കടൽമണൽ ഖനനം: തീറെഴുതുന്നത് കുത്തകകൾക്ക്, ലക്ഷ്യം കടൽക്കൊള്ള

അഞ്ജലി ഗംഗ
Published on Feb 01, 2025, 12:14 AM | 1 min read
ആലപ്പുഴ : കേന്ദ്ര സർക്കാർ കടൽമണൽ ഖനനം നടപ്പാക്കിയാൽ കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ (ഇൽമനൈറ്റ്, മോണോസൈറ്റ്, റൂടൈൽ, ഗാർനൈറ്റ്, സിർകോൺ, സില്ലിമനൈറ്റ്, മാഗ്‌നറ്റൈറ്റ് എന്നിവ) സ്വകാര്യ കുത്തകകൾക്കായി തരംമാറ്റപ്പെടും. പ്ലേസർ മിനറൽസായ ഇവ 1.8 കോടി ടൺ വരും. ഇതിന്റെ വ്യവസായമൂല്യം 120 ബില്യൺ ഡോളറാണെന്ന് ശൈലേഷ് നായിക് കമ്മിറ്റി വിലയിരുത്തിയിട്ടുണ്ട്.
ആഴക്കടലിനെ അഞ്ചുഭാഗമായി തിരിച്ച് വിവിധ പ്രദേശങ്ങളിൽ ഖനനം ചെയ്യാവുന്ന ലോഹധാതുക്കളെയും കമ്മിറ്റി വിലയിരുത്തിയിരുന്നു. കരിമണലിന് ഫോസ്‌ഫോറൈറ്റ്സും പോളിമെറ്റാലിക് സൾഫൈഡുകളും കൊബാൾട്ടും ക്രസ്‌റ്റും മാംഗനീസ് നൊഡ്യൂൾസും ഉൾപ്പെടും. വ്യവസായമൂല്യം 187 ബില്യൻ ഡോളർ.
കേരളതീരത്തും പുറംകടലിലുമായി കിടക്കുന്ന നിർമാണാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വെളുത്തമണലിന്റെ വിൽപ്പനയാണിപ്പോൾ നടക്കുന്നത്. 7.45 കോടി ടൺ വരുന്ന ഈ നിക്ഷേപം പൊന്നാനി, ചാവക്കാട്, ആലപ്പുഴ, കൊല്ലം വടക്ക്, കൊല്ലം തെക്ക് എന്നിങ്ങനെ അഞ്ച് സെക്‌ടറുകളിലാണ്. കൊല്ലം സെക്‌ടറിലെ മൂന്നു ബ്ലോക്കിലായി 242 ചതുരശ്ര കിലോമീറ്റർ പ്രദേശത്താണ് വിൽപ്പന. 30.2 കോടി ടൺ ഇവിടുണ്ട്. ക്വയ്‌ലോൺ ബാങ്ക് (കൊല്ലംപരപ്പ്) പ്രദേശത്തുനിന്നാണ് ഖനനം. തീരത്തുനിന്ന് 32 മുതൽ 61 നോട്ടിക്കൽ മൈൽ പടിഞ്ഞാറ് വരെയും വർക്കല മുതൽ അമ്പലപ്പുഴ വരെയും തെക്കും വടക്കുമായി 85 കിലോമീറ്ററിലായി 3300 ചതുരശ്ര കിലോമീറ്ററിലാണ് കൊല്ലം പരപ്പ്. കേരളത്തിലെ 3800 ട്രോൾബോട്ടിൽ 1000 എണ്ണവും 500 ഫൈബർവള്ളവും 100 ഇൻ-ബോർഡ് വള്ളവും തൊഴിലെടുക്കുന്ന ഇവിടെ ഖനനം നടത്തിയാൽ മത്സ്യബന്ധനമേഖലയാകെ താറുമാറാകും. ഖനന പ്രദേശങ്ങളിൽ മീൻപിടിക്കുന്നതിന് വിലക്കുണ്ടാകുമെന്നതിനാൽ 15 ലക്ഷം മത്സ്യത്തൊഴിലാളികൾ പട്ടിണിയിലാകും.









0 comments