ഓണത്തിന്‌ 2000 കർഷകച്ചന്ത , ഉൽപ്പന്നങ്ങൾക്ക്‌ ന്യായവില

onachantha
വെബ് ഡെസ്ക്

Published on Aug 03, 2025, 12:46 AM | 1 min read


തിരുവനന്തപുരം

ഓണത്തോടനുബന്ധിച്ച്‌ കൃഷിവകുപ്പ്‌ സെപ്‌തംബർ ഒന്നുമുതൽ നാലുവരെ സംസ്ഥാനത്ത്‌ 2000 കർഷകച്ചന്ത സംഘടിപ്പിക്കുമെന്ന്‌ മന്ത്രി പി പ്രസാദ്‌ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൃഷിവകുപ്പ്‌ നേരിട്ട്‌ 1076 ചന്തകളും വിഎഫ്‌പിസികെ 160ചന്തകളും ഹോർട്ടികോർപ്പ്‌ 764 ചന്തകളും നടത്തും. കർഷകർക്ക്‌ ഉൽപ്പന്നങ്ങൾക്ക്‌ ന്യായവിലയും പൊതുജനങ്ങൾക്ക്‌ പൊതുവിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിൽ പച്ചക്കറിയും ഉറപ്പാക്കുകയാണ്‌ ലക്ഷ്യം.


കർഷകരിൽനിന്ന്‌ 10 ശതമാനം അധികവില നൽകി പച്ചക്കറി സംഭരിച്ച്‌ പൊതുവിപണിയേക്കാൾ 30 ശതമാനം വിലകുറച്ച്‌ ജനങ്ങൾക്ക്‌ നൽകും. ജൈവ പച്ചക്കറി 20 ശതമാനം അധികവില നൽകി സംഭരിച്ച്‌ 10 ശതമാനം വില കുറച്ച്‌ ജനങ്ങൾക്ക്‌ നൽകും. ഇതിന്‌ 13 കോടി രൂപയാണ്‌ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌.


കർഷകരിൽനിന്ന്‌ പച്ചക്കറി സംഭരിക്കാൻ പദ്ധതി ആവിഷ്‌കരിച്ചു. സംസ്ഥാനത്ത്‌ ലഭ്യമല്ലാത്ത പച്ചക്കറികൾ ഹോർട്ടികോർപ്പ് ഇതര സംസ്ഥാനങ്ങളിൽനിന്ന് വാങ്ങും. കേരള ഗ്രോ ഉൽപ്പന്നങ്ങൾ, ജൈവ ഉൽപ്പന്നങ്ങൾ, കൃഷിക്കൂട്ടായ്മ ഉൽപ്പന്നങ്ങൾ, ഫാമുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഉൽപ്പന്നങ്ങൾ എന്നിവയുടെ വിൽപ്പനയ്‌ക്ക്‌ കർഷകച്ചന്തയിൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തും.


സംസ്ഥാനത്ത് ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികളുടെ സമാഹരണത്തിന് ആക്ഷൻ പ്ലാൻ തയ്യാറാക്കും. വിപണിയിൽ എല്ലാവിധ പച്ചക്കറികളുടെയും ലഭ്യത ഉറപ്പാക്കും. പച്ചക്കറി സംഭരിച്ച ഇനത്തിൽ മെയ്‌വരെയുള്ള പണം കർഷകർക്ക്‌ നൽകിക്കഴിഞ്ഞു. ജൂണിലെ തുകയിൽ 28 ലക്ഷം രൂപകൂടി നൽകാനുണ്ട്‌. പണം സമയബന്ധിതമായി നൽകാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home