ഓണാഘോഷത്തിനിടെ ആക്രമണം: 2 പേർക്ക് വെട്ടേറ്റു

ചിറയിൻകീഴ്: കിഴുവിലം കൊറട്ടുവിളാകത്ത് ഓണാഘോഷത്തിനിടെ അക്രമി സംഘം രണ്ട് പേരെ വെട്ടിപ്പരിക്കേൽപ്പിച്ചു. ഞായർ രാത്രി 8.30ഓടെ കൊറട്ടുവിളാകം അനുഗ്രഹ ആർട്സ് ആൻഡ് സ്പോർട്‌സ് ക്ലബ് ഓണാഘോഷ പരിപാടിക്കിടെയായിരുന്നു ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് ശാർക്കര സ്വദേശികളായ നാല് പേരെ ചിറയിൻകീഴ് പൊലീസ് അറസ്റ്റു ചെയ്തു. ശാർക്കര ഈഞ്ചയ്ക്കൽ പാലത്തിന് സമീപം
ആറ്റുവരമ്പിൽതിട്ടവീട്ടിൽ പ്രവീൺലാൽ (34), അനന്തൻതിട്ടവീട്ടിൽ ഉണ്ണി (28), വയൽതിട്ട വീട്ടിൽ കിരൺ പ്രകാശ് (29), കളിയിൽ പാലത്തിന് സമീപം വയൽതിട്ട വീട്ടിൽ ജയേഷ് (24) എന്നിവരാണ് അറസ്റ്റിലായത്. കിഴുവിലം കൊറട്ടുവിളാകം തവളാത്ത് വീട്ടിൽ അച്ചുലാൽ (35), കല്ലുതട്ടിൽ വീട്ടിൽ അജിത്ത് (37) എന്നിവർക്കാണ് വെട്ടേറ്റത്. ആക്രമണത്തിൽ അച്ചുലാലിന്റെ സഹോദരിക്കും പരിക്കേറ്റു. ബൈക്കുകളിൽ സംഘമായെത്തിയ പ്രതികൾ ആക്രമണം നടത്തുകയായിരുന്നു. പിന്തിരിപ്പിക്കാൻ ശ്രമിച്ച ആഘോഷ കമ്മിറ്റി അംഗങ്ങളെയും പരിപാടി കാണാനെത്തിയവരെയും സംഘം ആയുധം കാട്ടി ഭീക്ഷണിപ്പെടുത്തി.
തലയ്ക്ക് ഗുരുതര പരിക്കേറ്റ അച്ചുലാൽ സ്വകാര്യ ആശുപത്രിയിലും അജിത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും ഉടൻ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു. ചിറയിൻകീഴ് എസ്എച്ച്ഒ വി എസ് അജീഷ്, സബ് ഇൻസ്പെക്‌ടർ എ ശ്രീകുമാർ, ബിനു, സുമേഷ്, വൈശാഖ്, സവാദ്‌ഖാൻ, ഷജീർ എന്നിവർ ഉൾപ്പെട്ട അന്വേഷക സംഘമാണ് പ്രതികളെ പിടികൂടിയത്.









0 comments