കേന്ദ്രവിഹിതം ലഭിക്കാഞ്ഞിട്ടും മത്സ്യമേഖലയുടെ സമഗ്രവികസനത്തിന് 2000 കോടിയുടെ പാക്കേജ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു
ഓഖിയിലും കേന്ദ്രം കൈയൊഴിഞ്ഞു ; ജീവിതം കരയ്ക്കടുപ്പിച്ചത് സംസ്ഥാന സർക്കാർ

തിരുവനന്തപുരം മുട്ടത്തറയിലെ മത്സ്യത്തൊഴിലാളികൾക്കുള്ള ഫ്ലാറ്റ്

മിൽജിത്ത് രവീന്ദ്രൻ
Published on Jul 31, 2025, 02:46 AM | 2 min read
തിരുവനന്തപുരം
ഓഖി ചുഴലിക്കാറ്റിൽ സർവവും നഷ്ടമായവരെ കേന്ദ്രസർക്കാർ കൈയൊഴിഞ്ഞിട്ടും ചേർത്തുനിർത്തിയത് സംസ്ഥാന സർക്കാർ. സുനാമി ദുരന്തത്തിനുശേഷം കേരളത്തിന്റെ തീരമേഖല നേരിട്ട വലിയ ദുരന്തത്തിൽ മരിക്കുകയോ കാണാതാവുകയോ ചെയ്തത് 143 പേരെ. 2017 നവംബർ 29 ലായിരുന്നു ഓഖി ദുരന്തം. വിവിധ വകുപ്പുകളെയും ഏജൻസികളെയും നാവിക, വ്യോമ, തീരരക്ഷാസേനകളെയും ഏകോപിപ്പിച്ച് സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമാണ് സംസ്ഥാന സർക്കാർ നടത്തിയത്.
ഓഖി ദുരിതാശ്വാസ പ്രവർത്തനങ്ങളും പുനരധിവാസവും പുതിയ മാതൃക സൃഷ്ടിച്ചു. 143 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും 20 ലക്ഷം രൂപ വീതം 28.60 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് ലഭ്യമാക്കി. അടിയന്തര സഹായമായി 2000 രൂപവീതം 1,14,032 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് അനുവദിച്ചു. 22.80 കോടി രൂപ ചെലവഴിച്ചു. വീട് നഷ്ടപ്പെട്ട 72 കുടുംബങ്ങൾക്ക് സ്ഥലവും വീടും വാങ്ങാൻ 10 ലക്ഷം രൂപവീതം 7.62 കോടി രൂപ അനുവദിച്ചു. ഭാഗികമായി നാശനഷ്ടം നേരിട്ട 458 മത്സ്യത്തൊഴിലാളി ഭവനങ്ങൾ പുനരുദ്ധരിക്കുന്നതിന് 2.02 കോടി രൂപ അനുവദിച്ചു.
തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകാൻ അഞ്ചുഘട്ടങ്ങളായി 6.76 കോടി രൂപയാണ് ചെലവിട്ടത്. 40,000 പേർക്ക് ലൈഫ് ജാക്കറ്റ് നൽകാൻ 6.10 കോടി രൂപ. 15,000 മത്സ്യത്തൊഴിലാളികൾക്ക് നാവിക് ഉപകരണങ്ങൾ നൽകാൻ 15.93 കോടി രൂപയുടെ പദ്ധതി, 1000 തൊഴിലാളികൾക്ക് സാറ്റലൈറ്റ് ഫോൺ നൽകുന്നതിന് 9.62 കോടിയുടെ പദ്ധതി എന്നിവ നടപ്പാക്കി.
മത്സ്യത്തൊഴിലാളികളുടെ മക്കളായ 318 പേർക്ക് ഡിഗ്രിതലം വരെയുള്ള വിദ്യാഭ്യാസം സൗജന്യമാക്കുതിനും തൊഴിലധിഷ്ഠിത ട്രെയ്നിങ് നൽകുന്നതിനും 13.92 കോടി രൂപ സർക്കാർ അനുവദിച്ചു. ഓഖിയിൽ മരണപ്പെടുകയും കാണാതാവുകയും ചെയ്ത മത്സ്യത്തൊഴിലാളികളുടെ ഭാര്യമാരിൽ 42 പേർക്ക് മത്സ്യഫെഡിന്റെ മുട്ടത്തറയിലെ നെറ്റ് ഫാക്ടറിയിൽ ജോലി നൽകി.
നഷ്ടം വിലയിരുത്താൻ നിയോഗിച്ച സംഘം അടിയന്തര സഹായമായി 416 കോടി രൂപ ശുപാർശ ചെയ്തിട്ടും 111 കോടി രൂപയാണ് കേന്ദ്രസർക്കാർ അനുവദിച്ചത്. ഈ തുകപോലും ചെലവഴിക്കാൻ കാലോചിതമല്ലാത്ത മാനദണ്ഡങ്ങൾ ഏർപ്പെടുത്തി. സംസ്ഥാന സർക്കാർ തയ്യാറാക്കി സമർപ്പിച്ച 7340 കോടി രൂപയുടെ സ്പെഷ്യൽ പാക്കേജ് കേന്ദ്രം കണ്ടതായി ഭാവിച്ചില്ല. എന്നാൽ, കേന്ദ്രവിഹിതം ലഭിക്കാഞ്ഞിട്ടും മത്സ്യമേഖലയുടെ സമഗ്രവികസനത്തിന് 2000 കോടി രൂപയുടെ പ്രത്യേക പാക്കേജ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു.









0 comments