്കുന്ന ആളല്ല. ഓണം ബമ്പറായതിനാൽ എടുത്തതാണ്. 12 മണിയോടെ കൂടുതൽ വിവരങ്ങൾ അറിയാമെന്നും ലതീഷ് പറഞ്ഞു.
TH 577825 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. വൈറ്റിലയിലെ ലോട്ടറി മൊത്തവിതരണക്കാരായ ഭഗവതി ഏജൻസീസിൽനിന്നാണ് മരട് നെട്ടൂർ ഐഎൻടിയുസി ജങ്‌ഷനിലെ രോഹിണി ട്രേഡേഴ്‌സ് ഉടമ ലതീഷ് വിൽപ്പനയ്‌ക്ക് ടിക്കറ്റ് വാങ്ങിയത്. ഒരുവർഷംമുൻപാണ് ലോട്ടറിവിൽപ്പന തുടങ്ങിയത്. രണ്ടുമാസംമുൻപ് ഒരുകോടി രൂപ സമ്മാനം ലതീഷ് വിറ്റ ടിക്കറ്റിന് ലഭിച്ചിരുന്നു.
തിരുവനന്തപുരം ഗോര്‍ക്കി ഭവനിൽ ശനിയാഴ്‌ചയായിരുന്നു നറുക്കെടുപ്പ്. തിരുവോണം ബമ്പറിന്റൈ 75 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. അച്ചടിപിശക് സംഭവിച്ച ഒരു ടിക്കറ്റ് ഒഴികെയുളളവ വിറ്റഴിച്ചു. പാലക്കാടാണ് കൂടുതല്‍ വിൽപ്പന നടന്നത്, 14,07,100 എണ്ണം. രണ്ടാംസ്ഥാനത്തുള്ള തൃശൂരിൽ 9,37,400 ടിക്കറ്റും മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരത്ത് 8,75,900 ഉം ടിക്കറ്റും വിറ്റു.








0 comments