കർഷക ചന്ത : സംഭരിച്ചത് 6.6 കോടിയുടെ ഉൽപ്പന്നങ്ങൾ

തിരുവനന്തപുരം
സംസ്ഥാനത്ത് കൃഷിവകുപ്പിന്റെ കർഷക ചന്തകളിലൂടെ ആദ്യ രണ്ടു ദിനങ്ങളിൽ സംഭരിച്ചത് 6.6 കോടി രൂപയുടെ പഴവും പച്ചക്കറിയും. ഇതിൽ 4.33 കോടിയുടെ ഉൽപ്പന്നങ്ങൾ കർഷകരിൽനിന്നു നേരിട്ട് സംഭരിച്ചതാണ്. ഓണക്കാലത്ത് കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് വിപണി ഉറപ്പാക്കുന്നതിനും പച്ചക്കറി വിപണിയിലെ അനിയന്ത്രിത വിലക്കയറ്റം തടയുന്നതിനുമാണ് കൃഷി വകുപ്പ് സംസ്ഥാനത്തുടനീളം ചന്തകൾ ഒരുക്കിയത്.
ഹോർട്ടികോർപ്പ് മുഖേന 2.12 കോടിയുടെ കാർഷിക ഉൽപ്പന്നങ്ങളും വിഎഫ്പിസികെയും മറ്റു സംവിധാനങ്ങളും മുഖേന 14.75 ലക്ഷം രൂപയുടെ ഉൽപ്പന്നങ്ങളും സംഭരിച്ചിട്ടുണ്ട്. രണ്ടു ദിനങ്ങളിൽ 2.62 കോടി രൂപയുടെ പഴവും പച്ചക്കറിയും കർഷക ചന്തകളിലൂടെ വിറ്റഴിച്ചു.
കൃഷിഭവനുകൾ കേന്ദ്രീകരിച്ച് 1076 വിപണിയും ഹോർട്ടികോർപ്പിന്റെ 764 വിപണിയും വിഎഫ്പിസികെയുടെ 160 വിപണിയും ഉൾപ്പെടെ ആകെ 2,000 കർഷക ചന്തകളാണുള്ളത്. പൊതുവിപണി വിലയുടെ 10 ശതമാനം അധികം നൽകിയാണ് കർഷകരിൽനിന്നും ഉൽപ്പന്നങ്ങൾ സംഭരിക്കുന്നത്. വിപണി വിലയേക്കാൾ 30 ശതമാനം വില കുറച്ചാണ് ഇവ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നത്. വ്യാഴം വരെയാണ് ചന്തകൾ പ്രവർത്തിക്കുക.









0 comments